തിരുവല്ല: പോളയും പായലും കെട്ടിക്കിടന്ന് നീരൊഴുക്ക് നിലച്ചു കിടന്നിരുന്ന കാരയ്ക്കൽ - കൂരച്ചാൽ തോടിന് പുനർജ്ജനി. തോട്ടിലെ പോളയും പായലും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്ന പണികൾക്ക് തുടക്കമായി. കൂരച്ചാൽ ഭാഗത്ത് നിന്നുമാണ് പണികൾ തുടങ്ങിയിരിക്കുന്നത്. ഹിറ്റാച്ചി ഉപയോഗിച്ചാണ് പോളയും പായലും നീക്കം ചെയ്യുന്നത്. മൈനർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിലാണ് പണികൾ.അപ്പർ കുട്ടനാടൻ പാടശേഖരങ്ങളിലെ നെൽക്കൃഷിക്ക് ആവശ്യമായ വെള്ളം എത്തിക്കേണ്ട തോട് ഏറെക്കാലമായി പോളയും പായലും മൂടി നീരൊഴുക്ക് നിലച്ച സ്ഥിതിയായിരുന്നു. നീരൊഴുക്ക് നിലച്ച തോട്ടിൽ മലിനജലം കെട്ടിക്കിടന്ന് പ്രദേശവാസികൾക്ക് ദുരിതമായതും തോടിന്റെ ശോച്യാവസ്ഥയും ചൂണ്ടിക്കാട്ടി കേരളകൗമുദി കഴിഞ്ഞമാസം വാർത്ത നൽകിയിരുന്നു. കാലാവസ്ഥ ഗുണകരമായാൽ തോടിന്റെ ശുചീകരണ പ്രവർത്തനങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്ന് മൈനർ ഇറിഗേഷൻ അസി.എക്സിക്യുട്ടീവ് എൻജിനീയർ പറഞ്ഞു.