gavi

പേര് പോലെ സുന്ദരിയാണ് ഗവി. മനം കുളിർക്കുന്ന കാഴ്ചകളുടെ വിസ്മയ ലോകത്തേക്ക് ഗവി വീണ്ടും വിളിക്കുന്നു. കൊവിഡ് ലോക്ഡൗണിൽ അടച്ചിട്ടിരുന്ന ഗവി റോഡ് ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം തുറന്നു. ഇൗ മാസം ആദ്യമാണ് വിനോദസഞ്ചാരികളെ പ്രവേശിപ്പിച്ച് തുടങ്ങിയത്. ഇതിനകം എണ്ണൂറോളം ആളുകൾ ഗവി കണ്ട് മടങ്ങി. മഴ ശക്തമായി പെയ്യുന്ന ഗവിയിൽ കാട്ടരുവികൾ നിറഞ്ഞൊഴുകുന്നു. മലമുകളിൽ നിന്ന് പാൽനുര പോലെ പതിക്കുന്ന ചോലകൾ. ഏറ്റവും സുന്ദരമായ കാഴ്ചകളിലേക്കാണ് ഗവി മഞ്ഞ് വാതിൽ തുറന്നത്. അടുത്തു നിൽക്കുന്നവരെ പോലും മറച്ച് കളയുന്ന കോടമഞ്ഞും തണുപ്പുമുള്ള കാലാവസ്ഥ. വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം പ്രധാന ആകർഷണമാണ്. പരമാവധി സംഭരണശേഷിയിലേക്ക് വെള്ളം നിറഞ്ഞുകൊണ്ടിരിക്കുന്ന അഞ്ച് അണക്കെട്ടുകൾക്ക് മുകളിലൂടെ നിത്യഹരിത വനങ്ങൾ കണ്ടുള്ളതാണ് ഗവി യാത്ര. മൂഴിയാർ, ആനത്തോട്, കക്കി, കൊച്ചുപമ്പ, ഗവി എന്നിവയാണ് ഡാമുകൾ.

കൊവിഡ് നിബന്ധനകൾ പാലിച്ച് മാത്രമേ ഗവിയിലേക്ക് ആളുകളെ കടത്തിവിടുകയുള്ളൂ. കുട്ടികൾക്കും 65 വയസിന് മുകളിലുള്ളവർക്കും പ്രവേശനമില്ല. ഒാൺലൈനിൽ രജിസ്റ്റർ ചെയ്തവർ പത്തനംതിട്ട ആങ്ങമൂഴിയിലെ കിളിയെറിഞ്ഞാൻകല്ല് ഫോറസ്റ്റ് ചെക് പോസ്റ്റിൽ നിന്ന് പാസ് എടുത്താണ് ഗവിയിലേക്ക് പോകേണ്ടത്. ഒരു ദിവസം മുപ്പത് വാഹനങ്ങൾക്കാണ് പ്രവേശനം. മുപ്പത് വാഹനങ്ങൾ തികഞ്ഞില്ലെങ്കിൽ ബുക്ക് ചെയ്യാതെ എത്തുന്നവരെയും നേരത്തെ കടത്തി വിട്ടിരുന്നു. ഇനി അതുണ്ടാവില്ല.

പത്തനംതിട്ട നഗരത്തിൽ നിന്ന് നൂറ് കിലോമീറ്ററോളമുണ്ട് ഗവിയിലേക്കുള്ള ദൂരം. അറുപത് കിലോമീറ്ററും ഉൾവനത്തിലൂടെയാണ് യാത്ര.

വനത്തിൽ അരണമുടി ഭാഗത്ത് കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടിരുന്നു. ഇവിടെ ബാരിക്കേഡ് കെട്ടി വാഹനങ്ങളെ നിയന്ത്രിക്കുന്നുണ്ട്. ഇടുക്കി വള്ളക്കടവ് വഴിയും ഗവിയിലേക്ക് സഞ്ചാരികള കടത്തിവിടും.

പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഗവി ടൂറിസം പുനരാരംഭിച്ചതെന്നും മറ്റ് പരിസ്ഥിതി സൗഹൃദ ‌ടൂറിസം കേന്ദ്രങ്ങളിലുള്ളതുപോലെ നിയന്ത്രണങ്ങളുണ്ടാകുമെന്നും റാന്നി ഡി.എഫ്.ഒ പി.കെ ജയകുമാർ ശർമ പറഞ്ഞു.

കെ.എസ്. ആർ.ടി.സി സർവീസ് ഉടനെയില്ല

പത്തനംതിട്ടയിൽ നിന്ന് ഗവിയിലേക്കുള്ള കെ.എസ്.ആർ.ടി.സി ഒാർഡിനറി ബസ് സർവീസ് പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. ലോക്ഡൗണും റോഡിലെ മണ്ണിടിച്ചിലും കാരണം നിർത്തിവച്ചിരിക്കുകയാണ്. ഒാർഡിനറി സിനിമയ്ക്ക് ശേഷമാണ് ഗവി സർവീസ് ജനകീയമായത്. ശനി, ഞായർ ദിവസങ്ങളിൽ ഗവി ബസിൽ വിനോദയാത്രക്കാരുടെ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. രാവിലെ 6.30നും ഉച്ചയ്ക്ക് 1.30നുമാണ് പത്തനംതിട്ടയിൽ നിന്നുള്ള സർവീസ്. അവധി ദിവസങ്ങളിൽ റെക്കാഡ് കളക്ഷനുമായാണ് ബസ് സർവീസ് അവസാനിപ്പിച്ചിരുന്നത്. ബസ് നിറുത്തിയതു കാരണം ഗവി നിവാസികൾ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. ജില്ലാ ആസ്ഥാനത്തേക്ക് ഒാട്ടോറിക്ഷയിലും ജീപ്പിലുമാണ് ആളുകൾ എത്തിക്കൊണ്ടിരിക്കുന്നത്.


കൊവിഡ് ഗവിക്ക് പുറത്ത്

കൊവിഡിനെ പടിക്ക് പുറത്താക്കിയിരിക്കുകയാണ് ഗവി. ഇപ്പോൾ ഒരു രോഗിയുമില്ല. ഒരിക്കൽ എത്തി നോക്കിയ കൊവിഡിനെ ഗവി തുരത്തി. എഴുന്നൂറോളം പേരെ മഹാവ്യാധിക്ക് വിട്ടുകൊടുക്കാതെ മഞ്ഞിൽ പുതച്ചിരിക്കുകയാണ് ഗവി. ഹരിതവനത്തിന്റെ കുളിർകാറ്റും ശുദ്ധവായുവുമാണ് ഗവി നിവാസികളുടെ പ്രതിരോധ മരുന്ന്.

ഒരു മാസം മുൻപാണ് ഗവിയിലെ ഒരു 19കാരന് കൊവിഡ് പിടിപെട്ടത്. എന്നിട്ടും രോഗവ്യാപനമുണ്ടാക്കാതെ പ്രദേശവാസികളെ സംരക്ഷിച്ചത് പ്രകൃതിയുടെ പ്രതിരോധമായിരിക്കണം. രോഗം ബാധിച്ച യുവാവിന് ഇടുക്കിയിലെ ഗവ.ആശുപത്രിയിൽ ചികിത്സ നൽകി. സമ്പർക്ക പട്ടികയിൽ പെട്ട 17 പേരെ ആങ്ങമൂഴിയിലെ നിരീക്ഷണ കേന്ദ്രത്തിലാക്കി. പരിശോധന ഫലം നെഗറ്റീവായപ്പോൾ അവർ വീടുകളിലേക്ക് മടങ്ങി. ഗവി ടൂറിസം പുനരാരംഭിച്ചത് ഗവി നിവാസികൾക്ക് പ്രതീക്ഷ നൽകിയിട്ടുണ്ട്. വിനോദ സഞ്ചാരികൾക്ക് വനവിഭവങ്ങൾ വിറ്റ് വരുമാനം കണ്ടെത്തുന്നവരുണ്ട്. തോട്ടം തൊഴിലാളികളാണ് ഗവി നിവാസികളിലേറെയും.

ചികിത്സാ സൗകര്യമില്ല

പനി വന്നാൽ പോലും പ്രാഥമിക ചികിത്സയ്ക്ക് ഗവിയിൽ സൗകര്യമില്ല. ആർക്കെങ്കിലും കൊവിഡ് ലക്ഷണങ്ങൾ കണ്ടാൽ ഒാട്ടോറിക്ഷകളോ കെ.എഫ്.ഡി.സിയുടെ ജീപ്പോ പിടിച്ച് വണ്ടിപ്പെരിയാറിൽ എത്തി ചികിത്സ തേ‌ടേണ്ടിവരും. പത്തനംതിട്ട റൂട്ടിൽ റോഡിലെ മണ്ണിടിച്ചിൽ കാരണം ഗതാഗത സൗകര്യമില്ല. 19 കാരന് കൊവിഡ് ബാധിച്ചത് ബന്ധുവിനൊപ്പം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയപ്പോഴാണ്. പനി ലക്ഷണങ്ങളുമായി വീട്ടിൽ കിടന്ന ഇയാളെ വണ്ടിപ്പെരിയാർ കടന്ന് ഇടുക്കിയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഗവി ഗവ. ഡിസ്പെൻസറിയിൽ മാസത്തിൽ രണ്ടു ദിവസം ജോലിക്കെത്തുന്ന ഒരു ഡോക്റാണുള്ളത്. സ്റ്റാഫ് നഴ്സുമില്ല. ഗവിയിൽ സ്ഥിരമായി ഡോക്ടറെയും നഴ്സിനെയും നിയമിക്കണമെന്ന ആവശ്യം ഇനിയും നടപ്പായില്ല. ലയങ്ങളിൽ ഒരുമിച്ച് താമസിക്കുന്ന തൊഴിലാളികളാണ് ഇവിടെ ഏറെയുമുള്ളത്. കൊവിഡോ പകർച്ചവ്യാധികളോ പിടിപെട്ടാൽ സ്ഥിതി ഗുരുതരമാകും.