slavery
അടിമവ്യാപാര നിരോധനവിളംബര വാർഷികാഘോഷത്തിന്റെ ഭാഗമായി പി.ആർ.ഡി.എസ്ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ സഭാ പ്രസിഡന്റ് വൈ. സദാശിവൻ കൊടിയേറ്റുന്നു

തിരുവല്ല: അടിമക്കച്ചവടം നിയമം മൂലം നിരോധിച്ചുകൊണ്ട് ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് കൊല്ലവർഷം 1030ൽ പുറപ്പെടുവിച്ച അടിമവ്യാപാര നിരോധനവിളംബരത്തിന്റെ 166-ാം വാർഷികം ആദിയർജനതയുടെ സ്വാതന്ത്യദിനമായി പ്രത്യക്ഷരക്ഷാ ദൈവസഭ (പി.ആർ.ഡി.എസ്.) ആഘോഷിച്ചു. കൊവിഡ് നിർദ്ദേശങ്ങൾ പാലിച്ചു സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാരഗുരുദേവ മണ്ഡപത്തിലെ പ്രത്യേക പ്രാർത്ഥനയ്ക്ക് ശേഷം സഭാ പ്രസിഡന്റ് വൈ.സദാശിവൻ കൊടിയേറ്റ് നിർവഹിച്ചു.തുടർന്ന് ശ്രീകുമാർ നഗറിലെ അടിമസ്മാരകസ്തംഭത്തിൽ പുഷ്പാർച്ചനയും പ്രത്യേക പ്രാർത്ഥനയും നടത്തി. കേരളത്തിനകത്തും പുറത്തുമുള്ള ശാഖകളിൽ ഉപദേഷ്ടാക്കളുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനയും കൊടിയേറ്റും നടത്തി. സഭാംഗങ്ങൾ അവരവരുടെ ഭവനങ്ങളിലെ പ്രാർത്ഥനാ മുറിയിൽ ദീപം തെളിയിച്ച് പ്രാർത്ഥിച്ച് അടിമ വിമോചന വാർഷികദിനം ആചരിച്ചു.സഭാ വൈസ് പ്രസിഡന്റ് എം.പൊന്നമ്മ, ജനറൽ സെക്രട്ടറി ചന്ദ്രബാബു കൈനകരി,ഗുരുകുല ഉപശ്രേഷ്ഠൻ എം.ഭാസ്‌ക്കരൻ,ട്രഷറർ കെ.മോഹനൻ, ജോ.സെക്രട്ടറി കെ.ടി.വിജയൻ,ഗുരുകുല ഉപദേഷ്ടാവ് കെ.എസ്.വിജയകുമാർ, മീഡിയാ കൺവീനർ വി.കെ ചെല്ലകുമാർ എന്നിവർ പങ്കെടുത്തു.