
തിരുവല്ല: മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ ഗാംഭീര്യ മുഖമായിരുന്നു കാലം ചെയ്ത ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത. പാരമ്പര്യത്തിലെ ധന്യത, നിലപാടുകളിലെ കാർക്കശ്യം, ഊഷ്മളമായ സാമൂഹ്യ ബന്ധം, ആർദ്ര മനസ് എന്നിവയാൽ ധന്യമായിരുന്നു മെത്രാപ്പൊലീത്തയുടെ ശുശ്രൂഷ ജീവിതം. 63വർഷം അദ്ദേഹം സഭയെ ശുശ്രൂഷിച്ചു. മലങ്കര സഭയുടെ പിതാവായി തലയെടുപ്പോടെ നിന്ന ജോസഫ് മാർത്തോമ്മയുടെ വിയോഗത്തിലൂടെ സഭാ ചരിത്രത്തിലെ ഒരു യുഗം അവസാനിക്കുകയാണ്.
1957 ഒക്ടോബർ 18ന് 26ാം വയസിൽ വൈദിക ശുശ്രൂഷയിൽ പ്രവേശിച്ച അദ്ദേഹം 63വർഷം പിന്നിട്ട് അതേ തീയതിയിൽ കാലം ചെയ്തത് ദൈവ നിശ്ചയം പോലെയായി.
സൂക്ഷ്മമായ ദീർഘവീക്ഷണവും അനിവാര്യമായ പ്രായോഗികതയും ഊഷ്മളമായ സൗഹൃദവും മെത്രാപ്പൊലീത്തയെ എന്നും വ്യത്യസ്തനാക്കിയിരുന്നു. ഇതര മത നേതാക്കളുമായും സഭകളുമായും ഊഷ്മള ബന്ധം കാത്തു സൂക്ഷിച്ചു. അതുകൊണ്ട് തർക്കവേദികളിൽ അദ്ദേഹം മദ്ധ്യസ്ഥനായി. മലങ്കര സഭയിലെ നവീകരണത്തിന്റെ പിതാവായ അബ്രഹാം മൽപ്പാന്റെയും നാല് മെത്രാ പ്പൊലീത്തമാരുടെയും ജന്മഗൃഹമായ മാരാമൺ പാലക്കുന്നത്തു കുടുംബത്തിൽ 1931 ജൂൺ 27നാണ് ജനനം. ലൂക്കോച്ചനും മറിയാമ്മയുമായിരുന്നു മാതാപിതാക്കൾ. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ ഹൈസ്കൂൾ വിദ്യാഭ്യാസം നേടി. സി. കേശവന്റെ ചരിത്രപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം ദേശീയ പ്രസ്ഥാനത്തിലേക്ക് ആകർഷിച്ചു. ആലുവ യു.സി കോളേജിൽ ബിരുദപഠനവും ബംഗളൂരു യു.ടി കോളേജിൽ നിന്ന് ബി.ഡിയും പൂർത്തിയാക്കി.1957ജൂൺ 29നു ശെമ്മാശനായും ഒക്ടോബർ 18നു കശീശയായും നിയോഗിതനായി. റാന്നി, കോഴിക്കോട്, കുണ്ടറ, ചെന്നൈ, തിരുവനന്തപുരം ഇടവകകളിൽ വികാരിയായി. അമേരിക്കയിലെ വേർജീനിയ സെമിനാരിയിലും ഓക്സ് ഫോർഡ് വിക്ലിഫ്, ക്യാന്റർബെറി സെന്റ് അഗസ്റ്റിൻ കോളേജുകളിലും ഉപരിപഠനം നടത്തി. 1975 ജനുവരി 11ന് റമ്പാനായും ഫെബ്രുവരി 8ന് ജോസഫ് മാർ ഐറെനീയോസ് എന്ന പേരിൽ എപ്പിസ്കോപ്പയായും ഉയർത്തപ്പെട്ടു. 1999 മാർച്ച് 15ന് സഫ്രഗൻ മെത്രാപ്പൊലീത്തയായി. 2007 ഒക്ടോബർ 2ന് മാർത്തോമ്മ മെത്രാപ്പൊലീത്തയായി. സഭകളുടെ ദേശീയ ഐക്യ വേദിയായ നാഷണൽ കൗൺസിൽ ഒഫ് ചർച്ചസിന്റെ അദ്ധ്യക്ഷനായും ഭാരത ക്രൈസ്തവ സഭകളുടെ സാമൂഹിക വികസന സമിതിയായ 'കാസ'യുടെ അദ്ധ്യക്ഷനായും നേതൃത്വം നൽകി. മഹാരാഷ്ട്രയിലെ ലത്തൂർ, ഗുജറാത്ത്, ആന്ധ്രാ, ഒറീസ, പശ്ചിമബംഗാൾ എന്നിവടങ്ങളിലെ ഭൂകമ്പം, പ്രളയ ദുരിതാശ്വാസ- പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കു ചേർന്നു. സുനാമി പുനരധിവാസ പ്രവർത്തങ്ങൾക്കും നേതൃത്വം നൽകി.
യു.എൻ ജനറൽ സെക്രട്ടറി യു.എൻ. അസംബ്ളി ഹാളിൽ വിളിച്ചു കൂട്ടിയ ലോക മത നേതാക്കളുടെ സമ്മേളനത്തിൽ പങ്കെടുത്തു പ്രസംഗിച്ചു.
പമ്പാ നദിക്കരയിൽ വർഷം തോറും നടന്നു വരുന്ന മാരാമൺ കൺവെൻഷന്റെ വളർച്ചയിൽ മെത്രാപ്പൊലീത്തയുടെ ശക്തമായ നേതൃത്വം ഉണ്ടായിരുന്നു. ഇക്കൊല്ലം ജൂണിൽ നടന്ന മെത്രാപ്പൊലീത്തയുടെ നവതി ആഘോഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്.
അനുസ്മരിച്ച് ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും
മാർത്തോമാ സഭയുടെ പരമാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്തയുടെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും. അഭിവന്ദ്യനായ മാർത്തോമാ മെത്രാപ്പൊലീത്തയുടെ നിര്യാണത്തിൽ അതീവ ദുഃഖമുണ്ടെന്നെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു അനുസ്മരിച്ചു. നിസ്വാർത്ഥ സേവനത്തിന്റെയും ദയയുടെയും അനുകമ്പയുടെയും മൂർത്തീഭാവമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുതായും ഉപരാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.
അവിസ്മരണീയ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്തയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. പാവപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ജീവിതങ്ങൾ മെച്ചപ്പെടുത്താനായി കഠിന പ്രയത്നം ചെയ്ത വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ 90-ാം ജന്മവാർഷികാഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നതായും പ്രധാനമന്ത്രി അനുസ്മരിച്ചു.
അശരണരുടെ തിരുമേനിക്ക് യാത്രാമൊഴി
തിരുവല്ല: അശരണരുടെ ആശ്രയമായ മാർത്തോമ്മ സഭയുടെ പരമാദ്ധ്യക്ഷൻ കാലം ചെയ്ത ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്തയ്ക്ക് നിറകണ്ണുകളോടെ യാത്രാമൊഴി. സഭാ ആസ്ഥാനത്ത് സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി കെ. രാജു പുഷ്പചക്രം അർപ്പിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ഓൺലൈനായി അനുശോചനം അറിയിച്ചു.
വിവിധ മതമേലദ്ധ്യക്ഷന്മാരായ ജോഷ്യ മാർ ഇഗ്നാത്തിയോസ്, തോമസ് മാർ കൂറിലോസ്, കുറിയാക്കോസ് മാർ സേവേറിയോസ്, ജോസഫ് മാർ തിമോത്തിയോസ്, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പി.ജെ. കുര്യൻ, എം.പി മാരായ ആന്റോ ആന്റണി, ഷാനിമോൾ ഉസ്മാൻ, രാജ്മോഹൻ ഉണ്ണിത്താൻ, എം.എൽ.എ മാരായ കെ.യു. ജെനീഷ് കുമാർ, രാജു എബ്രഹാം, വീണാജോർജ്ജ്, ഷിബു ബേബിജോൺ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ശബരീനാഥ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
കേരളകൗമുദിക്ക് വേണ്ടി പത്തനംതിട്ട യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ, തിരുവല്ല ലേഖകൻ അജിത്ത് കാമ്പിശേരി എന്നിവർ അന്തിമോപചാരം അർപ്പിച്ചു.
മാർത്തോമ്മാ സഭയുടെ എല്ലാ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
മെത്രാപ്പൊലീത്തയുടെ നിര്യാണം അതീവ ദുഃഖകരമാണ്. മനുഷ്യനന്മയ്ക്കായി, പ്രത്യേകിച്ച് പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിനായി അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും
മുഖ്യമന്ത്രി പിണറായി വിജയൻ
സാമൂഹിക തിന്മകൾക്കെതിരെ നിർഭയം പോരാടിയ ശ്രേഷ്ഠ ജീവിതത്തിന് ഉടമയായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. മുംബെയ് ചുവന്ന തെരുവിലെ കുഞ്ഞുങ്ങളെ പുനരധിവസിപ്പിക്കാനും ട്രാൻസ്ജെൻഡേഴ്സിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അദ്ദേഹം നടത്തിയ ഇടപെടലുകൾ ഇതിനുദാഹരണമാണ്.
വി.മുരളീധരൻ
കേരളത്തിന്റെ സാമൂഹ്യദർശനങ്ങളെ പരുവപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച സന്യാസ ശ്രേഷ്ഠനാണ് കാലം ചെയ്ത ഡോ.ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അനുസ്മരിച്ചു.
ഭാരതീയ ജനതാപാർട്ടിയുമായി അടുത്തബന്ധം പുലർത്തിയ അദ്ദേഹം രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാൻ ഡൽഹിയിലെത്തിയിരുന്നു. അദ്ദേഹത്തിന്റെ നവതി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നുവെന്നും
വി.മുരളീധരൻ അനുസ്മരിച്ചു.
മിസോറാം ഗവർണർ
പി.എസ്.ശ്രീധരൻ പിള്ള
ക്രിയാശക്തിയും ജ്ഞാനശക്തിയും ഇച്ഛാശക്തിയും സംഗമിച്ച കർമ്മയോഗിയെയാണ് മാർത്തോമ സഭ അദ്ധ്യക്ഷൻ ഡോ.ജോസഫ് മെത്രാപ്പൊലീത്തയുടെ വേർപാടോടെ നഷ്ടമായതെന്ന് മിസോറാം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇന്ത്യൻ ജനതയ്ക്ക് സ്വാതന്ത്ര്യം നിഷേധിച്ച അടിയന്തരാവസ്ഥയ്ക്കെതിരെ ശബ്ദമുയർത്തിയ മത നേതാക്കളിൽ പ്രഥമഗണനീയനായ അദ്ദേഹം തളർച്ചയറിയാത്ത പോരാളിയായിരുന്നു.
ഉമ്മൻചാണ്ടി
സമുദായത്തിനും സമൂഹത്തിനും നന്മ ചെയ്യാൻ ജീവിതം ഉഴിഞ്ഞുവച്ച മനുഷ്യ സ്നേഹിയായിരുന്നു ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്തയെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
രമേശ് ചെന്നിത്തല
ആവോളം സ്നേഹം പകർന്നുതന്ന വ്യക്തിത്വമായിരുന്നു ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്തയുടേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കെ.സുരേന്ദ്രൻ 
പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച മഹാനായിരുന്നു അദ്ദേഹം. ആത്മീയതയും സാമൂഹികപ്രതിബദ്ധതയും ഒരേപോലെ നിറവേറ്റിയിരുന്ന തിരുമേനിയുടെ വിയോഗം കേരളത്തിന് തീരാനഷ്ടമാണ്. സുനാമിയും പ്രളയവും ഉണ്ടായപ്പോൾ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ അദ്ദേഹം മുന്നിട്ടിറങ്ങിയിരുന്നുവെന്നും സുരേന്ദ്രൻ അനുസ്മരിച്ചു.
ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
മാർത്തോമാസഭാ തലവൻ ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്ത മാനുഷികമൂല്യങ്ങൾ മുറുകെപ്പിടിച്ച വലിയ ഇടയൻ ആയിരുന്നുവെന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു.  13 വർഷം മാർത്തോമാസഭയെ നയിച്ച അദ്ദേഹം നിലപാടുകളിൽ ഒരിക്കലും വെള്ളം ചേർക്കാത്ത വ്യക്തിത്വത്തിനുടമയായിരുന്നുവെന്നും ആർച്ച് ബിഷപ്പ് അനുസ്മരിച്ചു.