joseph

പത്തനംതിട്ട: അതിരുകൾ കടന്ന പോരാട്ട ജീവിതമായിരുന്നു ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയുടേത്. കേരളത്തിന് പുറത്ത് പള്ളികൾ സ്ഥാപിക്കുന്നതിനായി ദില്ലി, ബോംബെ, മദ്രാസ് എന്നിവിടങ്ങളിൽ സ്വത്ത് സമ്പാദിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ദില്ലി, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിൽ പള്ളികൾ സ്ഥാപിക്കാൻ സർക്കാരിൽ നിന്ന് ഭൂമി വാങ്ങാൻ നേതൃത്വം നൽകി. മതത്തിന്റെ അടിസ്ഥാനത്തിൽ ദളിത് ക്രിസ്ത്യാനികൾക്ക് നീതി നിഷേധിച്ചതിനെതിരെ തിരുവനന്തപുരത്തും ദില്ലിയിലും നടത്തിയ സംയുക്ത പ്രതിഷേധ മാർച്ചുകൾക്ക് നേതൃത്വം നൽകിയതും ജോസഫ് മാർത്തോമ്മ യായിരുന്നു. തിരുവിതാംകൂർ വികസന മിഷനറി പ്രവർത്തനം, ഹോസ്ക്കോട്ട – അങ്കോല മിഷനറി പ്രവർത്തനം, ലാത്തൂർ, ഒഡീഷ, ഗുജറാത്ത്, ബംഗാൾ, ആന്ധ്ര ഭൂകമ്പ – പ്രളയ ദുരിതാശ്വാസ പ്രവർത്തനം, സൂനാമി ദുരിതാശ്വാസ പ്രവർത്തനം, നാഗാലാൻഡ്, മണിപ്പുർ, കിഴക്കൻ തിമോർ, കംബോഡിയ, ശ്രീലങ്ക തുടങ്ങിയ സമാധാന ചർച്ചകളിലെ നേതൃത്വം, യു.എൻ ലോക മതസമ്മേളനത്തിലെ അതിഥി തുടങ്ങി ലോക ശ്രദ്ധനേടി. കോഴഞ്ചേരി, മാരാമൺ, ആലുവ യുസി കോളജ്, ബെംഗളൂരു യുടി കോളജ്, വിർജീനിയ സെമിനാരി വൈക്ലിഫ് ഓക്സ്ഫോഡ്, സെന്റ് അഗസ്റ്റിൻ കാന്റർബറി എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം വിർജീനിയ സെമിനാരി, സെറാംപുർ സർവകലാശാല, അലഹാബാദ് കാർഷിക സർവകലാശാല എന്നിവിടങ്ങളിൽനിന്നു ഡോക്ടറേറ്റ് നേടി. മാരാമൺ മാർത്തോമ്മാ ഇടവകയിൽ അംഗമായ ഡോ. ജോസഫ് മാർത്തോമ്മാ 1957 ജൂൺ 29 നാണ് ശെമ്മാശനായത്. 1957 ഒക്ടോബർ 18ന് കശീശയും 1975 ജനുവരി 11 നു റമ്പാനുമായി. 1975 ഫെബ്രുവരി എട്ടിന് ഈശോമാർ തിമോത്തിയോസിനൊപ്പം എപ്പിസ്കോപ്പയായി. 1999 മാർച്ച് 15 നു സഫ്രഗനും 2007 ഒക്ടോബർ രണ്ടിനു മെത്രാപ്പൊലീത്തയുമായി. തിരുവനന്തപുരം ഹോസ്പിറ്റൽ ആൻഡ് ഗൈഡൻസ് സെന്റർ, തിരുവനന്തപുരം മാർത്തോമ്മാ റസിഡൻഷ്യൽ സ്കൂൾ, ആയൂർ മാർത്തോമ്മാ കോളജ് ഒഫ് ടെക്നോളജി, ജൂബിലി മന്ദിരം കൊട്ടാരക്കര, അഞ്ചൽ ഐ.ടി.സി തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾക്കു അദ്ദേഹം തുടക്കം കുറിച്ചു. മാരാമൺ കൺവെൻഷൻ ശതോത്തര രജത ജൂബിലി ചരിത്രസംഭവമാക്കിയതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. സ്ത്രീകൾക്ക് പ്രത്യേക പരിഗണന നൽകി അവരുടെ കഴിവുകൾ കൂട്ടിയിണക്കി വനിതാ സംഗമവും നടത്തി. സഭയിലെ സ്ത്രീ ശാക്തികരണത്തിന് പുത്തനുണർവ് നൽകിയതും അദ്ദേഹമായിരുന്നു. ചരിത്രലാദ്യമായി മാരാമൺ കൺവെൻഷനിൽ ട്രാൻസ്ജെൻഡർക്ക് സംവദിക്കാൻ അവസരം നൽകിയതും ജോസഫ് മാർത്തോമ്മയുടെ കാലത്താണ്.