j-and-c
ജോസഫ് മാർത്തോമയും ക്രി​സ്സോറ്റം വലി​യ മെത്രാപ്പോലീത്തയും

പത്തനംതിട്ട : ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമൺ കൺവെൻഷനിൽ ചരിത്രത്തിലാദ്യമായി ട്രാൻസ് ജെൻഡറുകൾക്ക് വേദി നൽകിയത് ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയായിരുന്നു. 2018 ഫെബ്രുവരിയിൽ കൺവെൻഷൻ ശതോത്തര ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കുമ്പോഴായിരുന്നു അത്. ഡൽഹി ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയുടെ മലയാളി നേതാവ് സെലിൻ തോമസും ശ്രീക്കുട്ടിയുമാണ് അന്ന് ട്രാൻസ്ജെൻഡർ പ്രതിനിധികളായി കൺവെൻഷനിലെത്തിയത്. വിമർശനങ്ങളെ ഭയക്കാതെ ഒരു പുരോഹിതൻ ധൈര്യത്തോടെ ട്രാൻജെൻഡറുകളെ ചേർത്ത് നിറുത്തിയെങ്കിൽ അദ്ദേഹത്തിന്റെ ആത്മബലം എത്രത്തോളമായിരുക്കുമെന്ന് ഊഹിച്ചു നോക്കാവെന്ന് ട്രാൻസ് ജെൻഡർ കമ്മ്യുണിറ്റിയിലെ ശ്രീക്കുട്ടി പറയുന്നു. നൂറ്റാണ്ടുകൾക്ക് ശേഷമുള്ള തിരുത്തൽ കൂടി ആയിരുന്നു അത്. അന്ന് അതിന് മുൻകയ്യെടുത്തത് ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്തയിലെ മനുഷ്യ സ്നേഹിയും വൈവിദ്ധ്യങ്ങളെ സ്വീകരിക്കാനുള്ള അദ്ദേഹത്തിന്റെ മനസുമായിരുന്നു.

സ്വന്തം ധാർമ്മികതയിലും നിലപാടുകളിലും ഉറച്ച് നിന്നുകൊണ്ട് വിശ്വാസമൂല്യങ്ങൾ ചോർന്ന് പോകാതെ ശക്തമായ തീരുമാനങ്ങൾ എടുത്തയാളാണ് അദ്ദേഹം. സംസ്ഥാനത്തെ എല്ലാ ജില്ലയിലും മാർത്തോമ്മ സഭയുടെ നേതൃത്വത്തിൽ ട്രാൻസ്ജെൻഡറുകൾക്കായി സ്വയം തൊഴിൽ പരിശീലനം നൽകി. ജോലി ചെയ്ത് ജീവിക്കാനുള്ള ട്രാൻസ്ജൻഡറുകളുടെ ആഗ്രഹത്തിൽ ഊന്നൽ നൽകിയായിരുന്നു പരിശീലനം. സെമിനാറുകൾ, ബോധവൽക്കരണം എന്നിവയും നടത്തി. ചെങ്ങന്നൂരിൽ സഭയുടെ നേതൃത്വത്തിൽ ട്രാൻസ്ജെൻഡറുകൾക്കായി ഒരു വീട് നിർമ്മിക്കണമെന്ന ആഗ്രഹവും അദ്ദേഹം പങ്കുവച്ചിരുന്നുവെന്നും ശ്രീക്കുട്ടി ഓർക്കുന്നു. ഞങ്ങളുടെ ട്രാൻസ് ജെൻഡർ സമൂഹത്തിനായുള്ള നിരവധി പ്രവർത്തനങ്ങൾ ബാക്കി വച്ചാണ് തിരുമേനി വിടവാങ്ങിയത്. ക്രിസ്തുവിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച തിരുമേനിയെ അവസാനമായി കാണാനും ശ്രീക്കുട്ടിയും സെലിനും എത്തിയിരുന്നു.