
തിരുവല്ല : മാർത്തോമ്മാസഭയുടെ പരമാദ്ധ്യക്ഷനും ആഗോള സഭാഐക്യ പ്രസ്ഥാനങ്ങളിലെ ഭാരതത്തിന്റെ ശബ്ദവുമായിരുന്ന ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത (89) കാലം ചെയ്തു. ശനിയാഴ്ച പുലർച്ച 2.38ന് ആയിരുന്നു അന്ത്യം. കാൻസർ ബാധിച്ച് തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.13 വർഷമായി മാർത്തോമ്മ സഭയുടെ പരമാദ്ധ്യക്ഷനാണ്. കബറടക്കം ഇന്ന് വൈകിട്ട് മൂന്നിന് തിരുവല്ല എസ്.സി കുന്നിലെ സെന്റ് തോമസ് പള്ളി അങ്കണത്തിൽ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പൊലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.
മാർത്തോമ സുറിയാനി സഭയിൽ നവീകരണത്തിന് തുടക്കമിട്ട മാരാമൺ പാലക്കുന്നത്ത് കുടുംബാംഗമാണ്. പാലക്കുന്നത്ത് കടോൺ തോമാച്ചന്റെയും പുത്തൂർ മറിയാമ്മയുടെയും മകനായി 1931ജൂൺ 27നാണ് ജനനം. കോഴഞ്ചേരി സെന്റ് തോമസ് ഹൈസ്കൂളിലെയും ആലുവ യു.സി കോളേജിലെയും വിദ്യാഭ്യാസത്തിന് ശേഷം ജോസഫ് സഭാശുശ്രൂഷയ്ക്കായി ജീവിതം സമർപ്പിക്കുകയായിരുന്നു. 1975ൽ മാർത്തോമ സഭ എപ്പിസ്കോപ്പയായും 1999ൽ സഫ്രഗൻ മെത്രാപ്പൊലീത്തയായും തിരഞ്ഞെടുക്കപ്പെട്ടു. മാരാമൺ കൺവെൻഷന്റെ മുഖ്യസംഘാടകനായിരുന്നു.ഇന്ത്യയിലെയും ഏഷ്യയിലെയും സഭകളുടെ ഐക്യത്തിനായി പ്രവർത്തിച്ചു. നാഷണൽ കൗൺസിൽ ഒഫ് ചർച്ചസിന്റെ അദ്ധ്യക്ഷനായിരുന്നു.
വിവിധ സംസ്ഥാനങ്ങളിലെ ദുരന്ത മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. തോമസ് പി. ലൂക്കോസ്, മറിയാമ്മ, സരോരാജൻ എന്നിവരാണ് സഹോദരങ്ങൾ.
സഭാ ആസ്ഥാനത്തെ അലക്സാണ്ടർ മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വച്ച ഭൗതിക ശരീരത്തിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുവരെ പൊതുദർശനത്തിന് സൗകര്യമുണ്ട്.