 
കോഴഞ്ചേരി : കാലംചെയ്ത ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത ലോക ക്രൈസ്തവ സഭയ്ക്കു മാത്രമല്ല മാനവ സമൂഹത്തിനാകെ വെളിച്ചം പകർന്ന ഇടയശ്രേഷ്ഠനായിരുന്നെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത. ബിലീവേഴ്സ് സഭയുടെ പ്രാരംഭ കാലം മുതൽ സഹോദരതുല്യം സ്നേഹിക്കുകയും കരുതുകയും ചെയ്ത ജേഷ്ടപിതാവായിരുന്നു അദ്ദേഹം.
ക്രൈസ്തവ സഭകളുടെ ഐക്യത്തിനപ്പുറം മാനവരാശിയുടെ മുഴുവൻ ഒരുമയ്ക്കും വേണ്ടിയാണ് അദ്ദേഹം സമയത്തിന്റെ വലിയൊരു ഭാഗം നീക്കിവച്ചത്. എക്യുമിനിസത്തിന്റെ പ്രധാന പ്രവാചകരിൽ ഒരാളായിരുന്നു ജോസഫ് മാർത്തോമ്മാ.
സ്വർഗീയ സമാധാനത്തിലേയ്ക്ക് വിളിച്ചു ചേർക്കപ്പെട്ട മാർത്തോമ്മാ സഭയുടെ പ്രധാനാചാര്യന്റെ വിയോഗത്തിൽ ബിലീവേഴ്സ് സഭയ്ക്കുള്ള ദു:ഖം രേഖപ്പെടുത്തുന്നു.16 രാജ്യങ്ങളിലുള്ള ബിലീവേഴ്സ് സഭയുടെ 12,000 ഇടവകകളുടെയും വിശ്വാസ സമൂഹത്തിന്റെയും അനുശോചനവും പ്രാർത്ഥനയും അർപ്പിക്കുന്നതായും അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്ത പറഞ്ഞു.
സമൂഹത്തിനാകെ തീരാനഷ്ടം
ആഗോളതലത്തിൽ ശ്രദ്ധേയനായ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തായുടെ വേർപാട് ക്രൈസ്തവ സഭകൾക്ക് മാത്രമല്ല സമൂഹത്തിനാകെ തീരാനഷ്ടമാണെന്നും സാമൂഹിക തിന്മകൾക്കെതിരായ പോരാട്ടങ്ങളിലും ജീവകാരുണ്യ മേഖലയിലും തിരുമേനി നൽകിയ നേതൃത്വം എക്കാലത്തും സ്മരിക്കപ്പെടുമെന്നും നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സഭയുടെ സൂര്യതേജസ്
തിരുവല്ല: മലങ്കര മാർത്തോമ്മാ സഭയുടെ സൂര്യതേജസായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയെന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. സൗമ്യവചസുകൾ കൊണ്ട് ആരുടേയും ഹൃദയത്തെ സ്നേഹാദ്രമാക്കുന്ന ആദർശനിഷ്ഠനായ തപോധനനെയാണ് നഷ്ടപ്പെട്ടത്. ദേശീയതലത്തിൽ അംഗീകാരവും ആദരവും ആർജിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ജനകീയപ്രശ്നങ്ങളുടെ പരിഹാരാർത്ഥം നിരന്തരം ചർച്ചയും കൂട്ടായ പരിശ്രമങ്ങളും നടത്തുന്നതിന് ഒരു മടിയും കാണിച്ചില്ല. പ്രായാധിക്യം കൊണ്ടുള്ള ക്ലേശങ്ങളെ വകവയ്ക്കാതെ സ്ഥിരോത്സാഹിയായി പലപ്പോഴും പൊതു പ്രശ്നങ്ങളിൽ ഇടപെടുമായിരുന്നു. അദ്ദേഹത്തിന്റെ ധർമനിഷ്ഠയും ഉറച്ചകാൽവയ്പ്പും മറ്റുള്ളവർക്ക് പ്രത്യാശയും പ്രതീക്ഷയും പകർന്നുവെന്നും കുമ്മനം പറഞ്ഞു.
മാനവീകതയുടെ മഹത്വം ഉയർത്തിയ പുരോഹിതൻ
പത്തനംതിട്ട : മാനവീകതയുടെ മഹത്വം ഉയർത്തിപ്പിടിച്ചുകൊണ്ട് മാർത്തോമസഭയെ നയിച്ച മഹാനായ ഇടയനാണ് കാലംചെയ്ത ജോസഫ് മെത്രാപ്പോലീത്തയെന്ന് മുൻ മന്ത്രി പന്തളം സുധാകരൻ പറഞ്ഞു. ശുശ്രൂഷയുടേയും സേവനത്തിന്റയും
പാതയിൽ ദീപ്ത സാന്നിദ്ധ്യവും മതസൗഹാർദ്ദത്തിന്റ വിളനിലവുമായിരുന്നു തിരുമേനി.
മതസൗഹാർദ്ദത്തിന്റെ പ്രവാചകൻ
പത്തനംതിട്ട: പാവങ്ങളോട് എന്നും അനുകമ്പകാട്ടിയിട്ടുള്ള ആത്മീയാചാര്യനായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട പറഞ്ഞു. നാട് പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം അതിനെ അതിജീവിക്കാൻ അദ്ദേഹം മുന്നിട്ടിറങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഊഷ്മളമായ സൗഹൃദമായിരുന്നു തിരുമേനിക്കുണ്ടായിരുന്നത്. മതസൗഹാർദ്ദത്തിനായി ആത്മാർത്ഥമായ ഇടപെടലുകൾ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സമർപ്പിക്കപ്പെട്ട ജീവിതം : എൻ.എം.രാജു
തിരുവല്ല: രോഗികൾക്കും സമൂഹത്തിൽ അവഗണിക്കപ്പെട്ടവർക്കുമായി സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നു ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്തയുടേതെന്ന് കേരള കേൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് എൻ.എം.രാജു പറഞ്ഞു. ദീർഘവർഷങ്ങളായുള്ള ബന്ധമാണ് തിരുമേനിയുമായുള്ളത്. ജീവിതത്തിൽ പ്രാർത്ഥനയ്ക്കും ഒപ്പം സാമൂഹിക തിന്മകൾക്ക് എതിരെ ശബ്ദം ഉയർത്തുന്നതിലും തിരുമേനി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പ്രളയകാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലുമെല്ലാം നടത്തിയ ഇടപെടലുകൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നുവെന്നും എൻ.എം.രാജു അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മതേതരത്വത്തിന്റെ വക്താവ്
തിരുവല്ല : മതേതരത്വത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും വക്താവും പ്രയോക്താവുമായിരുന്നു ഡോ. ജോസഫ് മാർത്തോമായെന്ന് മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു. കേരളത്തിലെ മുഴുവൻ ക്രൈസ്തവ സമൂഹത്തിന്റെയും മെത്രാപ്പോലീത്ത ആയി ഉയരുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. നിലപാടുകളിലെ ധൈര്യവും ഉറച്ച ശബ്ദവും തിരുമേനിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നു.
തിരുവിതാംകൂറിന്റെ ശബ്ദം
ഡോ.ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത ജാതി മത ചിന്തകൾക്ക് അതീതമായി നാടിന്റെ നന്മക്കും പുരോഗതിക്കും വേണ്ടി ഉയർന്ന തിരുവിതാംകൂറിന്റെ ശബ്ദമായിരുന്നുവെന്ന് ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം പറഞ്ഞു. എല്ലാവരെയും ഒന്നായി കാണുന്ന തിരുമേനിയുടെ വിയോഗം നാടിന് തീരാനഷ്ടമാണ്. നന്മയുടെ മുഖമായ തിരുമേനിയുടെ വേർപാട് നികത്തുവാൻ കഴിയാത്തതാണ്.
നികത്താനാകാത്ത നഷ്ടം
കോന്നി: സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും, രോഗികൾക്കുമെല്ലാം വേണ്ടി മാറ്റിവയ്ക്കപ്പെട്ട ജീവിതമായിരുന്നു ജോസഫ് മെത്രാപ്പൊലീത്തയുടേതെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. മാർത്തോമ്മാ സഭയുടെ അദ്ധ്യക്ഷനെന്ന നിലയിൽ സഭയെ സാമൂഹ്യ പ്രതിബദ്ധതയോടെയാണ് അദ്ദേഹം മുന്നോട്ടു നയിച്ചത്. സഭാ ഐക്യത്തിനു വേണ്ടി ആഗോളതലത്തിൽ തന്നെ നിലകൊണ്ട വ്യക്തിത്വവുമായിരുന്നു. മെത്രാപ്പൊലീത്തയുടെ വിയോഗത്തോടെ സഭയ്ക്കും വിശ്വാസ സമൂഹത്തിനും പൊതു സമൂഹത്തിനുമുണ്ടായ നഷ്ടം നികത്താനാകാത്തതാണ്.
ആകമാന ക്രിസ്ത്യൻ സഭകളുടെ മാർഗദർശി
ആറന്മുള: ആത്മീയമായി ഉന്നതസ്ഥാനീയനായിരുന്നപ്പോഴും രാജ്യത്തിന്റെയും പൊതു സമൂഹത്തിന്റെയും കാര്യങ്ങളിൽ നിർഭയത്തോടെയും നിശ്ചയദാർഢ്യത്തോടെ തീരുമാനങ്ങൾ എടുത്ത വ്യക്തിയായിരുന്നു കാലം ചെയ്ത ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലിത്തയെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറിയും പള്ളിയോട സേവാ സംഘം മുൻ പ്രസിഡന്റുമായ അഡ്വ. കെ.ശിവദാസൻ നായർ അനുസ്മരിച്ചു. വള്ളം കളിയെയും വഞ്ചിപ്പാട്ടിനെയും ഹൃദയത്തോട് ചേർത്തു പിടിച്ച പച്ചയായ ആറന്മുളക്കാരനായിരുന്നു അദ്ദേഹം. ഉന്നത പാരമ്പര്യമുള്ള മാർത്തോമ്മാ സഭയ്ക്ക് മാത്രമല്ല ആകമാന ക്രിസ്ത്യൻ സഭകൾക്ക് മാർഗദർശിയായിരുന്നു അദ്ദേഹം.