tvla
കാലം ചെയ്ത മാർത്തോമാ സഭാ തലവൻ ഡോ.ജോസഫ് മാർത്തോമാ മെത്രാപ്പോലിത്തയുടെ ഭൗതിക ശരീരം തിരുവല്ലയിലെ മാർത്തോമാ ആസ്ഥാനത്ത് പൊതുദർശനത്തിന് വെച്ചപ്പോൾ ആദരാഞ്ജലി അർപ്പിക്കുന്ന സി പി ഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ ജെ തോമസ്.

പത്തനംതിട്ട : പമ്പാനദിയിലെ കുളിയും വഞ്ചിയാത്രയും ഒരിക്കലും മറക്കാനാവില്ലെന്ന് ഡോ. ജോസഫ് മാർത്തോമ്മയുടെ ബാല്യകാല അനുഭവക്കുറിപ്പിൽ കുറിച്ചിട്ടുണ്ട്. മാരാമൺ പാലക്കുന്നത്ത് വീട്ടിൽ പി.ടി. ജോസഫ് ഒരു കാർഷിക കുടുംബത്തിൽ ആണ് ജനിച്ചത്. നവീകരണ പാരമ്പര്യം മുന്നോട്ട് വച്ച സാമൂഹ്യ നവോത്ഥാനത്തിൽ ഊന്നൽ നൽകിയ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. മാരാമൺ മാർത്തോമ്മ പള്ളിയിൽ ആയിരുന്നു മാമോദീസ. പൈതൃകമായി ലഭിക്കേണ്ട തോമസ് എന്ന പേര് മാറ്റി ജോസഫ് എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചത്. ടൈഫോയിഡ് വന്ന സുഹൃത്തിനെ എല്ലാവരും ഒറ്റയ്ക്കാക്കി പോയപ്പോൾ ഹോസ്റ്റലിൽ താമസിച്ച് ശുശ്രൂഷിക്കുകയും ഒടുവിൽ രോഗം വന്ന് മരിക്കുകയും ചെയ്ത പിതൃസഹോദരന്റെ പേര് സ്മരണയ്ക്കായി അദ്ദേഹം സ്വീകരിക്കുകയായിരുന്നു. രണ്ടാം തവണ പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തപ്പോൾ പ്രത്യേക അതിഥിയായി ക്ഷണിക്കപ്പെട്ടിരുന്നു. വർഷങ്ങൾക്ക് മുമ്പ് ആറന്മുള ഉത്രട്ടാതി ജലമേളയിൽ വഞ്ചിപ്പാട്ട് പാടി കാണികളെ ആവേശഭരിതരാക്കിയ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പൊലിത്തയെ പമ്പയുടെ തീരങ്ങൾ എന്നും ഓർക്കും.