പത്തനംതിട്ട: മലയാള കവിതാശാഖയിൽ നവോത്ഥാന മൂല്യങ്ങൾ വിളക്കിച്ചേർത്ത പ്രശസ്ത കാവ്യാചാര്യന്മാരെ തിങ്കൾ ,ചൊവ്വ (2010- 2020) ദിവസങ്ങളിൽ ഭാരത് ഭവൻ ഓർമ്മകൂട്ടായ്മ അനുസ്മരിക്കുന്നു. തിങ്കളാഴ്ച വൈകുന്നേരം 7 മണിമുതൽ നടക്കുന്ന അക്കിത്തം അനുസ്മരണ കൂട്ടായ്മയിൽ കവി പ്രഭാ വർമ്മ, ആത്മാരാമൻ എന്നിവർ കവിയുടെ ഓർമ്മകൾ പങ്കുവെയ്ക്കും. തുടർന്ന് അക്കിത്തം കവിതകൾ ആലപിക്കും. ചൊവ്വാഴ്ച വൈകുന്നേരം 7 മണി മുതൽ നടക്കുന്ന ഡോ പുതുശ്ശേരി അനുസ്മരണ കൂട്ടായ്മയിൽ കവിയും കവിതയും എന്ന വിഷയത്തിൽ ഡോ. പി സോമൻ, ഡോ.എം.എൻ രാജൻ, പ്രൊഫ.എ.ജി ഒലീന, പ്രദീപ് പനങ്ങാട് എന്നിവർ ഓർമ്മകൾ പങ്കുവെയ്ക്കും. തുടർന്ന് എൻ.എസ് സുമേഷ് കൃഷ്ണൻ, പാർവ്വതി എന്നിവർ കവിയുടെ കവിതകൾ ആലപിക്കും. സവിശേഷമാർന്ന ശൈലിയിൽ അരങ്ങേറുന്ന ഓർമ്മകൂട്ടായ്മകൾ സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെയും, ഭാരത് ഭവന്റെയും ഫേസ്ബുക്ക് പേജുകളിൽ തത്സമയവും, തുടർന്ന് ഭാരത് ഭവൻ യൂട്യൂബ് ചാനലിലും ലഭ്യമാകുമെന്ന് ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അറിയിച്ചു.