
പത്തനംതിട്ട : സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ കഥകളുടെ സമാഹാരമായ 'സല്യൂട്ട്' ലേക്ക് ജില്ലയിൽ നിന്ന് തിരഞ്ഞെടുത്തത് രണ്ട് പൊലീസുകാരുടെ കഥകൾ. ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സജീവ് മണക്കാട്ടുപുഴയുടെ 'പെയ്തൊഴിയാത്ത കാലം', അടൂർ കെ.എ.പി ബെറ്റാലിയൻ ഹവിൽദാർ മിഥുൻ എസ്. ശശിയുടെ 'ജയരാമൻ' എന്നീ കഥകളാണ് തിരഞ്ഞെടുത്തത്. എ.ഡി.ജി.പി ബി. സന്ധ്യയാണ് സല്യൂട്ട് എന്ന പുസ്തകത്തിന്റെ എഡിറ്റർ. ആകെ ലഭിച്ച 56 എൻട്രികളിൽ നിന്ന് എ.ഡി.ജി.പിയുടേത് ഉൾപ്പെടെ 20 കഥകളാണ് ഉൾപ്പെടുത്തിയത്.
ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സജീവിനെയും മിഥുനെയും പൊലീസ് ചീഫ് കെ.ജി.സൈമൺ അനുമോദിച്ചു. ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈ.എസ്. പി എ.സന്തോഷ്‌കുമാർ, നർകോട്ടിക് സെൽ ഡിവൈ. എസ്. പി ആർ.പ്രദീപ് കുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ. എസ്.പി ആർ. ജോസ് എന്നിവർ പങ്കെടുത്തു.
സജീവ് മണക്കാട്ടുപുഴ
പൊലീസിൽ 22 വർഷമായി സേവനം അനുഷ്ഠിക്കുന്നു. ജേർണലിസം ബിരുദധാരിയാണ്. പൊലീസ് മീഡിയ സെല്ലിൽ ജില്ലാ പൊലീസ് ചീഫിന് വേണ്ടി പത്രക്കുറിപ്പുകൾ തയ്യാറാക്കുന്നു. രണ്ട് വർഷമായി ജില്ലാ പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്നു. പത്തനാപുരം മണക്കാട്ടുപുഴ സ്വദേശിയാണ്. മുപ്പതിൽപരം കഥകളും 25 കവിതകളും എഴുതിയിട്ടുണ്ട്.
മിഥുൻ എസ്. ശശി
വാളകം മരങ്ങാട്ടുകോണം സ്വദേശിയാണ്. ഇപ്പോൾ തിരുവനന്തപുരത്ത് നിയമസഭാ ഡ്യൂട്ടിയിലാണ്. ഹ്രസ്വ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.