പള്ളിക്കൽ : പൂട്ടി കിടക്കുന്ന അഗ്രോ ക്ലിനിക്ക്,ഒരു കെട്ടിടം നിറയെ മാലിന്യംനിറഞ്ഞ ചാക്കുകൾ , പണി പൂർത്തിയാകാത്ത ബാഡ്മിന്റെൺകോർട്ട് , പേര് പബ്ളിക് മാർക്കറ്റ്.പള്ളിക്കൽ പഞ്ചായത്തിലെ തോട്ടുവാ പബ്ളിക് മാർക്കറ്റിന്റെ ഇപ്പോഴത്തെ അവസ്ഥയാണിത്. ഫലത്തിൽ പഞ്ചായത്തിന്റെ മാലിന്യ സൂക്ഷിപ്പ് കേന്ദ്രമായിട്ടാണ് തോട്ടുവാ പബ്ളിക് മാർക്കറ്റിന്റെ പ്രവർത്തനം.തെങ്ങമം - ആനയടി റോഡരുകിൽ തോട്ടുവ കാത്താടി വിളയിൽ പഞ്ചായത്ത്‌വക 75 സെന്റോളം വരുന്ന സ്ഥലത്താണ് 1991ൽ പബ്ളിക്മാർക്കറ്റ് സ്ഥാപിച്ചത്.എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രനിധികളെ ഉൾപ്പെടുത്തി ജനകീയ കമ്മിറ്റിക്കായിരുന്നു നടത്തിപ്പ് ചുമതല.ചന്തയുടെ പ്രവർത്തനം അധികനാൾ മുന്നോട്ട് കൊണ്ടു പോകാൻ കമ്മിറ്റിക്ക് കഴിഞ്ഞില്ല.

കാട് പിടിച്ച് ഇഴജന്തുക്കളുടെ താവളം

ചന്ത കാട് പിടിച്ച് ഇഴജന്തുക്കളുടെ താവളമായി. നിലവിലുള്ള പഞ്ചായത്ത്‌കമ്മിറ്റി അധികാരത്തിലെത്തിയപ്പോൾ ചന്തയുടെ ദുരവസ്ഥ കേരള കൗമുദി റിപ്പോർട്ട് ചെയ്തു.വിഷയത്തിലിടപെട്ട വാർഡ് മെമ്പർ എം.ശിവദാസൻ സമീപ വാർഡ് മെമ്പർമാരുടെയും പൊതുപ്രവർത്തകരുടെയും യോഗം വിളിച്ചു.ജനകീയ കമ്മിറ്റിചേർന്ന് പഞ്ചായത്തിന്റെ സഹകരണത്തോടെ ചന്തയുടെ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചു.സമീപ പ്രദേശങ്ങളിൽ ജംഗ്‌ഷനുകൾ തോറുമുള്ള അനധികൃത മത്സ്യ കച്ചവടം അവസാനിപ്പിക്കണമെന്ന പൊതുജന ആവശ്യം ശക്തമായതിനെ തുടർന്ന് നോട്ടീസ് നൽകാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നിലപാടെടുത്തു. നോട്ടീസ് ലഭിച്ചെങ്കിലും അനധികൃത കച്ചവടക്കാർ ഒഴിഞ്ഞില്ല.

അഗ്രോ ക്ലിനിക്കും പൂട്ടി

കച്ചവടത്തിനെത്തുന്നവരുടെ സാധനങ്ങൾ സൂക്ഷിക്കാൻ പണിത കെട്ടിടത്തിലാണ് പഞ്ചായത്തിലെ ഹരിത കർമ്മസേനാ അംഗങ്ങൾ ശേഖരിക്കുന്ന മാലിന്യങ്ങൾ സൂക്ഷിക്കുന്നത്.പള്ളിക്കൽ മൃഗാശുപത്രിയുടെ പഴയ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന മാലിന്യം മഴ നനഞ്ഞ് ദുർഗന്ധം വമിച്ചപ്പോൾ കേരള കൗമുദി വാർത്തയാക്കിയിരുന്നു. തുടർന്ന് ഇവിടെയുണ്ടായിരുന്ന മാലിന്യം കൂടി പിന്നീട് തോട്ടുവാ ചന്തയിലേക്ക് മാറ്റി.കർഷകരെ സഹായിക്കാൻ ഒരു അഗ്രോ ക്ലിനിക്കും അതിന് സ്വന്തം കെട്ടിടവും ഇവിടെ പണിതു.ഒരു വശത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വോളിബോൾ കോർട്ടും നിർമ്മിക്കുന്നതിന് തുടക്കം കുറിച്ചു.

താഴ്ന്ന പ്രദേശത്ത് നിന്ന് മണ്ണിട്ടുയർത്തി അടിത്തറ കൂടുതൽ ബലപ്പെടുത്തിയെ കോർട്ട് നിർമ്മിക്കാവൂ എന്ന് നാട്ടുകാർ ആവശ്യപ്പെട്ടതിൽ പിന്നെ കോർട്ട് നിർമ്മാണം നടന്നിട്ടില്ല.അഗ്രോ ക്ലിനിക്കും പൂട്ടിയിട്ടിരിക്കുകയാണ്.

അഗ്രോ ക്ലിനിക്കിന്റെ പ്രവർത്തനം കാര്യക്ഷമമാക്കി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും കാർഷിക വിപണിയെങ്കിലും ഇവിടെ പ്രവർത്തിപ്പിക്കാൻ പഞ്ചായത്ത് ഭരണ സമിതി തയാറാകണം. ഇത് കർഷകർക്ക് ഏറെ ഉപകാരപ്രദമാണ്.

തോട്ടുവാ മുരളി

(പൊതു പ്രവർത്തകൻ)

-പബ്ളിക്മാർക്കറ്റ് സ്ഥാപിച്ചത് 1991ൽ