പത്തനംതിട്ട : ജിവനക്കാരുടെ ആരോഗ്യ പരിരക്ഷയിൽ നിന്ന് പിൻമാറാനുള്ള സർക്കാർ തിരുമാനം ജീവനക്കാർക്ക് ബാദ്ധ്യതയാകരുതെന്ന് എൻ.ജി.ഒ അസോസിയേഷൻ. മെഡിക്കൽ റി ഇമ്പേഴ്‌സ് മെന്റും പലിശരഹിത വായ്പയും ജീവനക്കാർക്ക് ലഭിച്ചിരുന്നത് ഒരു വിഹിതവും ഒടുക്കാതെയായിരുന്നു . ജീവനക്കാരെയും അദ്ധ്യാപകരെയും ഉപയോഗിച്ച് കമ്പനികൾക്കും ആശുപത്രികൾക്കും പകൽകൊള്ള നടത്തുവാനുള്ള സൗകര്യം ചെയ്തു കൊടുക്കരുത്. ഇൻഷുറൻസ് പ്രീമിയം സംബന്ധിച്ച് ജീവനക്കാരുടെ ആശങ്കകൾ ദൂരീകരിക്കണം.സർക്കാർ വിഹിതം നിർബന്ധമായും ഉറപ്പാക്കണം. ഒ.പി.ചികിൽസാ ചെലവും കാഷ് ലെസായി ചികിത്സിക്കാനുള്ള അവസരം ഉണ്ടാകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിൽ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അജിൻ ഐപ്പ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ ഷാജി സോപാനം, പി.എസ്.വിനോദ് കുമാർ, ട്രഷറർ ഷിബു മണ്ണടി തുടങ്ങിയവർ പ്രസംഗിച്ചു.