തിരുവല്ല: പെരിങ്ങര ഗുരുവാണീശ്വരം സരസ്വതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. ഗുരുദേവ ക്ഷേത്രത്തിൽ നിന്ന് ക്ഷേത്ര തന്ത്രി സന്തോഷ് ശാന്തിയുടെയും മേൽശാന്തി അനീഷ് ശാന്തിയുടെയും കാർമ്മികത്വത്തിൽ താളിയോലയും നാരായവും സരസ്വതീ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിച്ചു. ശാഖാ പ്രസിഡന്റ് ഡി, സുധീഷ്, സെക്രട്ടറി വി.എസ് സുബി എന്നിവർ നേതൃത്വം നൽകി. 25 വരെ ദിവസവും രാവിലെ വിശേഷാൽ പൂജകൾ, ഏഴിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, വൈകിട്ട് വിശേഷാൽ ദീപാരാധന എന്നിവ ഉണ്ടായിരിക്കും. 24 ന് വൈകിട്ട് അഞ്ചിന് പൂജവയ്‌പ്പ്. 26 ന് രാവിലെ പ്രത്യേക പൂജകൾക്ക് ശേഷം പൂജയെടുപ്പ്, വിദ്യാരംഭം കുറിക്കൽ, വിശേഷാൽ പൂജ എന്നിവ നടക്കും. ഉത്സവ ചടങ്ങുകൾ കൊവിഡ് ചട്ടങ്ങൾ പാലിച്ചാണ് നടക്കുകയെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.