 
തിരുവല്ല: കാലംചെയ്ത ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയ്ക്ക് അന്ത്യയാത്രയേകാൻ എസ്.സി കുന്നിലേക്ക് രണ്ടുദിവസമായി നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു. മത,രാഷ്ട്രീയ ,സാമൂഹിക, സാംസ്ക്കാരിക രംഗങ്ങളിലെ ഒട്ടേറെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിച്ചേർന്നു. കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, എ.ആരിഫ് എം.പി, മുൻ മന്ത്രി പി.സി ചാക്കോ, എം.എൽ.എ മാരായ സുരേഷ് കുറുപ്പ്, വീണാ ജോർജ്, രാജു ഏബ്രഹാം, കെ.പി.സി.സി സെക്രട്ടറി പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, ജനറൽ സെക്രട്ടറി പഴകുളം മധു, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോർജ് കുര്യൻ, യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി, കെ.പി.സി.സി അംഗം പി.മോഹൻ രാജ്, ഡി.സി.സി അംഗം സലിം പി ചാക്കോ, കേരളാ കോൺഗ്രസ് എം ജോസഫ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് വർഗീസ് കൊപ്പാറ, നഗരസഭാ ചെയർമാൻ ആർ.ജയകുമാർ, നാഷണലിസ്റ്റ് കേരളാ കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
മുൻ പിതാക്കന്മാർക്കൊപ്പം നിത്യതയിൽ
തിരുവല്ല: ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത നിത്യതയിൽ അലിഞ്ഞു ചേർന്നു. ഞായറാഴ്ച പുലർച്ചെ കാലംചെയ്ത മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ അന്ത്യവിശ്രമം മുൻ പിതാക്കന്മാർക്കൊപ്പം. സഭാ ആസ്ഥാനത്തെ സെന്റ് തോമസ് പളളിക്ക് സമീപത്ത് ബിഷപ്പുമാർക്കായുള്ള പ്രത്യേക സെമിത്തേരിയിലാണ് മെത്രാപ്പൊലീത്തയുടെ ഭൗതിക ശരീരം കബറടക്കിയത്. സംസ്‌കാര ശുശ്രൂഷയുടെ ഒന്നും രണ്ടും ഭാഗങ്ങൾ ഞായറാഴ്ച രാവിലെയും ഉച്ചയ്ക്കുമായി നടത്തിയിരുന്നു. ഇന്നലെ രാവിലെ എട്ടിന് മൂന്നാംഭാഗ ശുശ്രൂഷ നടത്തി. അലക്‌സാണ്ടർ മാർത്തോമ്മാ ഓഡിറ്റോറിയത്തിലെ പ്രത്യേക മദ്ബഹയിൽ വൈകിട്ട് മൂന്ന് മണിയോടെ അവസാനവട്ട ശുശ്രൂഷകൾ ആരംഭിച്ചു. സഭാദ്ധ്യക്ഷന്റെ താൽക്കാലിക ചുമതല വഹിക്കുന്ന ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിലായിരുന്നു ശുശ്രൂഷ ചടങ്ങുകൾ നടന്നത്. വിവിധ സഭാ മേലധ്യക്ഷന്മാരായ കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാർ തെയോഫിലോസ്, മാത്യൂസ് മാർ സിൽവാനിയോസ്, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, കുര്യാക്കോസ് മാർ ഗ്രീഗോറിയോസ്, മാർത്തോമ്മാ സഭയിലെ എപ്പിസ്‌കോപ്പമാർ എന്നിവർ പങ്കെടുത്തു.
നഗരികാണിക്കൽ എസ്.സി കുന്നിൽ
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നഗരികാണിക്കൽ ചടങ്ങ് പ്രതീകാത്മകമായി മാത്രമാണ് നടത്തിയത്. മെത്രാപ്പൊലീത്തയുടെ കൈമുത്തി വിടനൽകാൻ കുടുംബാംഗങ്ങൾക്ക് മാത്രമാണ് അവസരം നൽകിയത്. ജോസഫ് മാർത്തോമ്മയുടെ മൂന്ന് സഹോദരങ്ങളും ഭൗതികശരീരവുമായി സെമിത്തേരിയിലേക്ക് നടന്ന വിലാപയാത്രയിൽ പങ്കുചേർന്നു. 1500 കിലോഗ്രാം കുന്തിരിക്കം ഉപയോഗിച്ച് നിറച്ച് പ്രത്യേകം തയ്യാറാക്കിയ കല്ലറയിലായിരുന്ന കബറടക്കം. സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ശുശ്രൂഷാ ചടങ്ങിൽ പങ്കെടുത്തു. ഗവർണർ ആരിഫ് മുഹമ്മദ്ഘാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ഓൺലൈനായി അന്തിമോപചാരം അർപ്പിച്ചു.
ഒരുനോക്കുകാണാൻ മാർ ക്രിസോസ്റ്റവും...
തിരുവല്ല: കാലംചെയ്ത മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് അന്ത്യയാത്ര നൽകാൻ പ്രായാധിക്യത്തിന്റെ അവശതകൾ മറന്ന് ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റവും എത്തിച്ചേർന്നു. സഭയ്ക്ക് ജീവനും ശക്തിയും നൽകിയ മെത്രാപ്പോലീത്തയുടെ വിയോഗം വലിയ നഷ്ടവും ദുഃഖവുമാണ് ഉണ്ടാക്കിയതെന്ന് അനുശോചന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. പലരംഗങ്ങളിലും മെത്രാപ്പൊലീത്ത കൈക്കൊണ്ട നിലപാടുകളും നേതൃത്വവും സഭയുടെ വളർച്ചയ്ക്ക് ഗുണകരമായി. ഇതര സഭകളുമായുള്ള ബന്ധവും കൂടുതൽ ശക്തിപ്പെടുത്തി. തിരുമേനിയോടും കുടുംബത്തോടുമുള്ള കടപ്പാട് എന്നും സഭയ്ക്കുണ്ടാകുമെന്നും മൂന്ന് മിനിറ്റോളം നടത്തിയ അനുശോചനത്തിൽ മാർക്രിസോസ്‌റ്റം അറിയിച്ചു. കുമ്പനാട് ആശുപത്രിയിൽ വിശ്രമത്തിൽ കഴിയുന്ന ക്രിസോസ്റ്റം വീൽചെയറിലാണ് അനുശോചനം രേഖപ്പെടുത്താൻ എത്തിയത്. ആരോഗ്യകാരണങ്ങളാൽ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത 2007 ഒക്ടോബർ രണ്ടിന് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് ഡോ.ജോസഫ് മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷ സ്ഥാനത്തെത്തിയത്.