തണ്ണിത്തോട്: മലയോര ഗ്രാമങ്ങളിൽ കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞ ദിവസങ്ങളിൽ തേക്കുതോട് മൂർത്തിമൺ, തുമ്പാക്കുളം മേഖലകളിൽ വൻതോതിലാണ് കാട്ടാനകൾ കൃഷി നശിപ്പിച്ചത്. ലക്ഷങ്ങൾ മുടക്കി വനാതിർത്തിയിൽ വനം വകുപ്പ് സ്ഥാപിച്ച സൗരോർജ വേലികളുണ്ടെങ്കിലും പ്രയോജനമില്ല. തണ്ണിത്തോട് പഞ്ചായത്തിൽ വന്യമൃഗശല്യമുള്ള പല പ്രദേശങ്ങളിലും ഇനിയും സൗരോർജ വേലികൾ സ്ഥാപിക്കാനുമുണ്ട്. മണ്ണീറ, എലിമുള്ളംപ്ലാക്കൽ, മേക്കണ്ണം, കൂത്താടിമൺ, മേടപ്പാറ, മുർത്തിമൺ, ഏഴാന്തല, പൂച്ചക്കുളം, തൂമ്പാക്കുളം, തണ്ണിത്തോട് മൂഴി തുടങ്ങിയ പ്രദേശങ്ങളിൽ നിരന്തരം കാട്ടാന ശല്യമുണ്ട്. സന്ധ്യ മയങ്ങിയാൽ കാട്ടാനകൾ ജനവാസ മേഖലകളിലെ വീടുകളുടെ സമീപത്തുവരെയെത്തും. മണ്ണീറ, എലിമുള്ളംപ്ലാക്കൽ തുടങ്ങിയ പ്രദേശങ്ങളിലെ സൗരോർജ്ജവേലികൾ തകർന്നുകിടക്കുകയാണ്. കൂത്താടിമണ്ണിലെ സൗരോർജ വേലികകളും പ്രയോജനരഹിതമാണ്. തണ്ണിത്തോട്മുഴി മുതൽ അഞ്ചുകുഴി വരെയുള്ള ഭാഗങ്ങളിൽ സൗരോർജ വേലികൾ ഉണ്ടങ്കിലും പ്രവർത്തനക്ഷമമല്ല. കൂത്താടിമണ്ണിൽ കുറേഭാഗത്ത് കിടങ്ങ് കുഴിച്ചെങ്കിലും പ്രയോജനപെടുന്നില്ല. റാന്നി, കോന്നി വനം ഡിവിഷനുകളിലെ വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലാണ് വിവിധ ഘട്ടങ്ങളിലായി വേലികൾ സ്ഥാപിച്ചത്. വന്യമൃഗശല്യം മൂലം കൃഷി ചെയ്യാൻ കഴിയാത്ത കർഷകർ സ്വന്തമായി സ്ഥാപിച്ച സൗരോർജ വേലികളും കാട്ടാനകൾ നശിപ്പിച്ചു. സ്ഥിതി തുടർന്നാൽ പൂച്ചക്കുളത്തെ ബാക്കിയുള്ള കുടുബങ്ങളും കിടപ്പാടം ഉപേക്ഷിച്ച് പോകേണ്ട സ്ഥിതിയാണ്.വീടുകൾ പോലും കാട്ടാനകൾ നശിപ്പിച്ചിട്ടുണ്ട്. കാട്ടാനകളുടെ നിരന്തര സാന്നിധ്യമുള്ള ഇവിടെ നിന്ന് പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടിട്ടുള്ളത്. മുമ്പ് പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചുമാണ് നാട്ടുകാർ കാട്ടാനകളെ തുരത്തിയിരുന്നത്. ഇപ്പോൾ ആനകൾക്ക് ഇത് കേട്ടാലും ഭയമില്ല.
------------
ആളുകൾ നാടുവിടുന്നു
കാട്ടാന ശല്യം രൂക്ഷമായ പൂച്ചക്കുളത്ത് നിന്ന് മിക്ക കുടുബങ്ങളും താമസം മാറി. താഴേപൂച്ചക്കുളം കാട്ടുമുറി ഭാഗത്ത് നിന്ന് പത്തോളം കുടുബങ്ങൾ വീട് ഉപേക്ഷിച്ചുപോയി. പൂച്ചക്കുളം തോടിനക്കരെയുള്ള രണ്ട് കുടുബങ്ങൾ മാത്രമേ ഇപ്പോഴിവിടെ താമസമുള്ളൂ.