destruction
ചെളിക്കുഴിയായി കിടക്കുന്ന തിരുമൂലപുരം - കറ്റോട് റോഡ്

തിരുവല്ല: വർഷങ്ങളായി തകർന്നു കിടക്കുന്ന തിരുമൂലപുരം - കറ്റോട് റോഡിന്റെ അറ്റകുറ്റപ്പണിക്ക് പണം അനുവദിച്ചിട്ടും പണി വൈകുന്നു. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ പണി നടത്തുന്നതിന് മാത്യു ടി.തോമസ് എം.എൽ.എയുടെ ഫണ്ടിൽ നിന്ന് മൂന്നരക്കോടി രൂപയാണ് അനുവദിച്ചത്.

തിരുമൂലപുരം കുരിശടി മുതൽ കറ്റോട് ജംഗ്ഷൻ വരെ മൂന്നര കിലോമീറ്ററാണ് റോഡിന്റെ ദൂരം. എം.സി റോഡിനെയും ടി.കെ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. നിറയെ കുഴികളാണ്. കുഴികളിൽ വീണ് ഇരുചക്ര വാഹന യാത്രികർക്ക് പരിക്കേൽക്കുന്നത് പതിവാണ്. ഇതുവഴി സർവിസ് നടത്തിയിരുന്ന ഏക കെ.എസ്.ആർ.ടി.സി ബസ് റോഡ് തകർന്നതോടെ ഒരു വർഷമായി ഇല്ല . റോഡിന്റെ ശോച്യാവസ്ഥ മൂലം ടാക്‌സികൾ പോലും വരാറില്ലെന്ന് നാട്ടുകാർ പറയുന്നു.

വിനയായി കുഴിയും


തിരുമൂലപുരം കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിക്കാനെടുത്ത കുഴികൾ മണ്ണിട്ട് മൂടിയ ശേഷം ടാർ ചെയ്യാതിരുന്നതും വിനയായി. കുഴിയിൽ വാഹനങ്ങൾ പുതയും. പുതഞ്ഞുപോയ വാഹനങ്ങൾ ചിലപ്പോൾ ക്രയിന്റെ സഹായത്തോടെയാണ് ഉയർത്തുന്നത്. പൂർണമായും നവീകരിച്ചാൽ മാത്രമേ റോഡ് സഞ്ചാരയോഗ്യമാക്കാൻ സാധിക്കു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്.എൻ.ഡി.പി.യോഗം തിരുമൂലപുരം ശാഖാ സെക്രട്ടറി സന്തോഷ് ഐക്കരപ്പറമ്പിൽ, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് വേണുഗോപാൽ എന്നിവർ പറഞ്ഞു.

------------------

റോഡിന്റെ നവീകരണത്തിനായി ആദ്യം ടെൻഡർ ചെയ്‌തെങ്കിലും ആരും കരാർ ഏറ്റെടുത്തില്ല. വീണ്ടും നടത്തിയ ടെൻഡറിൽ കരാറായിട്ടുണ്ട്. ബി.എം.ആൻഡ് ബി.സി നിലവാരത്തിലുള്ള ടാറിംഗിന് മുമ്പായി ജലഅതോറിട്ടിയുടെ ഫണ്ട് ചെലവഴിച്ച് കുഴിയടയ്ക്കൽ ജോലികൾ പൂർത്തിയാക്കാനും ടെൻഡർ നൽകിയിട്ടുണ്ട്. മഴമാറിയാലുടൻ പണി നടത്തും

ഷീനാ രാജൻ
എക്സി.എൻജിനീയർ
പൊതുമരാമത്ത് വകുപ്പ്