21-day

പത്തനംതിട്ട : കർത്തവ്യ നിർവഹണത്തിനിടെ ജീവൻ വെടിഞ്ഞ പൊലീസ് സേനാംഗങ്ങളുടെ രക്തസാക്ഷിത്വം അനുസ്മരിക്കുകയാണ് ജില്ലാ പൊലീസും. ഇന്ന് മുതൽ 31 വരെ വിവിധ പരിപാടികൾ ഇതുമായി ബന്ധപ്പെട്ട് നടക്കും. ഇന്ന് പൊലീസ് രക്തസാക്ഷിത്വ അനുസ്മരണദിനമായും പതാകദിനമായും 31ന് ഏകതാദിനമായും ആചരിക്കും. ഇന്ന് ജില്ലാ ആസ്ഥാനത്ത് പരേഡും അനുബന്ധ ചടങ്ങുകളും നടക്കും. രാവിലെ എട്ടിന് പൊലീസ് രക്തസാക്ഷികളുടെ സ്മരണക്കായി സ്ഥാപിച്ച സ്തൂപത്തിൽ ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ പുഷ്പാർച്ചന നടത്തും. ജീവത്യാഗംവരിച്ച സേനാനികളെ സ്മരിച്ച് രണ്ടുമിനിറ്റ് മൗനമാചരിക്കുകയും ചെയ്യും. തുടർന്ന് 2019 സെപ്തംബർ ഒന്നു മുതൽ 2020 ഓഗസ്റ്റ് 31 വരെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ മരണപ്പെട്ട സേനാംഗങ്ങളുടെ പേരുകൾ വായിക്കുകയും മൂന്ന് റൗണ്ട് ആചാര വെടിയോടുകൂടി ചടങ്ങുകൾ സമാപിക്കുകയും ചെയ്യും.
ഡ്യൂട്ടിക്കിടെ ജീവൻ നഷ്ടപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ സന്ദർശനം നടത്തി, കുടുംബാംഗങ്ങൾക്ക് വേണ്ട പിന്തുണയും സഹായവും ലഭ്യമാക്കുന്നതിന് എസ്.എച്ച്.ഒമാർക്കും, ജനമൈത്രി ബീറ്റ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
പതാക ദിനാചരണവുമായി ബന്ധപ്പെട്ട് പൊലീസിനെ കുറിച്ചും രാഷ്ട്രനിർമാണത്തിൽ പൊലീസ് നൽകിയ സംഭാവനകളെ പറ്റിയും, നാടിന്റെ സുരക്ഷ ഉറപ്പാക്കാൻ ചെയ്തു വരുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ചും ബോധവൽക്കരണം നടത്തും.

സേവനങ്ങൾക്കിടെ ജീവൻ നഷ്ടപ്പെട്ട പൊലീസ് സേനാ വിഭാഗങ്ങളിലെ അംഗങ്ങൾക്കുള്ള ആദരവായാണ് ഇന്ന് രക്തസാക്ഷിത്വ അനുസ്മരണദിനമായി ആചരിക്കുന്നത്. ജില്ലാ പൊലീസ് ആസ്ഥാനത്ത് പരേഡും അനുബന്ധ ചടങ്ങുകളും നടക്കും.

കെ.ജി സൈമൺ,

ജില്ലാപോലീസ് മേധാവി