
പത്തനംതിട്ട : മുപ്പത്തിരണ്ട് വർഷത്തെ രാജ്യസേവനം. പിന്നെ നാട്ടിലെത്തി പൊതുപ്രവർത്തകനായി, പഞ്ചായത്ത് പ്രസിഡന്റായി .ഇപ്പോൾ കൃഷിക്കാരനും. മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണക്കുറുപ്പ് എല്ലാം രംഗത്തും മികവോടെ മുന്നിലുണ്ട്. പതിനേഴാം വയസിൽ സൈന്യത്തിൽ ചേർന്നതാണ്. ആർമി മെഡിക്കൽ കോർ ലാബ് ടെക്നീഷ്യൻ ആയിരുന്നു. നാഷണൽ ഇൻസ്റ്റിറ്ര്യൂട്ട് ഒഫ് വൈറോളജിയിൽ നിന്ന് വൈറോളജിയിൽ ഉന്നത ബിരുദം നേടി. പൂനൈ മെഡിക്കൽ കോളേജ്, റാഞ്ചി, ഡൽഹി, സിക്കിം, കൊൽക്കൊത്ത തുടങ്ങിയ സ്ഥലങ്ങളിൽ ആശുപത്രികളിൽ ജോലിചെയ്തു. തിരികെ നാട്ടിലെത്തിയതോടെ പൊതുപ്രവർത്തനരംഗത്തും ശ്രദ്ധേയനായി. ഗോപാലകൃഷ്ണക്കുറുപ്പ് മെഴുവേലി പഞ്ചായത്ത് പ്രസിഡന്റായപ്പോൾ ഭാര്യ എ.ആർ രാജം മല്ലപ്പുഴശേരി പഞ്ചായത്ത് സെക്രട്ടറിയായിരുന്നു. വിരമിച്ചതിന് ശേഷം പ്രസിഡന്റിനൊപ്പം കൃഷിയിലും വ്യാപൃതയാണ്.
ആദ്യം സ്ഥലം പാട്ടത്തിനെടുത്താണ് നെൽ കൃഷി ആരംഭിച്ചത്. വലിയ ലാഭമായിരുന്നു ഇൗ വർഷവും കൃഷി ചെയ്തു. വിളവെടുപ്പ് വൈകാതെ ഉണ്ടാകും. . എല്ലാവരും കൃഷിയിലേക്ക് എത്തണമെന്നാണ് ഗോപാലകൃഷ്ണക്കുറുപ്പിന്റെ ആഗ്രഹം.
നെൽകൃഷി ലാഭകരം
. ശ്രമിച്ചാൽ നെൽകൃഷിക്ക് നല്ല വരുമാനം ലഭിക്കുമെന്ന് ഗോപാലകൃഷ്ണക്കുറുപ്പ് പറഞ്ഞു. .സർക്കാർ വലിയ പിന്തുണയാണ് നൽകുന്നത് കഴിഞ്ഞ വർഷം ഇലവുംതിട്ട ക്ഷേത്രത്തിന് സമീപം തരിശായി കിടന്ന പത്ത് ഏക്കർ സ്ഥലത്ത് നെൽ കൃഷി തുടങ്ങി. പതിമ്മൂന്ന് ടൺ നെല്ല് ആ വർഷം ലഭിച്ചു. ട്രാക്ടറിൽ നിലം ഉഴുത് വിത്ത് വിതയ്ക്കാനും ഞാറ് നടാനും കുടുംബശ്രീ അംഗങ്ങളെ ചുമതലപ്പെടുത്തി. ദിവസേന 600 രൂപ നിരക്കിലാണ് സ്ത്രീകൾ ജോലി ചെയ്തത്. പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു ലാഭം.
കൃഷിയുടെ ആദ്യ ഘട്ടം സർക്കാർ സബ്സിഡിയായി 35000 രൂപ നൽകും. അടുത്തഘട്ടത്തിൽ 22000 രൂപയും. ജനങ്ങൾക്ക് ഈ പദ്ധതിയെപ്പറ്റി വലിയ അറിവില്ലാത്തതുകൊണ്ടാണ് ആരും കൃഷിയിലേക്ക് വരാത്തത്.
മെഴുവേലി പഞ്ചായത്തിലെ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീഷ് മോൻ,
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. കെ സത്യവ്രതൻ എന്നിവരും മികച്ച കർഷകരാണ് . അനീഷ് അഞ്ച് ഏക്കറിലും സത്യവ്രതൻ 15 ഏക്കറിലുമാണ് കൃഷി ചെയ്തത്. ആദ്യ ഘട്ടത്തിൽ സത്യവ്രതന് 22 ടൺ നെല്ല് ലഭിച്ചിരുന്നു. പഞ്ചായത്തിലെ 50 ഏക്കർ തരിശ് പാടങ്ങളിലും 100 ഏക്കർ കരഭൂമിയിലും കൃഷി ആരംഭിച്ചിട്ടുണ്ട്.