koodal-hss
നവീകരിച്ച കൂടൽ ഗവ.എച്ച്.എസ്.എസ് സ്കൂൾ മുറികൾ

പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷനിൽ കൃഷിയ്ക്കും കുടിവെള്ളത്തിനും വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകിയ അഞ്ചു വർഷങ്ങളാണ് പിന്നിടുന്നത്. കുടിവെള്ള പദ്ധതികൾ നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്തംഗം ബിനി ലാൽ പറയുന്നു. നാല് പഞ്ചായത്തുകളിലായി 42 വാർഡുകളുണ്ട് ഡിവിഷനിൽ. ഗ്രാമീണ റോഡുകൾക്ക് ഉൾപ്പെടെ 15 കോടി രൂപയോളം ചെലവാക്കി.

കുടിവെള്ള പദ്ധതി

അറുപത് വർഷമായി കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടിയിരുന്ന പനനിൽക്കുംമുകൾ നിവാസികൾക്ക് കുടിവെള്ളം എത്തിച്ചു. പ്രമാടത്ത് 13 ലക്ഷവും ഇഞ്ചപ്പാറയിൽ 15 ലക്ഷവും ചെലവാക്കി. കുറിഞ്ഞിയിൽ 23 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിച്ചു. പോത്തുപാറയിൽ 12 ലക്ഷം രൂപ ചെലവഴിച്ച് 32 കുടുംബങ്ങൾക്കും കാരയ്ക്കാകുഴിയിൽ 45 കുടുംബങ്ങൾക്കും കുടിവെള്ളം എത്തിക്കാനായി.

പഠനത്തോടൊപ്പം കൃഷിപാഠവും

മാങ്കോട് ഗവ. എച്ച്.എസ്.എസിൽ തരിശ് കിടന്ന ഒരേക്കറിൽ കൃഷി ആരംഭിച്ചു. പത്ത് ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. കൂടൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലും മാങ്കോട് സ്കൂളിലും ഷീ ടോയ്ലറ്റും ഓഡിറ്റോറിയവും 90 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ചു. കോന്നി ഗവ. എച്ച്.എസ്.എസിൽ അംഗവൈകല്യമുള്ള കുട്ടികൾക്കായി ടോയ്ലറ്റും മുറികളും 23 ലക്ഷം രൂപ ചെലവാക്കി സ്ഥാപിച്ചു.

കർഷകർക്കായി 50 ലക്ഷം രൂപയുടെ വിത്തുകളും തൈകളും നൽകി.

പ്രമാടം സനാതന പാർക്കിന് 10 ലക്ഷം അനുവദിച്ചു

കലഞ്ഞൂർ അങ്കണവാടിയ്ക്കായി 32 ലക്ഷം രൂപ മുടക്കി സ്ഥലം വാങ്ങി കെട്ടിടം പണിത് നൽകി.

കോന്നി മെഡിക്കൽ കോളേജ് റോഡ് ആദ്യ ഘട്ടം ടാർ ചെയ്തതിന് 40 ലക്ഷം രൂപ വിനിയോഗിച്ചു.

"കോന്നി ‌ഡിവിഷനിൽ ഗ്രാമീണ റോഡുകളെല്ലാം നവീകരിച്ചു. സ്കൂളുകളിൽ പഠനമുറികൾ നിർമ്മിച്ച് നൽകി. അറുപത് വർഷങ്ങളായി കുടിവെള്ളം ഇല്ലാതിരുന്ന പ്രദേശങ്ങളിൽ കുടിവെള്ള പദ്ധതി സ്ഥാപിച്ചു. അങ്കണവാടികൾക്ക് കെട്ടിടങ്ങൾ പണിത് നൽകി. നിരവധി വികസനപ്രവർത്തനങ്ങൾക്കാണ് കോന്നി സാക്ഷ്യം വഹിച്ചത്. "

ബിനിലാൽ

" ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് ഒരു റോഡും നിർമിച്ചിട്ടില്ല. സർക്കാർ ഫണ്ടും എം.എൽ.എ ഫണ്ടും ചെലവിട്ട് റോഡ് നവീകരിക്കുന്നുണ്ട്. കോളനികളിൽ കുടിവെള്ളം ലഭ്യമാക്കാൻ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് സ്കൂളുകൾ പുതുക്കി പണിയുന്നത്. പ്രധാന മാർക്കറ്റായ നാരായണപുരം നവീകരിക്കാൻ ശ്രമം നടത്തിയിട്ടില്ല.

ശ്യാം ലാൽ

(സി.പി.എം ഏരിയ സെക്രട്ടറി)