മാരാമൺ: തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട ചെട്ടിമുക്ക് -ചിറയിറമ്പ് തോണിപ്പുഴ റോഡ് പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുവൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ ആന്റോ ആന്റണി എം.പിയ്ക്ക് നിവേദനം നൽകി.
തോണിപ്പുഴ മുതൽ തടിയൂർ ഇടയ്ക്കാട് മാർക്കറ്റ് വരെയുള്ള നാലു കിലോമീറ്റർ ദൂരം സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ഉന്നതനിലവാരത്തിലാക്കിയതിനാൽ ചെട്ടിമുക്ക് വരെയുള്ള ഭാഗം കൂടി ഇത്തരത്തിൽ പുനരുദ്ധരിക്കേണ്ടതുണ്ട്. തിരുവല്ല കുമ്പഴ സംസ്ഥാന പാതയിൽ ചെട്ടിമുക്ക് ജംഗ്ഷനിൽ നിന്നാരംഭിച്ച് റാന്നി വെണ്ണിക്കുളം റോഡിൽ തടിയൂരിൽ അവസാനിക്കുന്ന പാതയാണിത്.പാറമടകളും, ക്രഷർ യൂണിറ്റുകളുമൊക്കെ സമീപത്തുള്ളതിനാൽ ഭാരം കയറ്റിയ ടിപ്പറുകൾ ഉൾപ്പടെ നൂറ് കണക്കിന് വാഹനങ്ങൾ ദിനംപ്രതി ഇതുവഴി കടന്നുപോകുന്നുണ്ട്. ആറന്മുള റാന്നി നിയമസഭാ മണ്ഡലങ്ങളെയും ചരൽകുന്നിനെയും മറ്റും ബന്ധിപ്പിക്കുന്നു എന്നതും ഇതിന്റെ പ്രത്യേകതയാണ്.ജനവാസം ഏറെയുള്ള പ്രദേശം കൂടിയാണിവിടം.നിരവധി സ്‌കൂളുകളും സർക്കാർ സംഥാപനങ്ങളും ആരാധനാലയങ്ങളും റോഡിന് സമീപത്തുണ്ട്. ഗ്രാമീണമേഖലയിലെ റോഡ് പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്തും പ്രമേയം പാസാക്കിയിട്ടുണ്ട്‌.