തിരുവല്ല: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ തിരുവല്ല-മലപ്പള്ളി-ചേലക്കൊമ്പ് റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റടുക്കൽ നടപടികൾ പുരോഗമിക്കുന്നു. റോഡിന്റെ വീതി കൂട്ടുന്നതിനായി നൂറിലധികം ഉടമകളിൽ നിന്നും 1.6 ഹെക്ടറോളം ഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. ഭൂമി ഏറ്റെടുക്കുന്ന സങ്കീർണ നിയമ നടപടികൾ ഉടൻ പൂർത്തിയാകും. നിലവിൽ സർവേ ജോലികൾ പൂർത്തിയാക്കുകയും പാരിസ്ഥിതിക ആഘാത പഠന യൂണിറ്റിനെ തിരഞ്ഞെടുക്കാനുള്ള നടപടികളും പുരോഗമിക്കുകയുമാണ്. പദ്ധതി പ്രകാരം തിരുവല്ല മുതൽ മല്ലപ്പള്ളി വരെ 12 മീറ്റർ വീതിയിലും മല്ലപ്പള്ളി മുതൽ ചേലക്കൊമ്പുവരെ 9 മീറ്റർ വീതിയിലും റോഡ് നിർമ്മിക്കും.ഭൂമി ലഭിക്കുകയാണെങ്കിൽ മല്ലപ്പള്ളി മുതൽ ചേലക്കൊമ്പ് വരെയുള്ള ഭാഗവും 12 മീറ്റർ വീതിയിൽ നിർമ്മിക്കാൻ സാധിക്കും.സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് കോടതികളിലും മറ്റ് അധികാര സ്ഥാപനങ്ങളിലും നിരവധിപേർ കേസ് കൊടുത്തിരുന്നതിനാൽ റോഡ് നിർമ്മാണത്തിൽ കാലതാമസം സൃഷ്ടിച്ചു.ആ സാഹചര്യത്തിൽ വീതി കുറച്ച് റോഡ് നിർമ്മിക്കാനും ആലോചന ഉണ്ടായി. 83കോടി രൂപയാണ് റോഡ് നിർമ്മാണത്തിനായി അനുവദിച്ചു കിട്ടിയത്. ഇതുകാരണം മറ്റു വികസനങ്ങൾ റോഡിൽ ഉടൻ നടപ്പാക്കാൻ സാധിക്കില്ല.ഈ പ്രശ്‌നം കണക്കിലെടുത്ത് കാലതാമസം നേരിടേണ്ടി വന്നാലും റോഡ് അത്യാധുനിക രീതിയിൽ തന്നെ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാണ്.റിക്ക് (റോഡ് ഇൻഫ്രാസ്ട്രക്ച്ചർ കമ്പനി കേരളാ ലിമിറ്റഡ്) ആണ് റോഡിന്റെ പുനരുദ്ധാരണം ചെയ്തു വരുന്നത്.


ആധുനികരീതിയിൽ പൂർത്തിയാക്കും


നടപടിക്രമങ്ങൾ എല്ലാം കൃത്യമായി പാലിച്ച്, പൊന്നുംവില നൽകി സ്ഥലമേറ്റടുത്ത് യാതൊരു പിഴവും കൂടാതെ റോഡ് പുനരുദ്ധാരണം നടത്തുമെന്ന് മാത്യു ടി.തോമസ് എം.എൽ.എ പറഞ്ഞു. മറ്റു റോഡുകളെ അപേക്ഷിച്ച് കാലതാമസം നേരിട്ടാലും അത്യാധുനിക രീതിയിൽതന്നെ തിരുവല്ല-മലപ്പള്ളി-ചേലക്കൊമ്പ് റോഡ് നിർമ്മാണം പൂർത്തിയാക്കുമെന്നും എം.എൽ.എ പറഞ്ഞു.

-------------------------------------------------

-83കോടി അനുവദിച്ചു

-തിരുവല്ല മുതൽ മല്ലപ്പള്ളി വരെ 12 മീറ്റർ വീതി

-മല്ലപ്പള്ളി മുതൽ ചേലക്കൊമ്പുവരെ 9 മീറ്റർ വീതി