
തണ്ണിത്തോട്: നാട്ടിലിറങ്ങുന്ന കാട്ടാനകളെ തുരത്താൻ എലിഫന്റ് റിപ്പല്ലറുമായി വനംവകുപ്പ്. കടുവയുടെയും തേനീച്ചക്കൂട്ടത്തിന്റെയും ശബ്ദം കേൾപ്പിച്ച് ആനകളെ ഭയപ്പെടുത്തി ഒാടിക്കാനുള്ളതാണ് എലിഫന്റ് റിപ്പല്ലർ. മലയോരഗ്രാമങ്ങളിൽ ആനകൾ കാർഷിക വിളകൾ നശിപ്പിക്കുന്നതും ജനജീവിതത്തിന് ഭീഷണിയാകുന്നതും വ്യാപകമായതോടെയാണ് വനംവകുപ്പിന്റെ പുതിയ പദ്ധതി. വനാതിർത്തിയിൽ കിടങ്ങ് നിർമ്മിച്ചും സൗരോർജ്ജ വേലി സ്ഥാപിച്ചും ആനകളെ തടയാൻ ശ്രമിച്ചെങ്കിലും വിജയിക്കാതെ വന്നതോടെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
കാട്ടാനകൾ പതിവായി വരുന്ന പ്രദേശങ്ങളിൽ ക്യാമ്പുചെയ്ത് രാത്രിയിൽ ഇത് പ്രവർത്തിപ്പിക്കും. എലിഫന്റ് റിപ്പല്ലറിൽ നിന്നുള്ള ശബ്ദം കേട്ടാൽ കാട്ടാനകൾ തിരികെ കാട്ടിലേക്ക് മടങ്ങുമെന്ന് കണ്ടെത്തിയിട്ടുണ്ട്. റാന്നി വനം ഡിവിഷനിലെ ഗുരുനാഥൻമണ്ണിലെ കുന്നത്തും ഇവിടുത്തെ ഫോറസ്റ്റ് ക്വാർട്ടേഴ്‌സിലും , മലയാലപ്പുഴ പഞ്ചായത്തിലെ ഹാരിസൺസ് കമ്പനിയുടെ കുമ്പഴ തോട്ടത്തിലും കാട്ടാന ശല്യം ഉണ്ടായപ്പോൾ വനംവകുപ്പ് ഇത് പരീക്ഷിച്ചിരുന്നു. തണ്ണിത്തോട് പഞ്ചായത്തിൽ മിക്ക സ്ഥലങ്ങളിളിലും കാട്ടാനശല്യം പതിവാണ് ഒറ്റക്കും, കൂട്ടമായും വരുന്ന കാട്ടാനകൾ ജനവാസമേഖലയിലെ വീടുകളും കാർഷീകവിളകളും നശിപ്പിക്കുന്നത് പതിവാണ്. രാത്രിയായാൽ വീടിനുപുറത്തിറങ്ങാൻ നാട്ടുകാർക്ക് ഭയമാണ്, അടുത്തിടെ തേക്കുതോട് മൂർത്തിമണ്ണിൽ കോട്ടമുറപ്പ് കാരംവേലിൽ ജയകുമാറിന്റെ കാർഷികവിളകളും കൃഷിയിടത്തിലെ കാവൽപുരയും കാട്ടാനക്കൂട്ടം നശിപ്പിച്ചിരുന്നു, തൂമ്പക്കുളം വിളയിൽ പുത്തൻവീട്ടിൽ പരമേശ്വരന്റെ വീടും കാർഷിക വിളകളും കാട്ടാനകൾ നശിപ്പിച്ചു. റബർ ടാപ്പ് ചെയ്യുന്നവരും കുരുമുളക് പറിക്കുന്നവരും കാട്ടാനയുടെ അക്രമണത്തിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ജനുവരിയിൽ വനാതിർത്തിയോട് ചേർന്ന കൃഷിയിടത്തിലെ കിണറ്റിൽ കുട്ടിയാന വീണിരുന്നു ഇതിനെ കാട്ടാനകൾ കരയിൽ കയറ്റിവിട്ടെങ്കിലും ഇതറിയാതെ അവിടെയെത്തിയ കർഷകനായ താഴെപൂച്ചക്കുളം കോട്ടക്കൽ കുഞ്ഞുകുഞ്ഞിനെ സമീപത്തു തമ്പടിച്ചിരുന്ന കാട്ടാനകൾ ഓടിച്ചിരുന്നു. വീഴ്ചയിൽ ഇദ്ദേഹത്തിന് പരിക്കേറ്റ് ഏറെനാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.