 
പത്തനംതിട്ട - വിദ്യാഭ്യാസ ജില്ലയിലെ പ്രതിഭാധനരായ വിദ്യാർത്ഥികൾക്കുള്ള പഠന പരിപോഷണ പരിപാടിയുടെ ഉദ്ഘാടനം ഓൺലൈനായി വീണാ ജോർജ് എം.എൽ.എ നിർവഹിച്ചു. നല്ല സ്വപ്നങ്ങൾ കാണുന്നവരും പ്രതിസന്ധികളെ അതിജീവിച്ച് ആ സ്വപ്നങ്ങളെ പിന്തുടർന്ന് വിജയം കൈവരിക്കുവാൻ കഴിയുന്നവരുമാണ് ജീവിതത്തിൽ വിജയിക്കുകയെന്ന് എം.എൽ.എ പറഞ്ഞു.
യോഗത്തിൽ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലാ ഓഫീസർ എം.എസ് രേണുക ഭായ് അദ്ധ്യക്ഷതവഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി.കെ. ഹരിദാസ് മുഖ്യസന്ദേശം നൽകി. തുടർന്ന് നടന്ന ഉദ്ഘാടന ക്ലാസ്സിന് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ നേതൃത്വം നൽകി.
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ ഓർഡിനേറ്റർ രാജേഷ് എസ് വള്ളിക്കോട്, ഡയറ്റ് അദ്ധ്യാപിക ഗ്ലിൻസി മാത്യു, കൈറ്റ് മാസ്റ്റർ ട്രെയിനർ സി.കെ ജയേഷ്,ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം വിദ്യാഭ്യാസ ജില്ലാ കോർഡിനേറ്റർ ജി. ജയലളിത, ബിജു മാത്യു, ടി.ആർ റജികുമാർ എന്നിവർ പ്രസംഗിച്ചു.
ഏഴാം ക്ലാസിലെ കുട്ടികൾക്ക് നടത്തുന്ന യു.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് വേണ്ടി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പഠന പരിപോഷണ പരിപാടിയാണ് ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം.