ചെങ്ങന്നൂർ: മൂന്നു പതിറ്റാണ്ടിലേറെയായി ഒഴുക്ക് നിലച്ച കുതിരവട്ടം- ഇല്ലിമല -മൂഴിക്കൽതോടിന് ഒഴുകാൻ വഴിതെളിയുന്നു. ഇല്ലിമലയാർ എന്നാണ് പഴമക്കാർ ഈ തോടിന് പറഞ്ഞിരുന്നത്.സമൃദ്ധമായ ജലസ്രോതസ് പിന്നീട് മാലിന്യവാഹിയായ ചെറുതോടായി ചുരുങ്ങുകയായിരുന്നു. ആറിന്റെ പുനരുജ്ജീവനത്തിന് 3.35 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.ചെങ്ങന്നൂർ സമൃദ്ധി തരിശ് രഹിത പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആറിന് ജീവൻ നൽകുക.കേരള ലാൻഡ് ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡിനാണു (കെ.എൽ.ഡി.സി.) പുനരുദ്ധാരണത്തിനുള്ള ചുമതല. തോടിനൊപ്പം ഇല്ലാതായ 500 ഹെക്ടർ നെൽക്കൃഷി പുനരാരംഭിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
നാല് ശാഖകളായിട്ടാണ് പമ്പ നദിയിൽ
വെൺമണി പഞ്ചായത്തിലെ കുതിരവട്ടം ചിറയിൽ നിന്ന് ഉത്ഭവിച്ച് നാല് ശാഖകളായിട്ടാണ് പമ്പ നദിയിൽ ചേരുന്നത്. മുളക്കുഴ, ആലാ പഞ്ചായത്ത് അതിർത്തികളിലൂടെ എത്തി പുലിയൂർ പഞ്ചായത്തിലൂടെ ഒഴുകി ചെങ്ങന്നൂർ നഗരസഭയിൽ തോട് പ്രവേശിക്കും. ഇവിടെ അങ്ങാടിക്കൽ പുത്തൻകാവ് നട ക്ഷേത്രത്തിന് വടക്ക് വശത്തും, കോടിയാട്ടുകര മൂഴിക്കൽ ഭാഗത്തും,പാണ്ടനാട്ടെ ഇടക്കടവിലും, പരുമലയിലെ ഇല്ലിമല ഭാഗത്തും വെച്ചാണ് പമ്പയുമായി സംഗമിക്കുന്നത്. പമ്പാ കർമ്മ പദ്ധതിയിൽപ്പെടുത്തി ആറ് പുനരുജ്ജീവിപ്പിക്കാൻ നടത്തിയ ശ്രമവും ഫലം കണ്ടില്ല. ആറ് ഇല്ലാതായതോടെ 10,000 ഏക്കർ നെൽകൃഷി നശിച്ചെന്നാണ് സർക്കാർ രേഖകൾ പറയുന്നത്. ആറ് ഒഴുകിയിരുന്ന 20 കിലോമീറ്റർ പ്രദേശത്തെ വളക്കൂറുള്ള എക്കൽ മണ്ണിൽ കൃഷി സമൃദ്ധമായി വിളഞ്ഞു. മത്സ്യസമ്പത്തിന്റെ കാര്യത്തിലും ആറ് പ്രസിദ്ധമായിരുന്നു.
കൃഷിക്കും ഗുണകരം
ആറ് വീണ്ടുമൊഴുകിയാൽ പി.ഐ.പി കനാലിനു സമാന്തരമായി കൃഷിക്കു ഗുണകരമാകും. ആറ് ഒഴുകുന്ന പ്രദേശങ്ങളിൽ വരൾച്ച സമയത്ത് ശുദ്ധജല ക്ഷാമത്തിനും പരിഹാരമാകും. ഇതേത്തുടർന്നാണു സജി ചെറിയാൻ എം.എൽ.എയുടെ ശ്രമഫലമായി സമൃദ്ധി പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നു കോടി രൂപ പുനരുജ്ജീവനത്തിനായി അനുവദിച്ചത്.ഇതിനു പുറമെ മൈനർ ഇറിഗേഷൻ വകുപ്പിൽനിന്നു ചെങ്ങന്നൂർ നഗരസഭാ പ്രദേശത്ത് ആറിന്റെ പുനരുദ്ധാരണത്തിനായി 35ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ഇല്ലിമലയാറിന്റെ പുനരുദ്ധാരണത്തിനായി തദ്ദേശസ്ഥാപനങ്ങളിൽ ജനകീയ സമിതി രൂപീകരിക്കും.
-പുനരുജ്ജീവനത്തിന് 3.35 കോടി
-500 ഹെക്ടർ നെൽക്കൃഷി പുനരാരംഭിക്കും