ചെങ്ങന്നൂർ: ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ സമഗ്ര കാർഷിക വികസന പദ്ധതി ആരംഭിക്കുന്നു. 2018 ആരംഭിച്ച ചെങ്ങന്നൂർ സമൃദ്ധി സമ്പൂർണ തരിശുരഹിത പദ്ധതിയിൽ ഉൾപ്പെടുത്തി, പതിറ്റാണ്ടുകളായി തരിശു കിടന്ന 1420.25 ഏക്കർ നെൽപ്പാടങ്ങൾ കൃഷിയോഗ്യമാക്കിയിരുന്നു.ശേഷിക്കുന്ന 1160.9 ഏക്കർ പാടങ്ങൾ കൂടി കൃഷിയോഗ്യമാക്കി തരിശു രഹിത പദ്ധതി 2021ൽ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടുകൂടി 20 കോടി ചെലവിൽ സമഗ്ര കാർഷിക വികസന പദ്ധതി മണ്ഡലത്തിലെ എല്ലാ പാടശേഖരങ്ങളിലും ആരംഭിക്കുകയാണ്.കൃഷി വകുപ്പ് 10കോടിയും കെ.എൽ.ഡി.സി 10 കോടിയും ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുക. ആറു പഞ്ചായത്തുകളിലെ പാടശേഖരങ്ങളിൽ കൃഷിക്കു ജലസേചനത്തിനുപകരിക്കുന്ന കുതിരവട്ടം ഇല്ലിമല മൂഴിക്കൽ തോട് നവീകരണത്തിന് മൂന്ന് കോടി രൂപ പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്. മോട്ടോറുകൾ, പമ്പ് സെറ്റുകൾ, വൈദ്യുതീകരണം, തോടുകളുടെ നവീകരണം, ജല സ്രോതസുകളുടെ സംരക്ഷണം, ബണ്ട് നിർമ്മാണം അടക്കം വിവിധ പദ്ധതികളാണ് പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.പദ്ധതികളുടെ മണ്ഡലതല ഉദ്ഘാടനം നാളെ രാവിലെ 10ന് ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ മന്ത്രി വി.എസ് സുനിൽ കുമാർ വീഡിയോ കോൺഫ്രറൻസ് വഴി നിർവഹിക്കും. സജിചെറിയാൻ എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷനാകും. മണ്ഡലത്തിലെ എല്ലാ കൃഷി ഓഫീസുകളിലും വീഡിയോ കോൺഫറൻസ് വഴി തൽസമയ സംപ്രേഷണം കാണാവുന്നതാണ്.