 
മണക്കാല : വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന്റെ പേര് നൽകിയ മണക്കാല - ചിറ്റാണിമുക്ക് റോഡിന്റെ ശോച്യാവസ്ഥ മാറ്റാൻ പുതിയ വഴി തെളിയുന്നു. ജില്ലയിൽ റീബിൽഡ് കേരളയിൽ പണിയുന്ന റോഡുകളുടെ കൂട്ടത്തിൽ അടൂർ ഗോപാലകൃഷ്ണൻ റോഡിനെയും ഉൾപ്പെടുത്തി. റോഡ് പുനർനിർമിക്കാൻ ഇന്നലെ സർവേ നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ബി.സതികുമാരിയും സ്ഥലത്തെത്തിയിരുന്നു. തെലുങ്കാന ആസ്ഥാനമായ വസുപ്രദ കൺസൾട്ടൻസിക്കാണ് സർവേ ചുമതല. റോഡ്, ഒാട, പാലം, കലുങ്ക്, എന്നിവയടക്കം റോഡ് ഡിസൈൻ ചെയ്യുന്നത് കൺസൾട്ടൻസിയാണ്. വിശദമായ പദ്ധതി റീ ബിൽഡ് കേരളയ്ക്ക് സമർപ്പിക്കും. മണക്കാല ജംഗ്ഷൻ മുതൽ ചിറ്റാണിമുക്ക് വരെയുള്ള 1.80 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ നിർമാണത്തിന് ഒരു കോടിയോളം രൂപ വകയിരുത്തുമെന്നാണ് പ്രതീക്ഷ. അഞ്ച് വർഷത്തെ ഗ്യാരഡിയിലാണ് റോഡ് നിർമിക്കുന്നത്.
നേരത്തെ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന റോഡ് പുനർനിർമിക്കാൻ 45 ലക്ഷം അനുവദിച്ചിരുന്നെങ്കിലും ടെൻഡർ എടുക്കാൻ ആളുണ്ടായിരുന്നില്ല.
അടൂർ ഗോപാലകൃഷ്ണന്റെ തറവാടിന് മുന്നിലൂടെയുള്ള റോഡിന് അദ്ദേഹത്തിന്റെ പേര് നൽകിയത് 2014 ആയിരുന്നു. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള റോഡിലെ കുഴിയടച്ചും അറ്റകുറ്റപ്പണി നടത്തിയുമാണ് നാമകരണം നടത്തിയത്. ആറ് മാസത്തിനുള്ളിൽ റോഡ് തകരുകയും ചെയ്തു. ഒാടയില്ലാത്തതിനാൽ റോഡിലൂടെയാണ് വെള്ളം ഒഴുകുന്നത്. റോഡ് തകർന്നതിനെ തുടർന്ന് ബസ് ഗതാഗതം നിറുത്തി. റോഡ് നന്നാക്കാത്തത് വൻ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയത്.
'' റോഡ് നിർമാണത്തിന് വിശദമായി പദ്ധതി റിപ്പോർട്ട് റീബിൽഡ് കേരളയ്ക്ക് സമർപ്പിക്കും. ഒരു മാസത്തിനുള്ളിൽ റോഡ് ഉന്നത നിലവാരത്തിൽ പുനർനിർമിക്കാൻ കഴിയും.
ബി. സതികുമാരി, ജില്ലാ പഞ്ചായത്തംഗം.
വീണ്ടും പ്രഹസനമാകരുതെന്ന് പൗരസമിതി
അടൂർ ഗോപാലകൃഷ്ണൻ റോഡ് നിർമാണം വീണ്ടും പ്രഹസനമാക്കരുതെന്ന് പൗരസമിതി. സർവേ നടപടി തദ്ദേശ തിരഞ്ഞെടുപ്പ് മുൻനിറുത്തിയുള്ള രാഷ്ട്രീയ തട്ടിപ്പാകരുത്. റോഡ് തകർന്നതുകാരണം ബസ് സർവീസുകൾ മുടങ്ങി. കുഴികൾ കാരണം ചെറുവാഹനങ്ങൾക്കു പോലും യാത്ര പറ്റാതായി. റോഡ് പുനർനിർമിക്കുമെന്ന പ്രഖ്യാപനം കേട്ട് ഒരിക്കൽ നാട്ടുകാർ കബളിപ്പിക്കപ്പെട്ടതാണെന്ന് പൗരസമിതി ഭാരവാഹികളായ അനിൽ മണക്കാലയും മണക്കാല പൊന്നച്ചനും പറഞ്ഞു.