signal
തിരുവല്ല ബൈപ്പാസിലെ ബി വൺ ജംഗ്‌ഷനിൽ സിഗ്നൽ ലൈറ്റ് തെളിഞ്ഞപ്പോൾ

തിരുവല്ല: കെ.എസ്.ടി.പി.യുടെ മേൽനോട്ടത്തിൽ നിർമ്മാണം പുരോഗമിക്കുന്ന തിരുവല്ല ബൈപ്പാസിലെ സിഗ്നൽ ലൈറ്റുകൾ മിഴിതെളിച്ചു. സിഗ്നൽ ലൈറ്റുകൾ പ്രവർത്തിച്ചു തുടങ്ങിയതോടെ ബൈപ്പാസിലൂടെയുളള യാത്ര സുഗമമായി.

ബൈപ്പാസിന്റെ മഴുവങ്ങാട് ചിറ മുതൽ റെയിൽവേ സ്റ്റേഷൻ റോഡ് വരെയുള്ള നാല് ജംഗ്ഷനുകളിൽ സ്ഥാപിച്ചിരുന്ന സിഗ്നൽ ലൈറ്റുകളാണ് കഴിഞ്ഞ ദിവസം മുതൽ പ്രവർത്തനക്ഷമമായത്.

എം.സി.റോഡുമായി ബന്ധിക്കുന്ന മഴുവങ്ങാട് ചിറ, പുഷ്പഗിരി റോഡ് ജംഗ്‌ഷൻ, ബി വൺ - ബി ടു കവല, റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിലെ സിഗ്നൽ ലൈറ്റുകളാണ് പ്രകാശിച്ചു തുടങ്ങിയത്.

30 മുതൽ 45 സെക്കന്റ് വരെയുള്ള സമയ പരിധിയിലാണ് സിഗ്നൽ ലൈറ്റുകളുടെ പ്രവർത്തനം. കെൽട്രോണാണ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. ബൈപ്പാസിലെ പ്രധാന ജംഗ്ഷനുകളായ മഴുവങ്ങാട് ചിറ മുതൽ റെയിൽവേ സ്റ്റേഷൻ റോഡ് വരെയുള്ള ഗതാഗതത്തിരക്കേറിയ നാല് ജംഗ്ഷനുകളിൽ സിഗ്നൽ ലൈറ്റുകളുടെ പ്രവർത്തനം വൈകിയത് കാരണം നിരവധി അപകടങ്ങൾ സംഭവിച്ചിരുന്നു. ഇതേതുടർന്ന് പരാതി ഉയർന്നതോടെയാണ് ബൈപ്പാസ് ഉദ്ഘാടനത്തിന് മുമ്പ് തന്നെ സിഗ്നൽ ലൈറ്റുകൾ പ്രവർത്തിപ്പിക്കാൻ കെ.എസ്.ടി.പി തീരുമാനിച്ചത്. ------------

രണ്ടിടത്തുകൂടി ലൈറ്റുകൾ

എം.സി റോഡുമായി ബൈപ്പാസ് സംഗമിക്കുന്ന രാമഞ്ചിറ, മല്ലപ്പള്ളി റോഡിലെ ചിലങ്ക ജംഗ്‌ഷൻ എന്നിവിടങ്ങളിൽ കൂടി സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാൻ തീരുമാനമായിട്ടുണ്ട്. ഇവിടുത്തെ മേൽപ്പാലത്തിന്റെ നിർമ്മാണം പൂർത്തിയായശേഷം സിഗ്നലും സ്ഥാപിക്കും.

-------------

ബൈപ്പാസ്

2.3 കിലോമീറ്റർ ദൂരം

പൂർത്തിയാകാനുള്ളത്

അരക്കിലോമീറ്റർ