പത്തനംതിട്ട : റാന്നി മേഖലയുടെ വികസനത്തിനു വേഗം കൂട്ടുന്നതും ഗതാഗത കുരുക്കിനും പരിഹാരമാകുന്ന റാന്നി പുതിയ പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. പുനലൂർ-മൂവാറ്റുപുഴ റോഡിനു സമാന്തരമായി റാന്നി ബ്ലോക്കുപടിയിൽ നിന്നും ആരംഭിച്ച് ഉപാസനക്കടവിൽ എത്തുന്ന പാലം പമ്പാ നദിക്ക് കുറുകെയാണു നിർമ്മിക്കുന്നത്.
2016-2017 കിഫ്ബി ഫണ്ടിൽ നിന്നും 27 കോടി രൂപ ചെലവഴിച്ചാണ് നിർമാണ പ്രവർത്തനം നടത്തുന്നത്. 317 മീറ്ററാണ് പാലത്തിന്റെ നീളം. പാലത്തിന് ഇരുവശത്തും നടപ്പാതയോടുകൂടി 12 മീറ്റർ വീതിയുമാണു നിർമ്മാണം. ജില്ലയിലെതന്നെ
ഏറ്റവും വലിയ പാലമാണിത്. സംസ്ഥാന പാതയായ പുനലൂർ-മൂവാറ്റുപുഴ റോഡിൽ ബ്ലോക്കുപടി മുതൽ റാന്നി ടൗൺ വരെയുള്ള ഭാഗത്തെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനും മല്ലപ്പള്ളി, കോഴഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലേക്കു ഗതാഗതക്കുരുക്കിൽപ്പെടാതെ യാത്ര ചെയ്യാനും ഈ പാലം സഹായകരമാകും.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മാണം
പമ്പാനദിക്ക് നടുവിൽ 45 മീറ്ററിൽ മൂന്നു സ്പാനുകളുള്ള ആർച്ച് ബ്രിഡ്ജും ഇരു കരകളിലുമായി 26 മീറ്റർ നീളത്തിലുള്ള ഏഴു സ്പാനുകളുമായാണു രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ബി.എം ആൻഡ് ബി.സി വർക്കും ആവശ്യ സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തിയും ഉൾപ്പെടുത്തിയാണു പാലത്തിനുള്ള സമീപന പാത വിഭാവനം ചെയ്തിട്ടുള്ളത്. വെള്ളത്തിലുള്ള ഓപ്പൺ ഫൗണ്ടേഷൻ ഒഴികെയുള്ള പൈലിംഗ് പ്രവൃത്തികളും പൈൽ ക്യാപ്പിന്റെ പ്രവൃത്തിയും ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട്. പിയറിന്റെ പ്രവൃത്തിയും കരയിലുള്ള പൈലിംഗിന്റെ പ്രവൃത്തികളും പുരോഗമിക്കുന്നു. രാജു ഏബ്രഹാം എം.എൽ.എയുടെ ശ്രമഫലമായാണ് പുതിയ പാലത്തിന് നിർമ്മാണാനുമതി സംസ്ഥാന സർക്കാർ നൽകിയത്.
56 പൈലുകളിൽ 48 എണ്ണം പൂർത്തീകരിച്ചു. ആറു പൈലുകൾ ക്യാപ്പ് പൂർത്തീകരിച്ചു. അഞ്ച് പിയറുകളും ആറ് ഗർഡറുകളുടെ നിർമ്മാണവും പൂർത്തിയായി.
-------------------------------------
നിർമ്മാണ ചെലവ് 27 കോടി രൂപ
- പാലത്തിന്റെ നീളം 317 മീറ്റർ
-നടപ്പാതയോടുകൂടി 12 മീറ്റർ വീതി