തണ്ണിത്തോട്: കോന്നി-തണ്ണിത്തോട് റോഡിൽ പെരുവാലി ഇറക്കം മുതൽ ആരണ്യകം ഇക്കോ ഷോപ്പ് വരെയുള്ള ഭാഗത്തെ വനപാതയിലെ സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തിക്കുന്നില്ലെന്ന് പരാതി.
നിരവധി ആനത്താരകളുള്ള ഇവിടെ സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തിക്കാത്തതിനെ തുടർന്ന് വനം വകുപ്പ് കെ. എസ്.ഇ.ബി യിലും, പഞ്ചായത്തിലും പരാതി നൽകിയിരുന്നു.നിരവധി ആനത്താരകളുള്ള ഇവിടെ സ്ട്രീറ്റ്‌ലൈറ്റുകൾ പ്രകാശിക്കാത്തത് അപകടസാദ്ധ്യത ഉണ്ടാക്കുന്നുണ്ട്. രാത്രിയിലും പകലും ഇവിടെ കാട്ടാനകൾ റോഡ് മുറിച്ചു കടക്കുന്നതാണ്.രാത്രി വാഹനങ്ങളിൽ വരുന്നവർ തൊട്ടടുത്തെത്തുമ്പോഴാണ് കാട്ടാനകളെ കാണുന്നത്.പലരും തലനാരിഴക്കാണ് കാട്ടാനക്കൂട്ടങ്ങളുടെ മുന്നിൽ നിന്ന് രക്ഷപെട്ടിട്ടുള്ളത്.ഒരുവർഷം മുൻപാണ് എവിടെ തെരുവുവിളക്കുകൾ സ്ഥാപിച്ചത്. പെരുവാലിയിലെ സ്ട്രീറ്റ് ലൈറ്റുകളിൽ,പലതും സ്ഥാപിച്ച് മാസങ്ങൾ കഴിഞ്ഞപ്പോഴേ തകരാറിലായിരുന്നു. വനമേഖലയിൽ നിന്ന് കല്ലാറ്റിൽ വെള്ളം കുടിക്കാനെത്തുന്ന കാട്ടാനകളാണിവിടെ റോഡ് മുറിച്ചു കടക്കുന്നത്.പെരുവാലിയിൽ രാത്രിയിൽ ഒറ്റയാന്റെ സാന്നിദ്ധ്യം പതിവാണ്. ബുധനാഴ്ച പകൽ മുണ്ടൂമൂഴിയിൽ ഇറങ്ങിയ കാട്ടാനകൾ കല്ലാറ്റിലും,റോഡരികിലും ഏറെനേരം നിലയുറപ്പിച്ചിരുന്നു.