ചെങ്ങന്നൂർ: ഉമയാറ്റുകര സർവീസ് സഹകരണ ബാങ്കിന്റെ കല്ലിശേരിയിലുള്ള ഹെഡ് ഓഫീസിൽ 16 കോടിയോളം രൂപയുടെ ക്രമക്കേട്. ചെങ്ങന്നൂർ അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ഓഫീസിന്റെ മാന്നാർ യൂണിറ്റ് ഇൻസ്‌പെക്ടർ 2018 ജൂലായിൽ നടത്തിയ പരിശോധനാ റിപ്പോർട്ടാണ് പുറത്തുവന്നത്.
പ്രധാന കണ്ടെത്തലുകൾ - ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പള നിർണയം നടത്തി ശമ്പള സ്‌കെയിൽ ഉയർത്തി ക്ലാസ് നാലിൽ അർഹതയില്ലാത്ത ശമ്പളം സെക്രട്ടറിക്കും ജീവനക്കാർക്കും നിക്ഷേപത്തിൽ നിന്ന് നൽകിവരുന്നു.
ഇതിലൂടെ പ്രതിവർഷം 24 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഇൗ തുക സെക്രട്ടറിയിൽ നിന്ന് ഈടാക്കണം.
ശമ്പളം നിക്ഷേപത്തിൽ നിന്ന് നൽകാൻ ഭരണ സമിതി തീരുമാനമെടുത്തത് ഗുരുതര വീഴ്ചയാണ്. സെയിൽസ് മാനേജർ, സെയിൽസ് അസിസ്റ്റന്റ് ,സെയിൽസ് മാൻ നിയമനങ്ങൾ രജിസ്ട്രാറുടെ അനുവാദം കൂടാതെയാണ് നടത്തിയത്.
ഒരു വ്യക്തിയുടെ വസ്തുവിൻമേൽ 5 ലക്ഷം രൂപ വീതം 5 തവണയായി 25 ലക്ഷം രൂപ വായ്പ അനുവദിച്ചു. ഒരു തവണ പോലും തിരിച്ചടവ് നടത്തിയിട്ടില്ല. ഇത്തരത്തിൽ പലർക്കും വായ്പ നൽകിയിട്ടുണ്ട്.
ബന്ധപ്പെട്ട വകുപ്പുകളുടെ മുൻകൂർ അനുമതി കൂടാതെ നിക്ഷേപം വിനിയോഗിച്ച് ബാങ്കിന്റെ വസ്തുവിൽ നിന്ന് പാറ പൊട്ടിച്ച് വില്പന നടത്തി, ഇതിലും ക്രമക്കേടുണ്ട്.
ബാങ്ക് ജീവനക്കാർക്കുള്ള ഭവന വായ്പ്പ നൽകിയതിൽ ഈട്, രേഖകൾ, വായ്പ വിതരണ നിബന്ധനകൾ എന്നിവ പരിഗണിക്കാതെ ക്രമവിരുദ്ധമായി തുക അനുവദിച്ചിരിക്കുന്നു. ഇത്തരത്തിൽ നൽകിയ വായ്പകൾ തിരിച്ചടപ്പിക്കാൻ 2017 ലെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടും നടപടി സ്വീകരിച്ചില്ല
-----------------
രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ചതാണ് ആരോപണങ്ങളെന്ന് ബാങ്ക് പ്രസിഡന്റ് ചാർലി ഏബ്രഹാം പറഞ്ഞു.
നിക്ഷേപകർക്ക് ആനുപാതികമായി വായ്പ പോകുന്നില്ല. നിക്ഷേപകർക്ക് പലിശ നൽകുകയും വേണം .ഇത് കാരണം ബാങ്കിന്റെ കടങ്ങൾ വർദ്ധിക്കുകയാണ്. വായ്പകളുടെ തിരിച്ചടവ് നടക്കുന്നുമില്ല.
ബാങ്കിനോട് ചേർന്ന പാറയുണ്ടായിരുന്ന സ്ഥലം കെ എസ് ടി പി യുടെ റോഡ് പണി നടക്കുമ്പോൾ അവരുമായി കരാർ വച്ചാണ് നീക്കം ചെയ്തത്. പാറ നീക്കിയ സ്ഥലത്ത് നിർമ്മിച്ച കെട്ടിടത്തിന് പ്രതിമാസം 40000 രൂപ വാടക കിട്ടുന്നുമുണ്ട്. പാറ നീക്കിയതിലൂടെ 25 ലക്ഷം വിലമതിക്കുന്ന ഒന്നര സെന്റ് സ്ഥലവും ബാങ്കിനു ലഭിച്ചു.
ഗവൺമെന്റ് വർദ്ധിപ്പിക്കുന്ന ശമ്പളം ജീവനക്കാർക്ക് കൊടുക്കാതിരിക്കാൻ സാധിക്കില്ല. ബാങ്കിന്റെ നടപടിക്രമങ്ങളെല്ലാം കൃത്യമായാണ് നടന്നിരിക്കുന്നത്. നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയും സർക്കാർ ഗ്യാരന്റിയും ഉണ്ട്. കൂടാതെ ബാങ്കിന്റെ കരുതൽ തുകയുമുണ്ട്. നേരത്തെ സർക്കാർ സ്ഥാപനങ്ങർ ബാങ്കിൽ നിന്ന് വായ്പയെടുക്കുമായിരുന്നു . നല്ല പലിശയും കിട്ടുമായിരുന്നു' ഇപ്പോൾ അതില്ലാത്തതിനാൽ ആ വരുമാനവും ലഭിക്കുന്നില്ല.