 
കോന്നി- കോന്നി പ്രിയദർശിനി ടൗൺഹാൾ ഉദ്ഘാടനത്തിനൊരുങ്ങി. പഞ്ചായത്ത് ഷോപ്പിങ്ങ് കോംപ്ലക്‌സിന്റെ ഒഴിഞ്ഞു കിടന്ന മുകൾ നിലയിലെ 3860 സ്‌ക്വർ ഫീറ്റ് സ്ഥലമാണ് ടൗൺഹാളാക്കിയത്. ഷോപ്പിങ്ങ് കോംപ്ലക്‌സിന്റെ മുകൾ നില കെട്ടി ഉയർത്തുന്നതിന് 2470225 രൂപയും ആധുനിക നിലവാരത്തിൽ വൈദ്യുതീകരിക്കുന്നതിന് 9 ലക്ഷം രൂപയും പെയിന്റിങ്ങ് അനുബന്ധ പ്രവർത്തനങ്ങൾക്ക് 150000 രൂപയും മൈക്ക് പ്രൊജക്ടർ ഉൾപ്പെടെ 225000 രൂപയും വകയിരുത്തിയാണ് ടൗൺ ഹാൾ തയ്യാറാക്കിയത്. അഞ്ഞൂറോളം പേർക്ക് പങ്കെടുക്കാൻ കഴിയും. 24 ന് രാവിലെ പത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒാൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി.എം അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം. പി. താക്കോൽ കൈമാറും. കോന്നി ഗ്രാമ പഞ്ചായത്ത് ഐ. എസ്. ഒ. സർട്ടിഫിക്കേറ്റ് ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം അടൂർ പ്രകാശ് എം. പി. നിർവഹിക്കും. ടൗൺഹാൾ നിർമ്മാണത്തിലും ഐ. എസ്. ഒ. സർട്ടിഫിക്കേഷനിലും സഹകരിച്ചവരെ കെ.യു. ജനീഷ് കുമാർ എം. എൽ. എ. ആദരിക്കും.