
പത്തനംതിട്ട : കിഫ്ബി 50 കോടി അനുവദിച്ചിട്ടും രാഷ്ട്രീയ മര്യാദയില്ലായ്മയുടെ ഇരയായി നശിക്കാനാണ് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന്റെ വിധി. സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കമാണ് നവീകരണത്തിന് തടസമാകുന്നത്. കിഫ്ബി പദ്ധതിയിലൂടെ നവീകരിച്ചാൽ സ്റ്റേഡിയത്തിൻമേലുള്ള നഗരസഭയുടെ അധികാരം നഷ്ടമാകുമെന്നാണ് നഗരസഭാ അധികൃതരുടെ ഭീതി. സ്റ്റേഡിയം വിട്ടുനൽകാൻ നഗരസഭ മടിക്കുന്നതും ഇൗ കാരണത്താലാണ്. അതേസമയം വികസനത്തിന് അനുമതി നൽകിയില്ലെങ്കിൽ പദ്ധതി നഷ്ടമാകുമെന്ന് വീണാജോർജ് എം.എൽ.എയും നഗരസഭയുടെ അവകാശം സംരക്ഷിക്കണമെന്ന് നഗരസഭാ അദ്ധ്യക്ഷ റോസ്ലിൻ സന്തോഷും പരസ്പരം കത്ത് നൽകിയതോടെ സ്റ്റേഡിയം വീണ്ടും വിവാദത്തിലായിരിക്കുകയാണ്.
50കോടിയുടെ കളിക്കളം?
എട്ട് വരി സിന്തറ്റിക് ട്രാക്ക്, നീന്തൽക്കുളം, ഫുട്ബോൾ മൈതാനം എന്നിവയടക്കം അന്താരാഷ്ട്ര മത്സരങ്ങൾ വരെ നടത്താൻ പാകത്തിലുള്ള സ്റ്റേഡിയമാണ് 50 കോടിയുടെ കിഫ്ബി പദ്ധതി വിഭാവനം ചെയ്യുന്നത്.
മറ്റ് സൗകര്യങ്ങൾ :
ബോയിസ് , ഗേൾസ് ഹോസ്റ്റൽ
ഹോക്കി മൈതാനം
ശുചിമുറി സമുച്ചയം
ക്രിക്കറ്റ് പിച്ചുകൾ
ഗാലറി
" സ്റ്റേഡിയത്തിന് മുൻ എം.എൽഎ കെ.കെ നായരുടെ പേരിടാനാണ് തീരുമാനം. സർക്കാർ അനുവദിച്ച 50 കോടി രൂപ ലാപ്‌സാകുന്ന സാഹചര്യമാണുള്ളത്. രാജ്യാന്തര നിലവാരത്തിലാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. അവകാശം നഗരസഭയ്ക്ക് തന്നെയായിരിക്കും.
വീണാ ജോർജ് എം.എൽ.എ
"നഗരസഭയുടെ ആസ്തിയും അവകാശവും നഷ്ട്ടപ്പെടാത്ത രീതിയിൽ ധാരണാ പത്രം (എം.ഒ.യു.) എഴുതിയാൽ മതി. പക്ഷെ എം.എൽ.എ അതിന് ഒരുക്കമല്ല. കോടികളാണ് സ്ഥലത്തിന് ഇപ്പോൾ. നഗരസഭയുടെ അധികാര പരിധിയിൽ നിന്ന് സ്റ്റേഡിയം ഒഴിവാക്കിയാൽ കായിക താരങ്ങളുടെ പരിശീലനത്തിനുപോലും ഉറപ്പു പറയാൻ പറ്റില്ല. "
റോസ്ലിൻ സന്തോഷ്
(പത്തനംതിട്ട നഗരസഭാ ചെയർപേഴ്സൺ)
"സ്റ്റേഡിയം കായിക പ്രേമികളുടെ സ്വപ്നമാണ്. അത് രാഷ്ട്രീയത്തിന്റെ പേരിൽ നഷ്ടപ്പെടരുത്. ജില്ലയിൽ ഇതുവരെ ഉണ്ടായതിൽ ഏറ്റവും വലിയ പ്രോജക്ടാണ് ജില്ലാ സ്റ്റേഡിയം. "
കെ. അനിൽ കുമാർ
സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്
എം.എൽ.എ നാടകം കളിക്കുന്നു : പി.മോഹൻ രാജ്
ജില്ലാ സ്റ്റേഡിയം നിർമ്മാണം വീണ്ടും വിവാദമായതിന് പിന്നിൽ
തിരഞ്ഞെടുപ്പിന് മുമ്പുള്ള എം.എൽ.യുടെ തിരിച്ചറിവ് നാടകമാണെന്ന് മുൻ നഗരസഭാ ചെയർമാനും കോൺഗ്രസ് നേതാവുമായ പി. മോഹൻരാജ് പറഞ്ഞു. കൊടുമൺ പഞ്ചായത്ത് സ്റ്റേഡിയം പൂർത്തിയായ വാർത്ത കണ്ടപ്പോഴാണ് എം.എൽ.എ പത്തനംതിട്ട സ്റ്റേഡിയത്തെ പറ്റി ഓർത്തത്. സ്റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും നഗരസഭയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസം നേരത്തെ ചർച്ച ചെയ്തതാണ്. എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ നഗരസഭ അധികാരികളും ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റും രണ്ട് തവണ യോഗം ചേർന്നിരുന്നു. ആ യോഗത്തിൽ ഉയർന്ന അഭിപ്രായങ്ങൾ സംസ്ഥാന സർക്കാരിനെ അറിയിച്ച് പരിഹാരം ഉണ്ടാക്കാം എന്ന് എം.എൽ.എ പറഞ്ഞുവെങ്കിലും യാതൊരുനടപടിയും സ്വീകരിച്ചില്ല.
മുമ്പ് സ്റ്റേഡിയത്തിന് പണം മുടക്കിയപ്പോൾ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഒരു നിയമാവലിയും നഗരസഭയുടെ പേരിൽ അടിച്ചേൽപ്പിച്ചിരുന്നില്ല. ഇപ്പോൾ സ്റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടാകിയ കരട് രേഖയിൽ പത്തിൽ ഏഴ് അംഗങ്ങളും സർക്കാർ നോമിനികളാണ്. നഗരസഭയ്ക്ക് പരിപാടി നടത്തണമെങ്കിൽ രണ്ടാഴ്ച മുൻപ് അനുവാദം വാങ്ങേണ്ട സ്ഥിതിയാണ്. നിർമ്മാണം പൂർത്തിയായി കഴിഞ്ഞാൽ നടത്തിപ്പും ചുമതലയും സർക്കാർ ,അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്ക് നൽകുന്ന വ്യവസ്ഥ നഗരസഭയുടെ അധികാരം ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.