
പത്തനംതിട്ട: മണ്ണും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ തുടക്കംകൂടിയായിരുന്നു വിദ്യാരംഭദിനത്തിൽ തുടങ്ങുന്ന നിലത്തെഴുത്ത്.
''നിലത്ത് ചമ്രം പടിഞ്ഞിരിക്കുന്ന കുഞ്ഞുങ്ങളുടെ ചൂണ്ടുവിരലിൽ പിടിച്ച് മണലിൽ എഴുതിക്കൂ. അക്ഷരങ്ങൾ അതേരൂപത്തിൽ തലച്ചോറിൽ പതിയും, വടിവും വളവും കൃത്യമായിരിക്കും. ഒാർമശക്തി കൂടും..''
ഇക്കുറി ചെല്ലമ്മ ടീച്ചർ ഇതു പറയുന്നത് സങ്കടത്തോടെയാണ്.
ഉള്ളന്നൂർ പൈവഴിയിൽ ചെല്ലമ്മ ടീച്ചറുടെ വീടിനോടു ചേർന്നുള്ള നിലത്തെഴുത്ത് സ്കൂളിലെ പ്രവേശനോത്സവം കൊവിഡ് മുടക്കി. ലോക്ക് ഡൗണിൽ പൂട്ടിയ ആശാൻ പള്ളിക്കൂടങ്ങൾ തുറന്നിട്ടില്ല. എഴുത്തോലയും നാരായവും വിശ്രമത്തിൽ.
കഴിഞ്ഞ വർഷംവരെ മൂന്നര വയസ് മുതലുള്ള നാൽപ്പതോളം കുഞ്ഞുങ്ങൾ വന്നിരുന്നു. ഒരു വർഷം അക്ഷരങ്ങൾ പഠിപ്പിക്കും. തുക പറഞ്ഞ് ഫീസ് വാങ്ങില്ല. തരുന്നത് സ്വീകരിക്കും. അതായിരുന്നു വരുമാനം. പഞ്ചായത്തിൽ നിന്നുള്ള ആയിരം രൂപ ഗ്രാന്റും മുടങ്ങി. ഈ ആകുലതകൾ എല്ലാ ആശാൻമാരുടേതും ആശാട്ടിമാരുടേതുമാണ്.
പണ്ട് ചാണകം മെഴുകിയ ഒാലപ്പുരകളായിരുന്നു. ഇപ്പോൾ കോൺക്രീറ്റ് മേൽക്കൂരയ്ക്ക് കീഴിൽ സിമന്റ് തറയിലാണ്. സ്നേഹവും ശിക്ഷയും കൊടുത്ത് വളർത്തിയ പഴയ ശിഷ്യർ അനുഗ്രഹം തേടിയെത്താറുണ്ട്. അറുപത്തഞ്ച് വയസുള്ള ചെല്ലമ്മ 36 വർഷമായി നിലത്തെഴുത്ത് പഠിപ്പിക്കുന്നു. കുട്ടികളെ യു.കെ.ജിയിൽ ചേർക്കാൻ പാകത്തിൽ,മലയാളത്തിന് പുറമേ ഇംഗ്ളീഷും ഹിന്ദിയും പഠിപ്പിക്കുമായിരുന്നു.
ആശാൻമാർ 1500
നിലത്തെഴുത്തുകാർ സംസ്ഥാനത്ത് 1500ഒാളം വരുമെന്നാണ് സംഘടനയുടെ കണക്ക്. പക്ഷേ, സർക്കാരിന്റെ പരിഗണന ലഭിക്കുന്നില്ല. ചില ലൈബ്രറി കൗൺസിലുകൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
മലയാള അക്ഷരങ്ങൾ എഴുതി പഠിപ്പിക്കുന്ന പാഠശാലയാണിത്. തുടക്കത്തിൽ മണലിലും തുടർന്ന് എഴുത്തോലയിൽ എഴുത്താണി ഉപയോഗിച്ചും എഴുതും.
'' നിലത്തെഴുത്ത് കുട്ടികൾക്ക് സർക്കാർ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കണം. നിലത്തെഴുത്ത് ആശാൻ ഗ്രാന്റ് 1500 രൂപയായി ഉയർത്തണം'' .
-കെ.ജി. സരസമ്മ,
നിലത്തെഴുത്ത് ആശാൻ
സംഘടന ജില്ലാ പ്രസിഡന്റ്.