 
തിരുവല്ല: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഇരവിപേരൂർ പഞ്ചായത്തിലെ സ്‌കൂൾ കുട്ടികൾക്ക് മുട്ടക്കോഴികളെ നൽകി. അഞ്ച് മുട്ടക്കോഴികൾ വരുന്ന ഒരു യൂണിറ്റ് എന്ന കണക്കിൽ 5550 കോഴികളെയാണ് പഞ്ചായത്തിലെ സ്‌കൂൾ കുട്ടികൾക്ക് വിതരണം ചെയ്തത്. കൊവിഡിന്റെ പശ്ചാത്തലത്തിലും വൈവിദ്ധ്യമാർന്ന പദ്ധതികളാണ് പഞ്ചായത്ത് തുടക്കംകുറിച്ചത്.നെല്ല്,പച്ചക്കറി,വാഴ എന്നിവ ഭൂകൃഷികളിലും കോഴി,പശു,മത്സ്യം എന്നിവയുടെ കൃഷിയും വിവിധ വകുപ്പുകളുമായി ചേർന്ന് നടപ്പാക്കി.പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി 51000 വാഴവിത്തുകൾ വിതരണം ചെയ്തു.ഒന്നരലക്ഷം പച്ചക്കറി തൈകളും ആവശ്യമായ ജൈവവളവും കൃഷിഭവൻ മുഖേന നൽകി. നെൽകൃഷി ഇത്തവണ 130 ഹെക്ടറിൽ ചെയ്യാൻ നടപടി തുടങ്ങി.പ്രളയാനന്തര പുനർനിർമ്മാണത്തിന്റെ ഭാഗമായി ഉൽപ്പാദന വിതരണം, ഇവയ്ക്കുള്ള തിരിച്ചറിയൽ ചിപ്പ് ഘടിപ്പിക്കൽ, ഗർഭിണി പശുകിടാവ് എന്നിവയ്ക്കുള്ള കാലിത്തീറ്റ വിതരണം, രോഗം വന്ന പശുക്കൾക്ക് മരുന്നിന് സബ്‌സീഡി,സംഘങ്ങളിൽ പാലളക്കുന്ന കർഷകർക്ക് ലിറ്ററിന് നാലു രൂപ വീതമുള്ള അധിക ധനസഹായം,കൂടാതെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 33 കാലിത്തൊഴുത്ത് നിർമ്മാണം നടത്തി. അഞ്ച് ഏക്കറിൽ തീറ്റപ്പുല്ലും കൃഷിചെയ്തു.
മത്സ്യകൃഷിയും മുന്നോട്ട്
മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാൻ 10 പടുതാക്കുളങ്ങൾ നിർമ്മിക്കാൻ സബ്‌സീഡി നൽകി. ഗുണഭോക്താക്കൾക്കുള്ള പരിശീലനവും കുളം നിർമ്മാണവും പൂർത്തിയാകുന്നു. ഇതുകൂടാതെ മത്സ്യകൃഷി വ്യാപിപ്പിക്കാൻ പഞ്ചായത്തിന്റെ ചാലുകളും കുളങ്ങളും പാട്ടത്തിന് നൽകി. നാല് ഏക്കറിലാണ് മത്സ്യകൃഷി ആരംഭിച്ചിട്ടുള്ളത്.
സുഭിക്ഷ കേരളം പദ്ധതികൾ എല്ലാം പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഏറ്റെടുത്തിട്ടുള്ളതും ബന്ധപ്പെട്ട വകുപ്പുകളുടെ സ്‌കീമുമായും തൊഴിലുറപ്പ്, കേരളാ ബാങ്ക്, കുടുംബശ്രീ എന്നിവയുടെ സംയോജനവും സാദ്ധ്യമാക്കിയാണ് നടപ്പാക്കിയത്.
അനസൂയാദേവി
(പഞ്ചായത്ത് പ്രസിഡന്റ്) ,
അഡ്വ.എൻ.രാജീവ്
(വൈസ് പ്രസിഡന്റ്)
5550 കോഴികളെ സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്തു