 
പന്തളം: മണ്ഡലമകരവിളക്ക് കാലത്തെ കുറിച്ച് തീരുമാനമെടുക്കാൻ 28ന് ഉന്നതതല യോഗം ചേരുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു. പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിന് സമീപം പണി നടക്കുന്ന അന്നദാന മണ്ഡപവും മറ്റ് അനുബന്ധ സൗകര്യങ്ങളും വിലയിരുത്താൻ എത്തിയതായിരുന്നു പ്രസിഡന്റും അംഗങ്ങളും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും ഇത്തവണ തീർത്ഥാടനം.തീർത്ഥാടകരുടെ എണ്ണം സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ തീരുമാനം നിർണ്ണായകമാണ് . സർക്കാരിന്റെയും പൊലീസിന്റെയും തീരുമാനം ഉൾകൊണ്ട് മാത്രമേ തീർത്ഥാടകരുടെ എണ്ണം നിജപ്പെടുത്താനാവു. കൊവിഡ് ഉള്ള ഒരാളും ശബരിമലയിൽ വരരുത്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. എരുമേലി, നിലയ്ക്കൽ, പമ്പ തുടങ്ങിയ പ്രദേശങ്ങളിൽ ആന്റിജൻ പരിശോധനയുണ്ടാവും, പരിശോധനാ ചെലവ് സ്വയം വഹിക്കണം. എങ്കിലും സ്‌പോൺസറന്മാരെ കണ്ടെത്താനും ശ്രമം ഉണ്ടാവും. വെർച്വർ ക്യു വഴിമാത്രമെ ഹൈക്കോടതി, സർക്കാർ മാർഗ്ഗ നിർദ്ദേശ പ്രകാരം തീർത്ഥാടകരെ കടത്തിവിടുകയുള്ളൂ. ആചാരങ്ങൾ നിലനിറുത്തുന്ന രീതിയുണ്ടാവുമെങ്കിലും സാമൂഹ്യ അകലം പാലിക്കപ്പെടും. തന്ത്രിയുടെയും, പന്തളം കൊട്ടാരത്തിന്റെയും അഭിപ്രായങ്ങൾ മാനിക്കും. പമ്പാ സ്‌നാനം ഒഴിവാക്കും. തിരുവാഭരണ ഘോഷയാത്രയും തങ്കഅങ്കി ഘോഷയാത്രയും സംബന്ധിച്ച് പ്രത്യേക യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മെമ്പർമാരായ അഡ്വ. കെ.എസ്.രവി, അഡ്വ. എൻ.വിജയകുമാർ എന്നിവരും ഉണ്ടായിരുന്നു. ദേവസ്വം ആറന്മുള എ.സി.എസ്.അജിത്കുമാർ, വലിയ കോയിക്കൽ എ.ഒ.എസ്.രാജിവ്കുമാർ, വലിയ കോയിക്കൽ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് പൃഥി പാൽ, നഗരസഭാ കൗൺസിലർ കെ.ആർ.രവി, ദേവസ്വം ഇലക്ട്രിക് എക്‌സിക്യൂട്ടീവ് എൻജിനിയർ ബി.രാജേഷ് കുമാർ എന്നിവർ സംബന്ധിച്ചു.