പത്തനംതിട്ട : പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ മൈലാടുംപാറ പ്രദേശത്തെ പഴയ പൈപ്പ് ലൈനുകൾ മാറ്റി പുതിയവ ഇടാനും പുതിയ പമ്പ് സെറ്റ് സ്ഥാപിക്കുവാനുമായി 31,30, 000 രൂപ അനുവദിച്ചു. വീണാ ജോർജ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. മൈലാടുംപാറ വളവുങ്കൽ കോട്ടമുക്ക് വരെയുള്ള ഭാഗത്തെ ഇരുവശത്തുമായുള്ള ഒന്നര കിലോമീറ്റർ പൈപ്പുലൈനുകളാണ് മാറ്റി പുതിയവ ഇടുന്നത്. കാലപ്പഴക്കം ചെന്ന പഴയ പൈപ്പുകൾ മിക്ക ദിവസങ്ങളിൽ പൊട്ടുന്നത് മൂലം റോഡിന്റെ ടാറ് ഇളകുന്നത് പതിവാണ്. മലയാലപ്പുഴ ക്ഷേത്രം, മുസലിയാർ എൻജിനീയറിംഗ് കോളേജ് തുടങ്ങിയിടത്തേക്കുള്ള പ്രധാന പാതയാണ് ഈ റോഡ്. കുമ്പഴ ജംഗ്ഷൻ മുതൽ മലയാലപ്പുഴ വരെ 4 കോടി രൂപ ചെലവിൽ ഉന്നത നിലവാരത്തിൽ റോഡ് നവീകരിക്കുന്നതിനുള്ള പണികൾ ആരംഭിക്കുന്നതിന് മുന്നോടിയായാണ് പഴയ പൈപ്പ് ലൈനുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നത്.

വളവുങ്കൽ വാട്ടർ ടാങ്കിന്റെ തകരാറുകൾ പരിഹരിച്ചു

നിലവിലുള്ള വളവുങ്കൽ വാട്ടർ ടാങ്കിന്റെ,വാൽവിന്റെ തകരാറുകൾ പരിഹരിച്ചു. പുതിയ ലാഡർ സ്ഥാപിക്കുന്നതും, പെയിന്റിംഗ് ജോലികൾ ഉൾപ്പടെയുള്ള അറ്റകുറ്റപണികൾ നടത്തി ടാങ്കിന്റെ നവീകരണ പ്രവർത്തനങ്ങളും ഇതോടൊപ്പം നടത്തും. 60 എച്ച്.പി പമ്പ്‌സെറ്റും, ഉന്നത നിലവാരമുള്ള പി.വി.സി പൈപ്പുകളുമാണ് സ്ഥാപിക്കുന്നത്. നിരന്തരമായുള്ള പൈപ്പുപൊട്ടൽ മൂലം പ്രദേശവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ഇതോടെ പരിഹാരമാകും. ജലവിതരണം വേഗത്തിലാക്കുന്നവഴി സമീപ വാർഡുകളിലെ ജനങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

------------------

പദ്ധതി പൂർത്തീകരിക്കുന്നതോടെ മൈലാടുംപാറ പ്രദേശത്തെ ജലക്ഷാമത്തിന് പരിഹാരമാകും

വീണാ ജോർജ്

(എം.എൽ.എ )

-----------------

-പൈപ്പ്‌ലൈൻ നവീകരണത്തിന് 31 ലക്ഷം രൂപ

-സമീപ വാർഡുകളിലെ ജനങ്ങൾക്കും പ്രയോജനം

-പഴയ പൈപ്പുലൈനുകൾ മാറ്റും