 
പന്തളം: പന്തളം ചന്തയ്ക്കു സമീപം നിൽക്കുന്ന മാവുകൾ വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്തംഗം രഘു പെരുമ്പുളിക്കലിന്റെ നേതൃത്വത്തിൽ മാവിൻ ചുവട്ടിൽ സത്യാഗ്രഹം നടത്തി.
പക്ഷിക്കാഷ്ഠത്തിൽ നിന്ന് രക്ഷനേടാൻ പിപിഇ കിറ്റ് ധരിച്ച് ഇന്നലെ രാവിലെ 10 മുതൽ ഉച്ച വരെയായിരുന്നു സത്യാഗ്രഹം. സുഹൃത്തുക്കളായ അജി മുരുപ്പേൽ, സി.എ. ഭാസ്‌കരൻ എന്നിവരും ഉണ്ടായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് യൂണിയൻ, വ്യാപാരി വ്യവസായികൾ, കെ എസ് യു പ്രവർത്തകർ, വഴിയാത്രക്കാർ ,റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പിന്തുണയുമായെത്തി.
പന്തളം മാവേലിക്കര റോഡരികിലാണ് നൂറു വർഷത്തോളം പ്രായമുള്ള രണ്ടു മാവുകൾ . ദേശാടനപ്പക്ഷികളുൾപ്പെടെ യുള്ളവയുടെ ആവാസ കേന്ദ്രമാണ് ഇവ. . ഇതിനു താഴെയാണ് ഓട്ടോറിക്ഷാ സ്റ്റാൻഡും വ്യാപാര സ്ഥാപനങ്ങളും.
യാത്രക്കാരുടെയും വാഹനങ്ങളുടെയും മേൽ പക്ഷികൾ കാഷ്ഠിക്കുന്നതു പതിവാണ്.
രഘുവിന്റെ സമരത്തിനെതിരെ പ്രകൃതി സ്‌നേഹികളും രംഗത്തെത്തി. സമരം തുടങ്ങുന്നതിനു മുമ്പുതന്നെ അവർ മാവിനെ പൊന്നാടയണിയിക്കുകയും പോസ്റ്ററുകൾ പതിപ്പിക്കുകയും ചെയ്തിരുന്നു.