പത്തനംതിട്ട- അന്തർദേശീയ ഡോർഫിസം ദിനാചരണത്തോടനുബന്ധിച്ച് തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 6ന് വെബിനാർ നടക്കും. ഉയരം കുറഞ്ഞവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് വെബിനാർ. കുള്ളന്മാർ എന്നപേരിൽ പരിഹസിക്കപ്പെടുന്ന ഇവർ മറ്റെല്ലാവരെയും പോലെ ശാരീരികവും മാനസികവുമായ കഴിവുകളുള്ളവരാണ്. ഉയരം കുറഞ്ഞ ആളുകളുടെ വാട്‌സ് ആപ് ഗ്രൂപ്പും ഫേസ്ബുക്ക് ഗ്രൂപ്പും കേരളത്തിലുണ്ട്. ജനിതകപരമോ ആരോഗ്യപരമോ ആയ കാരണങ്ങളാൽ ജനിക്കുന്നവരാണ് ഇത്തരക്കാർ . അസ്ഥികളെ ബാധിക്കുന്ന ജനിതക പരിവർത്തനമാണ് ഇതിന്റെ പ്രധാന കാരണം. പ്രായപൂർത്തിയായ ഒരു മനുഷ്യൻ 147 സെന്റി മീറ്റർ ഉയരത്തിൽ കുറഞ്ഞതാണെങ്കിൽ ഈ ഗണത്തിൽപ്പെടുത്തുന്നു. ഇന്ന് സമൂഹത്തിലെ എല്ലാ മേഖലകളിലും ഇവരുണ്ട്. ഡോക്ടർമാർ, എൻജിനീയർമാർ എന്നിവർക്കുപുറമേ കലാകായിക ശാസ്ത്രരംഗങ്ങളിലും സാന്നിദ്ധ്യമറിയിക്കുന്നു. പക്ഷേ പൊതുസമൂഹം ഇവരെ ഉൾക്കൊള്ളാൻ തയാറാകുന്നില്ല. എല്ലാ രംഗങ്ങളിൽ നിന്നും മാറ്റിനിറുത്തുന്നു. സൂം മീറ്റിംഗിലൂടെയാണ് ബിലീവേഴ്‌സ് ആശുപത്രിയിൽ വെബിനാർ നടക്കുന്നത്. ആശുപത്രിയിലെ ബയോ കെമിസ്ട്രി വകുപ്പിലെ ട്യൂട്ടറായ ലിൻ എലിസബത്ത് തോമസ് മോഡറേറ്ററായിരിക്കും. ഡോ. കുഞ്ഞമ്മ റോയി, ഡോ. ജോജി ജോഷ്വാ ഫിലിപ്പോസ്, ഡോ. അനുലേഖ എം. ജോൺ, ഡോ. സിജോ അലക്‌സ് എന്നിവർ പങ്കെടുക്കും.