മല്ലപ്പള്ളി: ലൈഫ് മിഷന് ഫ്‌ളാറ്റുകൾ നിർമ്മിക്കുന്നതിന് മല്ലപ്പള്ളിയിൽ പഞ്ചായത്തിൽ ഭൂമി വാങ്ങി. നെല്ലിമൂട് മുക്കൂർ റോഡിൽ തരുണാമുറിയിൽ പുരയിടത്തിലെ ഒന്നേകാൽ ഏക്കർ ഭൂമിയാണ് മല്ലപ്പള്ളി സബ് റെജിസ്ട്രാർ ഓഫീസിൽ പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ കഴിഞ്ഞദിവസം വാങ്ങിയത്. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്,ആനിക്കാട്,കല്ലൂപ്പാറ,മല്ലപ്പള്ളി എന്നീ പഞ്ചായത്തുകളിലെ ജനപ്രതിനിധികളെയും സെക്രട്ടറിമാരെയും ഉൾപ്പെടുത്തി സംയുക്ത കമ്മിറ്റി രൂപീകരിച്ച് നടത്തിയ പ്രവർത്തനങ്ങൾക്കൊടുവിലാണ് ഭൂമി കണ്ടെത്തിയത്. 61 കുടുംബങ്ങൾക്ക് ഈ പദ്ധതിയിലൂടെ ആദ്യഘട്ടത്തിൽ ഭവനങ്ങൾ സ്വന്തമാകും. നാല് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സംയുക്തമായി 63 ലക്ഷത്തോളം രൂപാ ചെലവഴിച്ചാണ് ഭൂമി സ്വന്തമാക്കിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് പറഞ്ഞു. വിനിയോഗം സംബന്ധിച്ച് പഞ്ചായത്തുകൾ തമ്മിലുള്ള ധാരണാ പത്രം ഉടൻ തയാറാക്കും.ജില്ലയിൽ ആദ്യമായാണ് ലൈഫ് ഭവന പദ്ധതിയിൽ ഇത്തരത്തിൽ സംയുക്ത പദ്ധതി തയാറാക്കി വസ്തു വാങ്ങുന്നതെന്നും ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു, കല്ലുപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ചാക്കോ എന്നിവർ പറഞ്ഞു. ഭൂമിയുടെ ആധാരകൈമാറ്റം ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ഉടൻ നടക്കും. ഇവിടെ ഫ്‌ളാറ്റ് നിർമ്മിക്കുന്നതിന് ജില്ലാ പഞ്ചായത്തിനോട് മൂന്ന് കോടി രൂപാ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനുവദിക്കുന്ന മുറക്ക് ആദ്യഘട്ട നിർമ്മാണ പ്രവർത്തങ്ങൾ ആരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ പറഞ്ഞു.