 
തിരുവല്ല: രാജ്യാന്തര നിലവാരത്തിൽ നിർമ്മിക്കുന്ന കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിന്റെ ഒന്നാംഘട്ട ടാറിംഗിന് നടപടി തുടങ്ങി.. അഞ്ചര മീറ്റർ വീതിയിലാണ് റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്യുന്നത്. ടാർ ചെയ്യേണ്ട ഭാഗം അളന്ന് തിട്ടപ്പെടുത്തുന്ന ജോലികൾ കാവുംഭാഗം ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു. ഭൂഗർഭ കേബിളുകളും ജലവിതരണക്കുഴലുകളും മാറ്റി സ്ഥാപിക്കുന്ന ജോലികളും ആരംഭിച്ചിട്ടുണ്ട്. ഓടകളുടെ നിർമ്മാണവും തുടങ്ങി. നവംബർ രണ്ടാം വാരത്തോടെ റോഡിന്റെ മൂന്നാംഘട്ട മെറ്റലിംഗും ഒന്നാംഘട്ട ടാറിംഗും ആരംഭിക്കും. 98 ശതമാനം സ്ഥലം ഏറ്റെടുക്കലും പൂർത്തിയായി. കാവുംഭാഗം ജംഗ്‌ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓടയുടെ നിർമ്മാണവും തുടങ്ങി. കാലാവസ്ഥ അനുകൂലമായാൽ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് അധികൃതർ പറഞ്ഞു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള 16.9 കോടി രൂപ ചെലവഴിച്ചാണ് 5 കിലോമീറ്റർ ദൂരമുള്ള റോഡ് പുനർ നിർമ്മിക്കുന്നത്. പാലാത്ര കൺസ്ട്രക്ഷൻസിനാണ് നിർമ്മാണ ചുമതല.