(രണ്ട്)
'പഠിച്ചതെല്ലാം പെട്ടെന്നു മറന്നു പോകുന്നു.'
തന്റെ മകനെ അല്ലെങ്കിൽ മകളെ പറ്റി പല രക്ഷിതാക്കളും വളരെ വിഷമത്തോടു കൂടി പറയുന്ന ഒരു സംഗതിയാണിത്. ചില വിദ്യാർത്ഥികളും ഇങ്ങനെ പറയാറുണ്ട്. മറവി പലപ്പോഴും ജീവിതത്തിൽ ഒരനുഗ്രഹമാണെന്നും പറയാറുണ്ട്. എന്നാൽ, കുട്ടി മുമ്പു പഠിച്ച കാര്യങ്ങൾ അവശ്യ സന്ദർഭങ്ങളിൽ (ജീവിത സന്ദർഭങ്ങളിലോ പഠന / പരീക്ഷാ വേളകളിലോ ) മറവി മൂലം പ്രയോജനപ്പെടുത്താൻ കഴിയാതെ പോയാലോ? എങ്കിൽ, ശരിയായ പഠനം നടന്നിട്ടില്ല എന്നു തന്നെ പറയേണ്ടി വരും. മറവിക്ക് പല കാരണങ്ങളുമുണ്ട്. ആവശ്യകതാ ബോധത്തോടെയല്ലാത്ത പഠനം, മുമ്പു പഠിച്ചവയെ പുതിയ കാര്യങ്ങളുമായി ബന്ധിപ്പിക്കാതെയുള്ള പഠനം, കുട്ടിയുടെ പ്രായവും നിലവാരവും താത്പര്യവും പരിഗണിക്കാതെയുള്ള പഠിപ്പിക്കൽ, ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളും അസ്വസ്ഥതകളും, പോഷണക്കുറവ്,മന:പാഠമാക്കിയുള്ള പഠനം ഇവയൊക്കെ പഠനവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മറവിക്കുള്ള കാരണങ്ങളായി തീരാം. ചുരുക്കത്തിൽ, പഠിക്കേണ്ട ശരിയായ രീതിയിൽ പഠിക്കാൻ കുട്ടിക്ക് സന്ദർഭം ലഭിക്കാത്തതോ,കുട്ടിയുടെ വ്യക്തിഗതമായ ശക്തി ദൗർബല്യങ്ങൾ കൂടി പരിഗണിച്ച് പഠിപ്പിക്കാൻ കഴിയാത്തതോ ആണ് പഠനം കാര്യക്ഷമമാകാത്തതിന്റെ പ്രധാന കാരണം.ഇത് മറവിക്കു കാരണമായി തീരും.
ക്ലാസിൽ പറഞ്ഞു കൊടുത്തതോ പാഠപുസ്തകത്തിലുള്ളതോ ആയ കാര്യങ്ങൾ കുട്ടി മനസിലാക്കിയോ അല്ലാതെയോ അതേപടി മന:പാഠമാക്കാനാകാം ശ്രമിച്ചിട്ടുള്ളത്. ഇത് മറന്നു പോകുന്നത് സ്വാഭാവികം മാത്രം. ഇങ്ങനെയുള്ള പീനത്തിൽ ( യഥാർത്ഥത്തിൽ ഇത് പീനമല്ല) കുട്ടിയുടെ ചിന്താപരമായ കഴിവുകൾക്ക് യാതൊരു പരിഗണനയും നൽകുന്നില്ല. ചിന്തിച്ചു പഠിക്കാനും അങ്ങനെ കുട്ടിയുടെ ചിന്താപരമായ കഴിവ് വികസിപ്പിക്കാനുമുള്ള അവസരമാണ് നഷ്ടമാകുന്നത്.
കുട്ടി അറിവ് നിർമ്മിച്ചും ചിന്തിച്ചും പഠിക്കട്ടെ
പിയാഷേ, എൽ.എസ് വിഗോട്‌സ്‌കി, ജെറോം എസ്.ബ്രൂണർ, നോം ചോംസ്‌കി തുടങ്ങിയ ആധുനിക വിദ്യാഭ്യാസ ചിന്തകർ പഠനത്തിൽ കുട്ടിയുടെ ചിന്താശേഷികൾക്കുള്ള പ്രാധാന്യം എടുത്തു പറയുന്നു. അദ്ധ്യാപകർ ക്ലാസിൽ അറിവുകൾ പറഞ്ഞു കൊടുക്കുകയും കുട്ടികൾ അത് കേട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന പരമ്പരാഗത രീതിയല്ല ഇത്.ആശയങ്ങളും സിദ്ധാന്തങ്ങളും തത്വങ്ങളുമെല്ലാം കുട്ടികൾ തന്നെ രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്.ഇത് ജ്ഞാന നിർമ്മിതിവാദം എന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നാൽ, ഇങ്ങനെ അറിവുകൾ നിർമ്മിക്കാൻ കുട്ടികളെക്കൊണ്ട് കഴിയുമോ? സാധിക്കും എന്നാണ് ക്ലാസ് മുറികളിലെ അനുഭവങ്ങൾ തെളിയിക്കുന്നത്. ( അറിവു നിർമ്മാണ പ്രക്രിയ). ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാനുള്ള സാഹചര്യം സൃഷ്ടിച്ചു കൊടുക്കേണ്ടത് അദ്ധ്യാപികയാണ്. ക്ലാസിൽ നിന്നും വിവരശേഖരണത്തിനും മറ്റുമുള്ള പ്രവർത്തനങ്ങൾ നൽകുമ്പോൾ കുട്ടിക്കാവശ്യമായ സഹായങ്ങൾ വീട്ടിൽ ചെയ്തു കൊടുക്കാം. അവനു പകരമായി രക്ഷിതാവു തന്നെ പഠന പ്രവർത്തനങ്ങൾ ചെയ്യുകയല്ല വേണ്ടത്. ഒരു കാരണവശാലും കുട്ടിയ്ക്കു ബോദ്ധ്യപ്പെടാത്ത ഒരു കാര്യവും അവനിൽ അടിച്ചേല്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം. വീട്ടിലെടുക്കുന്ന തീരുമാനങ്ങളിൽ കുട്ടിയുടെ അഭിപ്രായവും പരിഗണിക്കണം. ആനുകാലിക സംഭവങ്ങളെയും പ്രശ്‌നങ്ങളെയും അടിസ്ഥാനമാക്കി ആരോഗ്യകരമായ ചർച്ചകളും സംവാദങ്ങളും നടത്താം. കുട്ടിയുടെ പ്രായം കണക്കിലെടുക്കണമെന്നു മാത്രം. രക്ഷിതാവിന്റെ മേൽനോട്ടത്തിൽ വീട്ടിൽ സ്വയം പ്രവർത്തിക്കാനും ചിന്തിക്കാനുമുള്ള അവസരങ്ങളും കുട്ടിക്കു നൽകുന്നത് നല്ലതാണ്.
ഡോ.ആർ.വിജയമോഹനൻ