district-tadium
പത്തനംതിട്ട ജില്ലാ സ്റ്റേഡിയം

പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ഓട്ടമത്സരം നടക്കുകയാണ്. രണ്ടേ രണ്ടുപേരാണ് ഒാട്ടക്കാർ. ഒന്ന് വീണാജോർജ് എം.എൽ.എ. മറ്റേയാൾ നഗരസഭാ ചെയർപേഴ്സൺ റോസ്‌ലിൻ സന്തോഷ്. ഇൗ ഓട്ടം തുടങ്ങിയിട്ട് രണ്ട് വർഷം തികയുന്നു. ഇപ്പോൾ അവസാന ലാപ്പാണ്. നഗരസഭയ്ക്ക് വേണ്ടി മുൻ ചെയർപേഴ്സൺമാരായ രജനി പ്രദീപും ഗീതാസുരേഷും ഓടിത്തളർന്നു. അവർ കസേരകളിൽ നിന്ന് ഇടയ്ക്ക് ഇറങ്ങിപ്പോന്നപ്പോൾ പകരം കയറിയാണ് റോസ്‌ലിൻ സന്തോഷ് നഗരസഭയുടെ ബാറ്റൺ പിടിക്കുന്നത്. താരങ്ങളെ മാറ്റുന്നത് ടീമിന്റെ ആഭ്യന്തര കാര്യമെന്ന നിലയിൽ അതു വിട്ടേക്കാം. പക്ഷെ, ഇൗ ഓട്ടം എന്നു തീരുമെന്നാണ് കായികപ്രേമികൾ ചോദിക്കുന്നത്. ഇരു വിഭാഗത്തിനും വേണ്ടി മത്സരിച്ച് കൈയടിച്ച് അവർക്ക് മടുത്തു. എന്നിട്ടും ഒാട്ടം നിറുത്താൻ എം.എൽ.എയും ചെയർപേഴ്സണും തയ്യാറല്ല. ഇടയ്‌ക്ക് പരസ്പരം ഇടിച്ചു വീഴ്‌ത്താനും കത്തയച്ച് കുത്താനും ശ്രമിക്കുന്നുണ്ട്. റഫറിയുടെ റോളിൽ നിൽക്കേണ്ട ജില്ലാ സ്പോർട്സ് കൗൺസിൽ രാഷ്ട്രീയം കളിച്ച് എം.എൽ.എയ്ക്ക് വേണ്ടി പക്ഷം പിടിക്കുന്നതായി നഗരസഭ മുറുമുറുക്കുന്നു.

കളിയിലെ കാര്യം

2018ൽ സംസ്ഥാന സ്‌പോർട്സ് മന്ത്രി ഇ.പി. ജയരാജൻ ഒരു പ്രഖ്യാപനം നടത്തി. ജില്ലാ സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായി 50 കോടി വീതം അനുവദിച്ചിരിക്കുന്നു. കിഫ്ബി മുഖേന പദ്ധതി നടപ്പാക്കും. ഒറ്റ കണ്ടീഷൻ, ഡയറക്ടറേറ്റ് ഒാഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സുമായി സ്‌റ്റേഡിയങ്ങളുടെ നിലവിലെ ഉടമസ്ഥർ ധാരണാപത്രം ഒപ്പിടണം. കാര്യം നിസാരം. പക്ഷേ, പത്തനംതിട്ടയിൽ പ്രശ്നം ഗുരുതരമായി. പത്രത്തിൽ ഒപ്പിടണമെങ്കിൽ സർക്കാർ 50 കോടി മുടക്കിയാലും ഉടമസ്ഥർ തങ്ങൾ തന്നെയായിരിക്കണമെന്ന് നഗരസഭ ഡിമാൻഡ് വച്ചു. നഗരമദ്ധ്യത്തിൽ കോടികൾ വിലമതിക്കുന്ന 14 ഏക്കർ കൈയിൽ നിന്നു പോയാലുള്ള നഗരസഭയുടെ സ്ഥിതി പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.

തന്റെ ശ്രമഫലമായി തുക അനുവദിപ്പിച്ചെന്ന് അവകാശപ്പെട്ട എം.എൽ.എ നഗരസഭയുടെ ഡിമാൻ‌ഡ് സമ്മതിച്ചു കൊടുക്കാൻ തയ്യാറായില്ല. അങ്ങനെ തർക്കം മൂത്തപ്പോൾ സ്റ്റേഡിയത്തിൽ വിവാദത്തിന്റെ പന്തുരുണ്ടു. ഇങ്ങനെ പോയാൽ 50 കോടി പത്തനംതിട്ടയ്ക്ക് കിട്ടില്ലെന്ന് സ്പോർട്സ് മന്ത്രി കണ്ണുരുട്ടി. എം.എൽ.എയും നഗരസഭയും സ്പോർട്സ് കൗൺസിലും ചേർന്ന് മന്ത്രിയുമായി ചർച്ച നടത്തി. സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം നഗരസഭയ്ക്ക് നഷ്ടമാകില്ലെന്ന് ഉറപ്പു കൊടുത്തു. അങ്ങനെ സൗഹൃദത്തിന്റെ പച്ചപ്പ് തെളിഞ്ഞപ്പോൾ ആരോ ഇടങ്കോലു വച്ചു. നഗരസഭ വീണ്ടും ഇടഞ്ഞു. സന്തറ്റിക് ട്രാക്കും ഫുട്ബോൾ മൈതാനവും നീന്തൽക്കുളവുമൊക്കെയായി അന്താരാഷ്ട്ര നിലവാരത്തിൽ ജില്ലാ സ്റ്റേഡിയം പുതുക്കിപ്പണിഞ്ഞാൽ, നഗരസഭ നടത്തുന്ന കായിക മത്സരത്തിനായാലും രാണ്ടാഴ്ച മുൻപ് സ്പോർട്സ് ഡയറക്ടറേറ്റിന്റെ അനുമതി വാങ്ങണമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്ന് പുതിയ വാദം വന്നു. മൈതാനം സംരക്ഷിക്കുന്നതിന് സ്റ്റേഡിയത്തിന്റെ വാതിൽ താഴിട്ട് പൂട്ടിയാൽ അംഗീകരിക്കാനാവില്ലെന്നും നഗരസഭ. എല്ലാ ദിവസവും രാവിലെയും വൈകിട്ടുമുള്ള നടപ്പുകാർക്ക് സ്റ്റേഡിയത്തിൽ കയറാനാകില്ലെന്നും ആശങ്ക പടർന്നു. എല്ലാത്തിനും ഉത്തരം കിട്ടാതെ പത്രത്തിൽ ഒപ്പിടില്ലെന്ന് നഗരസഭ വീണ്ടും വാശിയോടെ നിന്നു. തർക്കം നീണ്ട് വർഷം രണ്ടു കഴിഞ്ഞു. എല്ലാം അംഗീകരിച്ചിട്ടും നഗരസഭ ധാരണ പാലിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം എം.എൽ.എ കത്തുകൊണ്ടൊരു കുത്ത്കുത്തി. തങ്ങൾ ഉന്നയിച്ച കാര്യം എം.എൽ.എയും സർക്കാരും അംഗീകരിച്ചാൽ ഒപ്പിടാൻ റെഡിയെന്നായി നഗരസഭയുടെ മറുകുത്ത്.

തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തുവരുന്നതു കണ്ടാണ് ഇരുപക്ഷത്തിന്റെയും കത്തിൽക്കുത്തെന്നാണ് ജനസംസാരം.

മറ്റ് ജില്ലാ സ്റ്റേഡിയങ്ങളിലെ പണികൾ പൂർത്തീകരണത്തിലേക്ക് എത്തിയപ്പോൾ പത്തനംതിട്ടയുടെ സ്ഥിതി കണ്ട് പരിതപിക്കുകയാണ് നാട്ടുകാർ.

കൊടുമണ്ണിനെ കാണിച്ച്

ഐസക്കിന്റെ കൊട്ട്

നിസാര തർക്കത്തിൽ കുടുങ്ങി പത്തനംതിട്ട ജില്ലാ സ്റ്റേഡിയം വികസനം അനിശ്ചിതത്വത്തിലായപ്പോൾ കിഫ്ബി പദ്ധതിയിൽപ്പെടുത്തി സംസ്ഥാനത്തെ ആദ്യ സ്റ്റേഡിയം കൊടുമണ്ണിൽ പൂർത്തിയാവുകയാണ്. 14 കോടി ചെലവിൽ നിർമ്മിക്കുന്ന കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിന്റെ കാര്യം ധനമന്ത്രി തോമസ് ഐസക്ക് നേരത്തേ ഫെയ്സ് ബുക്കിലൂടെ പങ്കുവച്ചിരുന്നു. പത്തനംതിട്ടക്കാർ കൊടുമൺ സ്റ്റേഡിയം വന്നൊന്നു കാണൂ. ധാരണ പാലിച്ചാൽ ജില്ലാ സ്റ്റേഡിയവും വേഗത്തിൽ പണി തീർക്കാൻ തയ്യാറാണ്. നഗരത്തിൽ കാടുപിടിച്ച കിടക്കേണ്ട അവസ്ഥയാണ് ജില്ലാ സ്റ്റേഡിയത്തിന് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊടുമണ്ണിലെ സ്റ്റേഡിയത്തിന് പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും സർക്കാരും ഒന്നിച്ചു. രാഷ്ട്രീയത്തിന്റെ പേരിലുള്ള അധികാരത്തർക്കത്തിൽ ജില്ലാ സ്റ്റേഡിയത്തിന്റെ പണി മുടങ്ങിയപ്പോൾ കായികതാരങ്ങളുടെ വലിയ പ്രതീക്ഷകൾ നശിക്കുകയാണ്. സിന്തറ്റിക് ട്രാക്ക് പരിശീലനത്തിന് പത്തനംതിട്ടക്കാർ മറ്റ് ജില്ലകളിലേക്ക് ചേക്കേറുകയാണ്.