 
പ്രമാടം : ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളും അവരുടെ പ്രതീക്ഷകളും നിറവേറ്റിയ അഞ്ച് വർഷമാണ് കടന്നുപോയതെന്ന് പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ അവകാശപ്പെടുന്നു. സമസ്ത മേഖലകളിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നാണ് പ്രമാടം.19 വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന പഞ്ചായത്തിൽ 35000 ത്തോളം ജസംഖ്യയുണ്ട്. 1953ൽ പ്രമാടം പഞ്ചായത്ത് രൂപീകരിച്ച കാലം മുതൽ യു.ഡി.എഫാണ് ഭരണം നടത്തുന്നത്.
നേട്ടങ്ങൾ ....
ജില്ലയിലെ ഏറ്റവും മികച്ച പച്ചക്കറി ഗ്രാമമായി പ്രമാടം തെരഞ്ഞെടുക്കപ്പെട്ടു.
തരിശു കിടന്നിരുന്ന ഭൂമികൾ കൃഷിയോഗ്യമാക്കി.
മൂന്നു പച്ചക്കറി ക്ലസ്റ്ററുകൾ പ്രവർത്തിക്കുന്നു
പൂങ്കാവിൽ പച്ചക്കറി വിപണന കേന്ദ്രം തുടങ്ങി.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള വിവിധ പദ്ധതികൾ നടപ്പാക്കി വരുന്നു. മൃഗാശുപത്രിക്ക് പുതിയ കെട്ടിടമായി. ക്ഷീരകർഷകർക്ക് പാലിന് ആദ്യമായി മിൽക്ക് ഇൻസെന്റീവ് ഏർപ്പെടുത്തി.
23 ചെറുകിട കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്നു. 60 ഭവനങ്ങൾ സഹകരണത്തോടെ പൂർത്തീകരിച്ചു. നിർദ്ധനരായ നിരവധി ആളുകൾക്ക് വീടും സ്ഥലവും വാങ്ങി നൽകി.
ശുചിത്വ പദവി
ഭവനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നു. സ്വന്തംമെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെൻറർ ആരംഭിച്ചു. രണ്ടു വാർഡുകളിൽ മിനി എം.സി.എഫ് നിർമ്മിക്കാൻ നടപടി സ്വീകരിച്ചു. പൊതുടോയ്ലറ്റുകളും ടെയ്ക്ക് എ ബ്രേക്ക് പദ്ധതിയും നടപ്പാക്കി. ആശുപത്രികൾക്ക് സ്വന്തം കെട്ടിടവും അനുബന്ധ ക്രമീകരണങ്ങളും ഒരുക്കി. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നു.എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങൾക്കും സ്വന്തം കെട്ടിടം.ആയുർവേദ ഡിസ്‌പെൻസറിയുടെ ഉപകേന്ദ്രം പൂങ്കാവിൽ തുടങ്ങാൻ നടപടി. പഞ്ചായത്തിന്റെ ചുമതലയിലുള്ള അഞ്ച് എൽ.പി സ്‌കൂളുകളിലും ഹൈടെക് ക്ലാസ് മുറികൾ നിർമ്മിച്ചു നൽകി. മറ്റുള്ള സ്‌കൂളുകൾക്ക് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കുടിവെള്ളം,ടോയ്ലറ്റ് സൗകര്യങ്ങൾ മറ്റു വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിവ നിർമ്മിച്ച് നൽകി.ഗവ.എൽ.പി സ്‌കൂളിലേക്ക് പുതിയ ക്ലാസ്മുറികൾ നിർമ്മിച്ചു. നാല് അങ്കണവാടികൾക്ക് പുതിയ കെട്ടിടം നിർമിച്ചു.25 അങ്കണവാടികൾ ശിശുസൗഹൃദമാക്കി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം മുതൽ സജീവം. തൊഴിലുറപ്പ് പദ്ധതിയിൽ കോന്നി ബ്ലോക്കിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ചു. കിണർ,കാലിത്തൊഴുത്ത്, മീൻകുളം ,കോഴിക്കൂട് ,ആട്ടിൻകൂട്,കൈയാലകൾ എന്നിവ പൂർത്തീകരിച്ചു. വഴിവിളക്കുകൾ സ്ഥാപിച്ചു.എല്ലാ ഗ്രാമീണ റോഡുകളും സഞ്ചാരയോഗ്യമാക്കി. പട്ടികജാതി സങ്കേതങ്ങളിൽ ഒരുകോടി രൂപയുടെ പദ്ധതി നടപ്പാക്കി.പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൈക്കിൾ,ലാപ്‌ടോപ്, പഠനോപകരണങ്ങൾ, വയോജനങ്ങൾക്ക് കട്ടിൽ, കുടുംബങ്ങൾക്ക് വാട്ടർടാങ്ക് തുടങ്ങിയവ നൽകി.ജനകീയ ഹോട്ടലിൽ 25 രൂപ ക്രമത്തിൽ ഉച്ചയൂണ് നൽകുന്നു. ഇളകൊള്ളൂർ സാംസ്‌കാരിക നിലയത്തിന് പുതിയ കെട്ടിടം നിർമ്മിച്ചു.
---------------------
ത്രിതല പഞ്ചായത്ത് സംവിധാനത്തെ ഏകോപിപ്പിക്കാനും ജനപ്രതിനിധികളെ രാഷ്ട്രീയ സങ്കുചിത താല്പര്യങ്ങൾക്ക് അപ്പുറത്ത് പഞ്ചായത്തെന്ന പൊതു കാഴ്ചപ്പാടിലേക്ക് എത്തിക്കുന്നതിനും പരമാവധി ശ്രമിച്ചിട്ടുണ്ട്.
റോബിൻ പീറ്റർ
(ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
----------------------
അഴിമതിയും കെടുകാര്യസ്ഥതയും
അഴിമതിയും കെടുകാര്യസ്ഥതയുമാണ് അഞ്ച് വർഷം അരങ്ങേറിയത്. ജനോപകാര പ്രദമായ പല പദ്ധതികളും പാതിവഴിയിലാണ്. സ്ഥിരം മാലിന്യ സംസ്കരണ കേന്ദ്രമില്ല. പൂങ്കാവ്,വി.കോട്ടയം, വകയാർ മാർക്കറ്റുകളിൽ മാലിന്യ സംസ്കരണ സംവിധാനമില്ല. പൊതുശ്മശാനമില്ല. പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുരോഗതിയില്ല. ശുദ്ധജലവിതരണം കാര്യക്ഷമമല്ല.
കെ.എം.മോഹനൻ
(എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ)