milk

പത്തനംതിട്ട : മലയാളി കണികണ്ടു ഉണർന്നിരുന്ന നന്മയിലും വ്യാജൻമാരുടെ കടന്നുകയറ്റം. ശുദ്ധമെന്നും വിശ്വസ്തമെന്നും

കരുതിയിരുന്ന മിൽമാ പാൽ വാങ്ങുമ്പോൾ ഇനി ഏറെ ശ്രദ്ധവേണം. നീലയും വെള്ളയും നിറത്തിലുള്ള കവറിൽ വിപണിയിൽ എത്തുന്ന പാലിന് മേന്മ, മൈമ എന്നീ പേരുകളിൽ വ്യാജൻമാരുമുണ്ട്. മിൽമാ എന്ന ഇംഗ്ളീഷിലുള്ള അക്ഷരങ്ങളും പശുവിന്റെ ചിത്രവും ലേഒൗട്ടും അതേപ്പടി കോപ്പിയടിച്ചാണ് വ്യാജൻമാരുടെ വരവ്. കെട്ടിലും മട്ടിലും മിൽമയാണന്ന് തോന്നുന്ന കവർ പാൽ 450 മില്ലിലിറ്ററിന് 23 രൂപ നൽകി വാങ്ങി നിരവധിയാളുകൾ ഇതിനോടകം വഞ്ചിതരായി.

പത്തനംതിട്ടയിൽ വ്യാപകമായി മിൽമയുടെ അതേരീതിയിലുള്ള കവറിൽ മേന്മ എന്ന പേരിലുള്ള പാൽ വിറ്റഴിക്കുന്നതായി പരാതിയുണ്ട്. വഞ്ചിതരായ ഉപഭോക്താക്കളിൽ പലരും പരാതികളുമായി മിൽമയെ സമീപിക്കുകയായിരുന്നു. എട്ട് മാസം മുമ്പാണ് മിൽമയുടെ അതേ കവറിലുള്ള പാൽ ഉപഭോക്താക്കളുടെ ശ്രദ്ധയിൽപ്പെടുന്നത്. അന്ന് മുതൽ പരാതി ലഭിക്കുന്നുണ്ടെന്ന് മിൽമ അധികൃതർ പറഞ്ഞു. തിരുവനന്തപുരം, പാലക്കാട്, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ നിന്നാണ് പരാതികൾ ഏറെയും. മേന്മ പത്തനംതിട്ടയിൽ നിന്നും മൈമ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുമാണ് വിപണിയിൽ എത്തുന്നത്.

കേന്ദ്ര സർക്കാരിന്റെ നിർദേശം അനുസരിച്ച് വിറ്റാമിൻ എ, ഡി എന്നിവ ഫോർട്ടിഫൈ ചെയ്ത് മിൽമാ പാലിൽ ചേർക്കുന്നുണ്ട്. ഗർഭിണികൾക്കും കുട്ടികൾക്കും വിറ്റാമിൻ ലഭിക്കാനാണിത്. ഇതാണ് മറ്റ് പാലുകളെ അപേക്ഷിച്ച് മിൽമയുടെ പ്രത്യേകത. പരാതി ഉയർന്നതോടെ മിൽമാ അധികൃതർ സ്വകാര്യ പാൽ കമ്പനികളോട് വിവരാന്വേഷണം നടത്തിയെങ്കിലും മേന്മ ഇതുവരെയും മറുപടി നൽകിയിട്ടില്ല. വ്യാജൻമാർ മിൽമായുടെ പതിവ് ഉപഭോക്താക്കളെ നിരന്തരം പറ്റിച്ചിട്ടും മിൽമാ അധികൃതർ പ്രശ്നത്തിന് അർഹമായ പരിഗണന നൽകാത്തതും ആക്ഷേപങ്ങൾക്ക് കാരണമാകുന്നു.

വ്യാപാരികളും കുറ്റക്കാർ

ഒരു ബ്രാൻഡിനോട് സാദൃശ്യമുള്ള തരത്തിൽ ഉല്പന്നങ്ങൾ നിർമ്മിച്ച് വിപണിയിൽ എത്തിക്കുന്നതും വിൽപ്പന നടത്തുന്നതും കുറ്റകരമാണ്. മിൽമാ പാലിനെ അപേക്ഷിച്ച് സ്വകാര്യ കമ്പനികളുടെ പാലിന് കമ്മിഷൻ കൂടുതൽ കിട്ടുന്നതിനാലാണ് വ്യാപാരികൾ ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കാൻ തയ്യാറാകുന്നതെന്നും ആക്ഷേപമുണ്ട്. ഉപഭോക്താവ് പരാതിപ്പെട്ടാൽ വ്യാപാരികൾക്കെതിരെയും നടപടിയുണ്ടാകാം.

"പരാതികൾ നിരവധി ലഭിച്ചിട്ടുണ്ട്. മൈമ,മേന്മ തുടങ്ങിയ പേരിൽ മിൽമയുടെ അതേരീതിയിലുള്ള കവർ ഉപയോഗിച്ച് പാൽ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ കേസിനായുള്ള തയാറെടുപ്പുകൾ നടത്തി. ലീഗൽ പ്രൊസിഡിംഗ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ ഉടൻ കേസ് മൂവ് ചെയ്യും.

രാജു സക്കറിയ

(മിൽമ മാർക്കറ്റിംഗ് മാനേജർ, തിരുവനന്തപുരം)

" കേസിന് പോകാൻ തന്നെയാണ് തീരുമാനം. എട്ട് മാസം ആയി പരാതികൾ ലഭിച്ചു തുടങ്ങിയിട്ട്. കബളിക്കപ്പെട്ട ഉപഭോക്താവ് മിൽമയുടെ ഏജന്റിൽ നിന്നാണ് വാങ്ങിയതെങ്കിൽ പകരം പാൽ നൽകും. "

സൂസൻ തോമസ്

(പത്തനംതിട്ട മിൽമ മാനേജർ)

"വർഷങ്ങളായി മിൽമാ പാൽ ഉപയോഗിക്കുന്നതാണ്. കഴിഞ്ഞ ദിവസം കടയിൽ ചെന്നപ്പോൾ ഫ്രീസറിൽ നിന്ന് തനിയെ പാൽ എടുത്ത് വണ്ടിയിൽ വച്ചതിന് ശേഷമാണ് പേര് ശ്രദ്ധിച്ചത്. അപ്പോഴാണ് മിൽമ അല്ലെന്ന് അറിയുന്നത്. ഇത് ഉപഭോക്താവിനെ കബളിപ്പിക്കുന്നതിന് തുല്യമാണ്.

ലേഖാ സജി,

വീട്ടമ്മ