പന്തളം:വാളയാറിൽ മരിച്ച സഹോദരിമാരുടെ അമ്മയും പന്തളത്ത് 108 ആംബുലൻസിൽ പീഡിപ്പിക്കപ്പെട്ട പന്തളത്തെ കൊവിഡ് രോഗിയായ പെൺകുട്ടിയുടെ അമ്മയും സംസ്ഥാന സർക്കാരിന്റെ ദളിത് വിരുദ്ധതയുടെ ജീവിച്ചിരിക്കുന്ന പ്രതീകങ്ങളാണെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ പറഞ്ഞു. പന്തളത്തെ പെൺകുട്ടിയുടെ മാതാവിനെ സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പന്തളത്തെ പെൺകുട്ടിക്ക് സർക്കാർ ജോലി നൽകുകയും അമ്മയുടെ ജോലി സ്ഥിരമാക്കുകയും വേണം. കേസിലെ പ്രതിക്ക് ശക്തമായ ശിക്ഷ നൽകുന്നതിൽ സർക്കാരും പൊലീസും അലംഭാവം കാട്ടുകയാണ്. വാളയാർ കേസ് അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു. .അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പൂഴ്ത്തിയത് ആർക്കു വേണ്ടിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ, അടൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബിനുകുമാർ , പന്തളം മുനിസിപ്പൽ പ്രസിഡന്റ് രൂപേഷ് കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു