 
പത്തനംതിട്ട: കൊവിഡും ലോക്ക് ഡൗണും ഇല്ലാതാക്കിയ രാത്രി ജീവിതം മലയോരത്തിന് ഇനിയും വീണ്ടെടുക്കാനായിട്ടില്ല. സന്ധ്യ കഴിഞ്ഞാൽ ജില്ലാ ആസ്ഥാനത്ത് നിന്ന് ഒരു റൂട്ടിലേക്കും ബസില്ല. പ്രൈവറ്റ് ബസുകൾ നാമമാത്രമായാണുള്ളത്. രാത്രി ഏഴ് വരെ മാത്രമേ കെ.എസ്.ആർ.ടി.സി സർവീസ് ഉള്ളൂ. ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ നിലവിൽ വന്ന സാഹചര്യത്തിൽ രാത്രി സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കൊവിഡ് വ്യാപനം തടയാൻ ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരമാണ് രാത്രി ബസ് സർവീസുകൾ നിറുത്തലാക്കിയത്.
നേരത്തേയുറങ്ങുന്ന നഗരം എന്നാണ് പത്തനംതിട്ട അറിയപ്പെടുന്നത്. ഏഴ് മണിയോടെ നഗരം വിജനമാകുന്നതും ബസ് സർവീസുകൾ അവസാനിക്കുന്നതും കൊണ്ടാണ് ഇൗ വിശേഷണം കിട്ടിയത്. മാർച്ച് ആദ്യം കൊവിഡ് വ്യാപനം സംസ്ഥാനത്ത് ആദ്യമായി റാന്നിയിൽ സ്ഥിരീകരിച്ചപ്പോൾ ജില്ലയിലെ സാധാരണ ജീവിതം താറുമാറായി. ലോക്ക് ഡൗണിലെ ഇളവുകൾക്കു ശേഷവും ഇൗ ഭീതി വിട്ടുമാറിയിട്ടില്ല.
നിറുത്തിവച്ച ബസ് സർവീസുകൾ പുന:രാരംഭിച്ചപ്പോൾ യാത്രക്കാരില്ല. കളക്ഷനിൽ വൻ ഇടിവ്. തിരുവല്ല - ബാംഗ്ളൂർ സർവീസുകൾ മാത്രമാണ് ലാഭകരമെന്ന് കെ. എസ്.ആർ.ടി.സി അധികൃതർ പറയുന്നു.
350 സ്വകാര്യബസുകൾ, സർവീസ് നടത്തുന്നത് 150
സ്വകാര്യ ബസ് സർവീസുകളും വൻ നഷ്ടത്തിലാണ്. ലോക്ക് ഡൗണിന് മുൻപ് ജില്ലയിൽ 350 ബസുകൾ സർവീസ് നടത്തിയിരുന്നു. ഇപ്പോൾ ഒാടുന്നത് 150 ബസുകൾ. യാത്രക്കാരില്ലാത്തതിനാൽ രാത്രി ഏഴ് മണിയോടെ സർവീസുകൾ അവസാനിപ്പിക്കും. അടുത്ത മാർച്ച് വരെ സർക്കാർ നികുതി ഇളവ് അനുവദിച്ചാലേ സർവീസു മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂ.
കഴിഞ്ഞ ഏപ്രിൽ മുതൽ മൂന്നു മാസം കൂടുമ്പോൾ നികുതിയളവ് പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ മുതലുള്ളത് പ്രഖ്യാപിച്ചിട്ടില്ല.
വിവിധ സ്ഥലങ്ങളിലേക്ക് പത്തനംതിട്ടയിൽ നിന്നുള്ള
അവസാന സർവീസുകൾ
തിരുവല്ല : 7.40
കോന്നി : 6
കോട്ടയം : 4.45
ആലപ്പുഴ : 5.30
മുണ്ടക്കയം : 5.30
എരുമേലി : 5.45
റാന്നി : 6.50
അടൂർ : 6.10
ചെങ്ങന്നൂർ (ഇലവുംതിട്ട വഴി): 6.30
ലോക്ക് ഡൗണിന് മുൻപ് കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോയിലെ ഒരു ദിവസത്തെ ശരാശരി വരുമാനം
8.50 ലക്ഷം.
കഴിഞ്ഞ വെള്ളിയാഴ്ചത്തെ
വരുമാനം 1.50 ലക്ഷം.
'' കെ.എസ്.ആർ. ടി.സി രാത്രി സർവീസുകൾ ആരംഭിക്കണം. വ്യാപാര സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്നവർക്ക് രാത്രി ഏഴ് കഴിഞ്ഞാൽ വീട്ടിലേക്ക് മടങ്ങാൻ ബസില്ല. സ്വന്തമായി വാഹനം ഇല്ലാത്തവർ വലിയ ദുരിതത്തിലാണ്. വാഹനമുള്ളവർക്ക് ഭാരിച്ച ഇന്ധനച്ചെലവുമാണ്.
ശ്രീനാഥ് അടൂർ, യാത്രക്കാരൻ.