bomb
അറസ്റ്റിലായ അലക്‌സാണ്ടർ ജോസ്

തിരുവല്ല: പെട്രോൾ ബോംബെറിഞ്ഞ് മൊബൈൽ ഫോൺ കട തകർത്ത കേസിലെ പ്രതി ഒരു വർഷത്തിന് ശേഷം പിടിയിലായി. കോട്ടത്തോട് പുതുവേലിൽ വീട്ടിൽ അലക്സാണ്ടർ ജോസ് (36) നെയാണ് അറസ്റ്റുചെയ്തത്. 2019 സെപ്തംബർ മൂന്നിന് രാത്രി എട്ടിന് പുഷ്പഗിരി റയിൽവേ ക്രോസിനു സമീപമുള്ള ജോജി വർഗീസിന്റെ മൊബൈൽ കടയ്ക്ക് നേരെയായിരുന്നു ആക്രമണം. അലക്സാണ്ടർക്ക് കടമായി മൊബൈൽ ഫോൺ റീചാർജ് ചെയ്ത് നൽകാത്തതിലുള്ള വൈരാഗ്യം മൂലമായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. സംഭവശേഷം കോഴിക്കോട്, വയനാട് മേഖലകളിൽ ഇയാൾ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. തിരുവല്ലയിലേക്ക് വരുംവഴി ഞായറാഴ്ച രാത്രി ചങ്ങനാശേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നാണ് സി.ഐ പി.എസ് വിനോദ്, എസ്.ഐ.മാരായ അനീസ്, കെ.എസ്. അനിൽ, സി.പി.ഒ മാരായ എം.എസ് മനോജ്കുമാർ, വി.എസ് വിഷ്ണുദേവ്, രജ്ഞിത് രമണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. റിമാൻഡ് ചെയ്തു.