 
അടൂർ: ആദ്യക്ഷരം കുറിക്കുന്നതിൽ പഴകുളം പൊന്മാന കിഴക്കേതിൽ സാറാ ഉമ്മാളിന് പ്രായം പ്രശ്നമേ ആയിരുന്നില്ല. 96 -ാം വയസ്സിൽ വിജയദശമി നാളിൽ ഹരി ശ്രീ... കുറിച്ചു. ഇപ്പോൾ 107-ാം വയസ്സിൽ വിദ്യാരംഭ ദിനത്തിൽ കമ്പ്യൂട്ടർ പഠനത്തിനും തുടക്കമിട്ടു. രണ്ട് ചടങ്ങിനും പഴകുളം സ്വരാജ് ഗ്രന്ഥശാലയാണ് വേദിയായത്. യുവകവിയും അദ്ധ്യാപകനുമായ വിനോദ് മുമ്പുഴ കൈപിടിച്ച് ലാപ്ടോപ്പിലെ കീബോർഡിൽ അക്ഷരങ്ങൾ ഒന്നൊന്നായി ടൈപ്പ് ചെയ്യിപ്പിച്ചപ്പോൾ മക്കളും ചെറുമക്കളും സാക്ഷിയായി.
96-ാം വയസിലാണ് സാറാ ഉമ്മാളിന് മലയാളം അക്ഷരങ്ങൾ പഠിക്കാൻ ആഗ്രഹം തോന്നിയത്. അന്ന് വിദ്യാരംഭ ദിനത്തിൽ പ്രൊഫ. കടമ്മനിട്ട വാസുദേവൻപിള്ള ആദ്യക്ഷരം എഴുതിച്ചു. തുടർന്ന് ഗ്രന്ഥശാലയുടെ മേൽനോട്ടത്തിൽ നടത്തിയ സാക്ഷരതാ ക്ളാസ്സിൽ തുല്യതാ പഠിതാവായി പരീക്ഷ എഴുതി.
കൊച്ചുമക്കൾ ലാപ്ടോപ്പ് ഉപയോഗിക്കുന്നത് കണ്ടപ്പോഴാണ് കമ്പ്യൂട്ടർ സാക്ഷരത നേടണമെന്ന ആഗ്രഹമുണ്ടായത്.
മകൻ നൂർദ്ദീനും ഭാര്യ സലീനയും വിവരം ഗ്രന്ഥശാലാ ഭാരവാഹികളെ അറിയിച്ചു. പ്രായം തളർത്താത്ത പഠനാവേശം തിരിച്ചറിഞ്ഞ ഗ്രന്ഥശാലാ പ്രവർത്തകർ കമ്പ്യൂട്ടർ പഠനത്തിന് വഴിയൊരുക്കി. ഗ്രന്ഥശാലയ്ക്ക് സമീപത്തുതന്നെയാണ് ഇവരുടെ വീട്. പ്രായത്തിന്റെ അവശതകളില്ലാത്ത സാറാ ഉമ്മാളിന് കമ്പ്യൂട്ടർ സാക്ഷരതാ പഠനം വീട്ടിൽ തന്നെ നൽകാനാണ് തീരുമാനമെന്ന് ഗ്രന്ഥശാലാ പ്രസിഡന്റ് മീരാസാഹിബ് പറഞ്ഞു. ഗ്രന്ഥശാലാ ജോയിന്റ് സെക്രട്ടറി ഇസ്മയിൽ, ലൈബ്രറി കൗൺസിൽ താലൂക്ക് അംഗം അൻവർഷാ, ആശാവർക്കർ സെലീന എന്നിവരും ഇന്നലെ നടന്ന ചടങ്ങിൽ പങ്കെടുത്തു. സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ് ജിയും മുരളി കുടശ്ശനാടും ആശംസ അർപ്പിച്ചു.