mlpy
മല്ലപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കുട്ടി​കളെ എഴുത്തിനിരുത്തുന്നു

പത്തനംതിട്ട: ജില്ലയിൽ നൂറ് കണക്കിന് കുഞ്ഞുങ്ങൾ ഇന്നലെ വിദ്യാരംഭം കുറിച്ചു. കൊവിഡ് സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഉള്ളതിനാൽ പ്രധാന ക്ഷേത്രങ്ങളിലും വീടുകളിലുമായിരുന്നു ചടങ്ങുകൾ. വീടുകളിൽ പൂജയെടുപ്പിന് ശേഷം സരസ്വതി ദേവിയുടെ വിഗ്രഹത്തിന് മുന്നിൽ നിലവിളക്കു കൊളുത്തി പ്രാർത്ഥനയോടെയായിരുന്നു കുട്ടികളെ എഴുത്തിനിരുത്തിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ക്ഷേത്രങ്ങളിലെ ചടങ്ങുകൾ. എഴുത്തുകാരുടെയും കലാകാരൻമാരുടെയും വീടുകളിൽ ആദ്യക്ഷരം കുറിക്കാൻ കുട്ടികളുമായി രക്ഷിതാക്കൾ എത്തിയിരുന്നു.

മല്ലപ്പള്ളി : താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിച്ചു. മഹാകവി വെണ്ണിക്കുളം സ്മാരക കൗൺസിൽ ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി.പി. ഉണ്ണിക്കൃഷ്ണൻ നായർ കുരുന്നുകളെ ആദ്യക്ഷരങ്ങൾ എഴുതിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞുകോശി പോൾ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ. ജിനോയ് ജോർജ്ജ്, സെക്രട്ടറി തോമസ് മാത്യു, ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോസ് കുറഞ്ഞൂർ, താലൂക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം രമേശ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.